വെടിനിർത്തലെന്ന ട്രംപിന്റെ പ്രഖ്യാപനം: തെൽഅവീവിൽ ബന്ദികളുടെ ബന്ധുക്കളുടെ ആഹ്ലാദപ്രകടനം
ട്രംപിന്റെ ചിത്രങ്ങളുയർത്തിയും അമേരിക്കയുടെയും ഇസ്രായേലിന്റെയും പതാകകൾ വീശിയുമൊക്കെയാണ് സന്തോഷപ്രകടനങ്ങൾ
തെല്‍അവിവ് : ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തെല്‍ അവീവിലെ 'ഹോസ്റ്റേജസ് സ്ക്വയറിൽ' ബന്ദികളുടെ ബന്ധുക്കളുടെ ആഹ്ലാദപ്രകടനം.
ട്രംപിന്റെ ചിത്രങ്ങളുയര്‍ത്തിയും അമേരിക്കയുടെയും ഇസ്രായേലിന്റെയും പതാകകള്‍ വീശിയുമൊക്കെയാണ് സന്തോഷപ്രകടനങ്ങള്‍. കഴിഞ്ഞ രണ്ട് വർഷമായി ബന്ദികളുടെ മോചനത്തിനായി ഇസ്രയേലിലെങ്ങും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നവരാണിവര്‍. നെതന്യാഹു സര്‍ക്കാറിനെതിരെയും രൂക്ഷവിമര്‍ശനമായിരുന്നു ബന്ദികളുടെ ബന്ധുക്കള് ഉയര്‍ത്തിയിരുന്നത്.
ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് അറിയിച്ചത്. വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരൂകൂട്ടരും ധാരണയിലെത്തിയെന്നായിരുന്നു പ്രഖ്യാപനം.
എല്ലാ ബന്ദികളേയും ഉടൻ തന്നെ വിട്ടയക്കുമെന്നും ഇസ്രയേൽ തങ്ങളുടെ സൈന്യത്തെ എത്രയും പെട്ടെന്ന് ഒരു നിശ്ചിത രേഖയിലേക്ക് പിൻവലിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ചരിത്രപരമായ നടപടിയാണിത്. സമാധാന ചർച്ചയ്ക്ക് ഇടനില വഹിച്ച ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നു- ട്രംപ് പറഞ്ഞു. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ഈജിപ്തിലെ കയ്‌റോയില്‍ ആരംഭിച്ച സമാധാനചർച്ചയുടെ മൂന്നാംദിനത്തിലാണ് സമാധാന ചർച്ചയുടെ ആദ്യഘട്ടം വിജയകരമെന്ന് ട്രംപ് അവകാശപ്പെട്ടത്.