വീണ്ടും ചേസ് മാസ്റ്റർ കോഹ്‌ലി; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു
ജയത്തോടെ ആർസിബി പോയന്റ് ടേബിളിൽ മൂന്നാംസ്ഥാനത്തേക്കുയർന്നു.
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റ് ജയം. പഞ്ചാബ് കിങ്‌സ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. കോഹ്‌ലി 73 റൺസുമായി പുറത്താകാതെ നിന്നു. ദിവസങ്ങൾക്ക് മുൻപ് സ്വന്തം തട്ടകമായ ചിന്നസ്വാമിയിൽ പഞ്ചാബിനോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായിത്. 54 പന്തിൽ 7 ഫോറും ഒരു സിക്‌സറും സഹിതമാണ് വിരാട് കോഹ്‌ലി സീസണിലെ മറ്റൊരു അർധ സെഞ്ച്വറി കൂടി സ്വന്തമാക്കിയത്. ദേവ്ദത്ത് പടിക്കൽ(35 പന്തിൽ 61) മികച്ച പ്രകടനം പുറത്തെടുത്തു. പഞ്ചാബിനായി യുസ്വേന്ദ്ര ചഹൽ, ഹർപ്രീത് സിങ് ബ്രാർ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആർസിബിയുടെ തുടക്കം മികച്ചതായില്ല. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെ(1) മടക്കി അർഷ്ദീപ് സിങ് പഞ്ചാബിന് പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട്-ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് പഞ്ചാബിന്റെ സ്വപ്‌നങ്ങൾ തല്ലികെടുത്തി. പതിയെ തുടങ്ങിയ ഇരുവരും ഗിയർമാറ്റി കുതിച്ചതോടെ പവർപ്ലെ ഓവറുകളിൽ ആർസിബി 50 കടന്നു. ഒടുവിൽ 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി 13ാം ഓവറിൽ ദേവ്ദത്ത് പടിക്കൽ(61) മടങ്ങുമ്പോൾ ബെംഗളൂരു വിജയത്തോടടുത്തിരുന്നു. നിരവധി മത്സരങ്ങളിൽ ബെംഗളൂരു ചേസിങ് മാസ്റ്ററായ വിരാട് കോഹ്‌ലി മറ്റൊരു മാച്ച് കൂടി വരുതിയിലാക്കി. ക്യാപ്റ്റൻ രചത് പടിദാർ(12)പുറത്തായ മറ്റൊരു ബാറ്റർ.
നേരത്തെ സ്വന്തം തട്ടകമായ മുള്ളൻപൂർ സ്റ്റേഡിയത്തിൽ ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ പ്രിയാൻഷ് ആര്യ (15 പന്തിൽ 22) പ്രഭ്സിമ്രാൻ സഖ്യം 42 റൺസ് കൂട്ടിചേർത്തു. എന്നാൽ പ്രിയാൻഷിനെ മടക്കി ക്രൂണാൽ പാണ്ഡ്യ ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. പിന്നാലെ പ്രഭ്‌സിമ്രാനെയും പുറത്താക്കി താരം പഞ്ചാബിന് ഇരട്ടപ്രഹരമേൽപ്പിച്ചു. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെ (6) റൊമാരിയോ ഷെപ്പേർഡ് പുറത്താക്കുകയും നെഹൽ വധേര (5) റണ്ണൗട്ടാവുകയും ചെയ്തതോടെ പഞ്ചാബ് ഒരു ഘട്ടത്തിൽ നാലിന് 76 എന്ന നിലയിലായി.
പിന്നീട് ജോഷ് ഇൻഗ്ലിസ് (27) ശശാങ്ക് സിംഗ് (33 പന്തിൽ 31) സഖ്യം 36 റൺസ് കൂട്ടിചേർത്തു. എന്നാൽ 13-ാം ഓവറിൽ ഇൻഗ്ലിസിനെ ബൗൾഡാക്കി സുയഷ് ആർസിബിക്ക് ബ്രേക്ക്ത്രൂ നൽകി. അതേ ഓവറിൽ മാർകസ് സ്റ്റോയിനിസും (1) ബൗൾഡായതോടെ പഞ്ചാബ് പ്രതിരോധത്തിലായി. അവസാന ഓവറുകളിൽ ശശാങ്ക് സിങിനൊപ്പം മാർകോ ജാൻസൻ (20 പന്തിൽ 25) അക്രമിച്ച് കളിച്ചതോടെയാണ് സ്‌കോർ 150 കടന്നത്. ആർസിബിക്കായി ക്രുണാൽ പാണ്ഡ്യയും സൂയഷ് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.