വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പുകൾ പൊളിച്ചുനീക്കാൻ പദ്ധതിയിട്ട് ഇസ്രായേൽ
ക്യാമ്പുകൾ പൊളിച്ചുമാറ്റി സൈനിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് പദ്ധതിയിടുന്നത്
ജെറുസലേം: വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ, തുൽക്കർ എന്നീ അഭയാർഥി ക്യാമ്പുകൾ ഇസ്രായേൽ പൊളിച്ചുനീക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമമായ വല്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്രദേശങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഇസ്രായേൽ സൈന്യം പാടുപെടുകയാണ്. ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ തന്ത്രപ്രധാന മേഖലയായിട്ടാണ് ഇസ്രായേൽ ഇതിനെ കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുമ്പ് സൈന്യം ഇവിടെ സൈനിക നടപടികൾക്ക് ശ്രമിക്കുമ്പോഴെല്ലാം രഹസ്യ യൂനിറ്റുകളെയാണ് അയക്കാറ്. ഇത് പലപ്പോഴും സൈനികരെ വലിയ അപകടത്തിൽ ചാടിച്ചിരുന്നു. അതിനാൽ തന്നെ ക്യാമ്പുകൾ പൊളിച്ചുമാറ്റി സൈനിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് ഇസ്രായേൽ സൈനിക നേതൃത്വം പദ്ധതിയിടുന്നത്.
ഇസ്രായേൽ സെൻട്രൽ കമ്മാൻഡ് ജനറൽ എവി ബ്ലോട്ടിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. പുതിയ റോഡുകൾ നിർമിക്കാനും നിലവിലുള്ളത് വീതികൂട്ടാനും സൈന്യത്തിന് പദ്ധതിയുണ്ട്. ഇതിനായി കൂടുതൽ സൈനികരെ ഇവിടെ വിന്യസിക്കും. ജെനിൻ, തുൽക്കർ എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടികളിൽ 88 ഫലസ്തീനികൾ കൊല്ലപ്പെടുകയും മുന്നൂറോളം പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2023 ഒക്ടോബർ ഏഴിന് ശേഷം അനധികൃത കുടിയേറ്റക്കാരും ഇസ്രായേൽ സൈന്യവും വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് അധിനിവേശ വെസ്റ്റ് ബാങ്കിൽ അഴിച്ചുവിടുന്നത്. ഇതുവരെ ഇവിടെ 939 ഫലസ്തീനികൾ കൊല്ലപ്പെടുകയും ഏഴായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നത് നിയമവിരുദ്ധമാണെന്നും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും അനധികൃത കുടിയേറ്റക്കാർ ഒഴിഞ്ഞുപോകണമെന്നും 2024 ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.