എന്നെ ചീത്തവിളിക്കരുത്, ഇപ്പോൾ ബാറ്റിങ് എളുപ്പം. മഗ്രാത്ത്, അക്രം, പൊള്ളോക്ക്, ഡൊണാൾഡ് എന്നിവരോടൊപ്പം പറയാൻ പറ്റിയ എത്ര പേരുകൾ ഇന്നുണ്ട് -കെവിൻ പീറ്റേഴ്സൺ
ലണ്ടൻ: ഇംഗ്ലീഷ് താരം ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ രണ്ടാമതെത്തിയതിന് പിന്നാലെ പ്രതികരണവുമായി മുൻ താരം കെവിൻ പീറ്റേഴ്സൺ. വർത്തമാന കാലത്തെ ബാറ്റിങ് എളുപ്പമാണെന്ന് അഭിപ്രായപ്പെട്ട പീറ്റേഴ്സൺ മുൻകാല ബൗളർമാർക്കൊത്തവർ ഇന്നില്ലെന്നും അഭിപ്രായപ്പെട്ടു.
‘‘എന്നെ ചീത്ത വിളിക്കരുത്. 20-25 വർഷം മുമ്പുള്ളതിനേക്കാൾ എളുപ്പമാണ് ഇപ്പോഴത്തെ ബാറ്റിങ്. നിലവിലുള്ളതിനേക്കാൾ ഇരട്ടി കഠിനമായിരുന്നു അന്നത്തെ ബാറ്റിങ്.
‘‘ വഖാർ, അക്തർ, മുഷ്താഖ്, കുംെബ്ല, ശ്രീനാഥ്, ഹർഭജൻ, ഡൊണാൾഡ്, പൊള്ളോക്ക്, ക്ലൂസ്നർ, ഗഫ്, മഗ്രാത്ത്, ലീ, വോൺ, ഗില്ലസ്പി, ബോണ്ട്, വെറ്റോറി, കെയിൻസ്, ചമിന്ദ വാസ്, മുരളി, ആംബ്രോസ്, വാൽഷ് എന്നിങ്ങനെ നീളുന്ന ഒരുപാട് പേർ അന്നുണ്ടായിരുന്നു’’
‘‘ഞാൻ പറഞ്ഞ ഈ 22 പേരുകൾക്കൊപ്പം വെക്കാൻ പോന്ന വർത്തമാനകാലത്തെ പത്ത് ബൗളർമാരുടെയെങ്കിലും പേര് പറയാമോ?’’ -പീറ്റേഴ്സൺ സമൂഹമാധ്യമമായ ‘എക്സിൽ’ പ്രതികരിച്ചു.
എന്നാൽ പീറ്റേഴ്സന്റെ അഭിപ്രായത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാർക്ക്, കമ്മിൻസ്, മോർക്കൽ ലിയോൺ, അശ്വിൻ, റബാദ, ആൻഡേഴ്സൺ അടക്കമുള്ള നിരവധി ബൗളർമാർ അവർക്ക് ശേഷവും ഉണ്ടായിട്ടുണ്ട് എന്നാണ് അവരുടെ ഓർമപ്പെടുത്തൽ.