ബ്രസീൽ ഇതിഹാസങ്ങളും ഇന്ത്യൻ ഇതിഹാസങ്ങളും നേർക്കുനേർ; മത്സരം രാത്രി 7ന്
ചെന്നൈ: ഒരു കാലത്ത് ഫുട്ബോൾ മൈതാനങ്ങളെ വിറപ്പിച്ചിരുന്ന ബ്രസീൽ ഇതിഹാസങ്ങൾ ഇന്ത്യയിൽ പന്തുതട്ടാനിറങ്ങുന്നു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7 മണിക്ക് ഇന്ത്യൻ ആൾസ്റ്റാർ സംഘത്തിനെതിരെയാണ് മത്സരം.
റൊണാൾഡീന്യോ, റിവാൾഡോ, കഫു, ഗിൽബർട്ടോ സിൽവ, എഡ്മിൽസൺ, മാഴ്സെലോ, വിയോല, ലൂസിയോ അടക്കമുള്ള പ്രമുഖ താരങ്ങൾ ബ്രസീൽ ജഴ്സിയണിയും. മുൻ ബ്രസീൽ താരവും കോച്ചുമായ ദുംഗയാണ് പരിശീലകൻ.
മലയാളി താരം ഐഎം വിജയനാണ് ഇന്ത്യൻ ആൾസ്റ്റാർ ടീമിനെ നയിക്കുന്നത്. മെഹ്താബ് ഹുസൈൻ, സയിദ് റഹീം നബി, എൻപി പ്രദീപ്, സുഭാഷിക് റോയ് ചൗധരി, അർനബ് മൊണ്ടാൽ, കരൺജിത്ത് സിങ്, ഷൺമുഖം വെങ്കിടേഷ് അടക്കമുള്ളവരാണ് ഇന്ത്യക്കായി ജഴ്സിയണിയുന്നത്. മുൻ ഇന്ത്യൻ താരം പ്രസന്ത ബാനർജിയാണ് പരിശീലകൻ.
മത്സരം പ്രമാണിച്ച് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്കുള്ള മെട്രോ ട്രെയിൻ ടിക്കറ്റുകൾ സൗജന്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഫുട്ബോൾ വളർത്തുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഫുട്ബോൾ പ്ലസ് അക്കാഡമിയാണ് പ്രദർശന മത്സരം സംഘടിപ്പിക്കുന്നത്. ഫാൻകോഡ് ആപ്പ് വഴിയും വെബ്സൈറ്റിലൂടെയും മത്സരം തത്സമയം വീക്ഷിക്കാം.