വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യയിലേക്കില്ല; നിലപാട് വ്യക്തമാക്കി പാകിസ്താൻ
പാകിസ്താൻ ആതിഥേയത്വം വഹിച്ച ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബൈയിലായിരുന്നു നടന്നത്
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്കെത്തില്ലെന്ന് വ്യക്തമാക്കി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്(പിസിബി). നേരത്തെയുള്ള ധാരണയനുസരിച്ച് ഹൈബ്രിഡ് മോഡലിൽ നിഷ്പക്ഷ വേദിയിലാകും പാകിസ്താൻ ടീം കളിക്കുകയെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് നടന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ പുരുഷ ടീം പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം നിഷ്പക്ഷ വേദിയായ ദുബൈയിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടന്നത്. ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കുകയും ചെയ്തു
2027 വരെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷവേദിയിലാകും നടക്കുകയെന്ന് നേരത്തെ ഉന്നത തലത്തിൽ ധാരണയിലെത്തിയിരുന്നു. ഈ വർഷം സെപ്തംബർ 29 മുതലാണ് വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കുക. അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പുരുഷ ടി20 ലോകകപ്പിൽ പാകിസ്താന്റെ മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാകും നടക്കുക