Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ലണ്ടൻ: ന്യൂയോർക് മേയർ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ സമയത്തുണ്ടായ മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളെ സൊഹ്‌റാൻ മംദാനി കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ. ടൈംസിൽ എഴുതിയ ലേഖനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ബ്രോങ്ക്സിലെ ഒരു പള്ളിക്ക് മുന്നിൽ നിന്ന് സൊഹ്‌റാൻ മംദാനി നടത്തിയ പ്രസംഗത്തെക്കുറിച്ചാണ് ഖാൻ ആദ്യം പറയുന്നത്. 'ഒരു റേഡിയോ അവതാരകൻ 'മറ്റൊരു 9/11 വന്നാൽ സൊഹ്‌റാൻ ആഹ്ലാദിക്കും' എന്ന് ആരോപിച്ചതിന് ശേഷമായിരുന്നു ആ പ്രസംഗം. മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾക്കിടയിലും തന്റെ വിശ്വാസത്തിൽ അഭിമാനിക്കുന്നുവെന്നും, മുസ്‌ലിംകൾക്കെതിരായ ഭയത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചും മംദാനി തുറന്നടിച്ചു.' സാദിഖ് ഖാൻ അഭിപ്രായപ്പെട്ടു.
താൻ ഒരു 'മുസ്‌ലിം രാഷ്ട്രീയക്കാരനല്ല', മറിച്ച് 'മുസ്‌ലിമായ ഒരു രാഷ്ട്രീയക്കാരൻ' മാത്രമാണെന്നും സാദിഖ് ഖാൻ ഓർമിപ്പിച്ചു. തന്റെ തെരഞ്ഞെടുപ്പ് ജയം മതവിശ്വാസം കൊണ്ടല്ല, നഗരത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ജനങ്ങളുടെ വിശ്വാസം കൊണ്ടാണ്. എന്നാൽ എതിരാളികൾ എപ്പോഴും തന്റെ മതത്തെ മാത്രം ചർച്ച ചെയ്തു. ഏറ്റവും ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് തന്നെ യുഎൻ പൊതുസമ്മേളനത്തിൽ 'ലണ്ടനിൽ ഷരീഅത്ത് നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നു' എന്നും ആരോപിച്ചു. എന്നാൽ ഇത്തരം വിഷലിപ്തമായ രാഷ്ട്രീയത്തിന് ലണ്ടനിലും ന്യൂയോർക്ക് സിറ്റിയിലും ഇടം ലഭിക്കില്ലെന്നും സാദിഖ് ഖാൻ പറഞ്ഞു.
രണ്ട് നഗരങ്ങളിലും ഇപ്പോൾ മുസ്‌ലിം മേയറുകളാണ് ഉള്ളതെന്നും തങ്ങൾ തങ്ങളുടെ വിശ്വാസം കാരണമല്ല വോട്ടർമാരുടെ ആശങ്കകൾ അഭിസംബോധന ചെയ്തതിനാലാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നഗരവാസികൾക്ക് നിങ്ങളുടെ കുടുംബം എവിടെനിന്ന് വന്നുവെന്നോ ഏത് ദൈവത്തെ ആരാധിക്കുന്നുവെന്നോ പ്രധാനമല്ല. അവർക്ക് ആവശ്യം പരിസ്ഥിതി സൗഹൃദ നഗരം, നീതിയുക്തമായ സമൂഹം, ജീവിതച്ചെലവ് പ്രതിസന്ധിക്ക് പരിഹാരം, എല്ലാവരെയും ഉൾക്കൊള്ളുന്ന സമ്പദ്‌വ്യവസ്ഥ എന്നതാണ് പ്രധാനം' അദ്ദേഹം എഴുതി.
'സൊഹ്‌റാൻ മംദാനിയും താനും എല്ലാ കാര്യത്തിലും യോജിക്കണമെന്നില്ല. പക്ഷേ ഒരു കാര്യത്തിൽ ഒന്നിക്കുന്നു; രാഷ്ട്രീയത്തിന് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണത്. ആരായാലും എവിടെനിന്ന് വന്നാലും എന്തുവേണമെങ്കിലും നേടാമെന്ന സ്വപ്നം ഇപ്പോഴും ജീവനോടെയിരിക്കുന്ന നഗരങ്ങളാണ് ലണ്ടനും ന്യൂയോർക്കും. ആ സ്വപ്നത്തെ സംരക്ഷിക്കാനുള്ള നയങ്ങൾ കൊണ്ടുവരികയാണ് ഞങ്ങളുടെ ദൗത്യം.' സാദിഖ് ഖാൻ അവസാനിപ്പിച്ച് എഴുതി.