വീണ്ടും എൽക്ലാസികോ ഫൈനൽ; അത്‌ലറ്റികോയെ തോൽപിച്ച് ബാഴ്‌സ കോപ ഡെൽറെ കലാശകളിക്ക്, 1-0
റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ഫൈനലിലെത്തിയത്
മാഡ്രിഡ്: കോപാ ഡെൽ റേ സെമിഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനെ ബാഴ്സലോണ തോൽപ്പിച്ചതോടെ സീസണിലെ മൂന്നാം എൽക്ലാസികോയ്ക്ക് കളമൊരുങ്ങി. രണ്ടാംപാദ സെമിയിൽ ഫെറാൻ ടോറസ് നേടിയ ഏകഗോളിലാണ് കറ്റാലൻ സംഘം കലാശക്കളിക്ക് യോഗ്യതനേടിയത് (അഗ്രിഗേറ്റ് 5-4). ഈമാസം 26ന് സെവിയ്യയിലാണ് ഫൈനൽ. നേരത്തെ റയൽ സോസിഡാഡിനെ പരാജയപ്പെടുത്തി റയൽ നേരത്തെ ടിക്കറ്റുറപ്പിച്ചിരുന്നു. സൂപ്പർകപ്പ് ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബാഴ്‌സക്കൊപ്പമായിരുന്നു ജയം.
ആദ്യപാദത്തിൽ ഇരുടീമുകളും 4-4 സമനില പാലിച്ചതോടെ രണ്ടാംപാദം നിർണായകമാകുകയായിരുന്നു. അത്റ്റികോ തട്ടകമായ മെട്രോപൊളിറ്റാനോയിൽ 27ാം മിനിറ്റിലാണ് ഫെറാൻ ടോറസ് ബാഴ്‌സക്കായി ഗോൾനേടിയത്. ലമീൻ യമാലിന്റെ അസിസ്റ്റിലായിരുന്നു ഗോൾ. ഈ വർഷം തോൽവിയറിയാതെയാണ് ബാഴ്‌സയുടെ കുതിപ്പ്. കോപ ഡെൽറേയിൽ നിന്ന് കൂടി പുറത്തായതോടെ അത്‌ലറ്റികോ മാഡ്രിഡിന്റെ ഈ വർഷത്തെ കിരീട പ്രതീക്ഷകൾ അവസാനിച്ചു.