എതിരാളിയല്ല, പോരാളിയാണ് സ്റ്റോക്സ്
സൈന്യാധിപനില്ലാത്ത യുദ്ധം. കെന്നിങ്ടൺ ഓവലിൽ അഞ്ചാം ടെസ്റ്റിന് കൊടി ഉയരുമ്പോൾ ആ സ്വർണത്തലമുടിക്കാരനെ മിസ് ചെയ്യുന്നുണ്ട്. എന്ത് മിസിങ്, ആർക്ക് മിസിങ് എന്നൊന്നും ചോദിക്കരുത്. ഇന്ത്യൻ വ്യൂപോയന്റിൽ അയാളൊരു എതിരാളിയായിരിക്കാം. പക്ഷേ ഈ പരമ്പരയിൽ ഉടനീളം അയാൾ നടത്തിയത് ഒന്നൊന്നര പോരാട്ടമായിരുന്നു. ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സ് ഹൈ വോൾട്ടേജിൽ നിന്നു കത്തിയ മറ്റൊരു പരമ്പര.
സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആന്റേഴ്സനും വിരമിച്ചു പോയി. ജോഫ്ര ആർച്ചർക്ക് സ്ഥിരതയില്ല. മാർക്ക് വുഡ് പുറത്താണ്. ആരുമില്ലാത്തപ്പോൾ ബൗളിങ്ങിന്റെ അമരത്വം അയാൾ സ്വയം ഏറ്റെടുത്തു. ക്യാപ്റ്റൻസി സമ്മർദ്ദവും തോളിലെ വേദനയും മറന്ന് ബെൻസ്റ്റോക്സ് എറിഞ്ഞിട്ടത് 17 വിക്കറ്റുകൾ. പരമ്പരയിലെ മറ്റേതൊരു ബൗളറേക്കാളും മുന്നിൽ. കൂടെ 43 ശരാശരിയൽ 304 റൺസും അടിച്ചുകൂട്ടി. പോയ ടെസ്റ്റിൽ സെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടിയ താൻ ഒരു പെർഫെക്റ്റ് ഓൾറൗണ്ടറാണെന്ന് ലോകത്തോട് വിളിച്ചുപറയുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ 7000 ത്തിലധികം റൺസും 200ലധികം വിക്കറ്റും നേടി ജാക് കാലിസ്, ഗാരി സൊബേഴ്സ് എന്നീ അതികായരുടെ നിരയിലേക്കും അയാൾ കടന്നു ചെന്നു.
വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ഇന്ത്യക്കായി കോട്ട കെട്ടുമ്പോൾ അപേക്ഷയുടെ സ്വരവുമായി വന്ന സ്റ്റോക്സിന്റെ ചിത്രം വൈറലാണ്. പക്ഷേ ഈ സീരീസിൽ ഉടനീളം സ്റ്റോക്സ് കാണിച്ച പോരാട്ട വീര്യം ഈ പരമ്പരയുടെ മൊത്തം ഗ്രാഫ് ഉയർത്തിയിട്ടുണ്ട് എന്നതാണ് വസ്തുത. പരിക്കിന്റെ വക്കിലൂടെയാണ് ഓരോ ഓവറുകളും അയാൾ എറിഞ്ഞുതീർത്തത്. പക്ഷേ തോൾ വേദന അയാളുടെ പന്തുകളുടെ മൂർച്ചയെ ഒട്ടും ബാധിച്ചുമില്ല.
‘‘You're the most competitive bloke I have ever played against. Respect..’’ 2022ൽ സ്റ്റോക്സ് അപ്രതീക്ഷിതമായി ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുമ്പോൾ കോഹ്‍ലി കമന്റ് ചെയ്ത ഈ വാചകം അയാൾ ക്രിക്കറ്റ് എന്ന കളിക്ക് എത്രത്തോളം വീര്യമേറ്റി എന്നതിന്റെ സാക്ഷ്യമാണ്.
അയാളല്ലെങ്കിലും എന്നും അങ്ങനെത്തന്നെയാണ്. എല്ലാം കത്തിത്തീർന്നെന്ന് കരുതുമ്പോൾ ചാരത്തിൽ നിന്നും എണീറ്റ് വരുന്നവൻ. സമ്മർദങ്ങളിൽ ശാന്തനായി നിലനിൽക്കും, തകർച്ചകളിൽ ഒരറ്റത്ത് കോട്ടകാക്കും. എ റിയൽ ഫൈറ്റർ. എ കംപ്ലീറ്റ് ക്രിക്കറ്റർ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കാണാൻ വന്ന ഫുട്ബോൾ ആരാധകരെ സ്റ്റേഡിയത്തിലെ ടിവിയിൽ ക്രിക്കറ്റ് കാണിച്ച ചരിത്രമുണ്ടയാൾക്ക്. ഒമ്പതാം വിക്കറ്റും പോകുമ്പോൾ ജയത്തിന് ഏറെ അകലെയായിരുന്നു അന്ന് ഇംഗ്ലണ്ട്. അതും ബദ്ധവൈരികളായ ഓസീസിന് മുന്നിൽ ആഷസ് പരമ്പരയിൽ. അവിടെവെച്ച് ഇംഗ്ലണ്ടിന്റെ പത്താമനായ ജാക്ക് ലീഷിനെയും കൂട്ടുപിടിച്ച് അയാൾ ഒറ്റയാൾ പോരാട്ടം നടത്തുകയാണ്. ഹെഡിങ്‍ലി സ്റ്റേഡിയത്തെയും ഇംഗ്ലണ്ടിലെ പബ്ബുകളുളെയും മുൾമുനയിൽ നിർത്തി ബെഞ്ചമിൻ സ്റ്റോക്സ് ആടിത്തീർത്ത മഹാനടനം.ഹെഡിംഗ്ലിയിലെ ബൗളർമാരെ തുണക്കുന്ന പിച്ചിൽ പതിനൊന്നാമനെയും കൂട്ടുപിടിച്ച് ബെൻ സ്റ്റോക്ക്സ് എത്ര നേരം പിടിച്ചു നിൽക്കും എന്നായിരുന്നു കമൻററി ബോക്സടക്കം ചോദിച്ചത്. പക്ഷേ സ്വിച്ച് ഹിറ്റും റിവേഴ്സ്സ്വീപ്പും തകർപ്പൻ ഡ്രൈവുകളും ആ ഇന്നിങ്സിന് നിറം ചാർത്തി. കടുത്ത സമ്മർദത്തിനിടയിലും ബാറ്റിംഗ് ഉത്സവമാക്കിയ സ്റ്റോക്സിെൻറ ബാറ്റിൽ നിന്നും പിറന്നത് 11ബൗണ്ടറിയും എട്ടു സിക്സറുകളുമാണ്. നാലുദിവസത്തിനിടയിൽ ഇരുടീമുകളിലുമായി 20 ബാറ്റർമാർ ഇരുവട്ടം ബാറ്റ് ചെയ്തിട്ടും ഒരു സിക്സർപോലും കുറിക്കാതിരുന്ന മൈതാനമാണ് സ്റ്റോക്സ് തന്റേതാക്കിയത്. ഒടുവിൽ പാറ്റ് കമ്മിൻസിനെ ബൗണ്ടറിയിലേക്ക് പറത്തി വിജയറണ്ണിനായി കൈയ്യടിക്കുന്ന സ്റ്റോക്സിന്റെ ആ ചിത്രം ഐക്കോണിക്കായി മാറി.
2016 ട്വന്റി 20 ലോകകപ്പ് ഫൈനലിൽ കാർലോസ് ബ്രാത്ത് വെയിറ്റ് തുടരെ നാല് സിക്സറുകളടിച്ച് ആഘോഷിക്കുമ്പോൾ ചുവന്ന മുഖവുമായി മൈതാനത്തിരുന്ന സ്റ്റോക്സിനെ എല്ലാവർക്കും ഓർമയുണ്ട്. അത്തരമൊരു പ്രഹരം ഒരാളുടെ കോൺഫിഡൻസിനെ മൊത്തം തകർക്കേണ്ടതാണ്. പക്ഷേ 2019 ഏകദിന ലോകകപ്പിന്റെ ഫൈനലിലും ഏതാനും മാസങ്ങൾക്ക് ശേഷമുള്ള ആഷസിലും അയാൾ ഒറ്റയാൾ പട്ടയാളമായി. അയാളുടെ വീരോചിത ചെറുത്തുനിൽപ്പുകളാൽ ക്രിക്കറ്റ് ബ്രിട്ടീഷ് പത്രങ്ങളിലെ ഒന്നാം പേജുകളിലേക്ക് മടങ്ങിയെത്തി. ഇയാൻ ബോത്തമിനും ആൻഡ്രൂ ഫ്ളിന്റോഫിനും ശേഷം മറ്റൊരു ക്രിക്കറ്റർ കൂടി ഇംഗ്ലീഷുകാരുടെ മനം കവർന്നു. 2022 ട്വന്റി 20 ലോകകപ്പ് ഫൈനലിലെ ഇന്നിങ്സുമായി 2016ലെ തോൽവിക്ക് പ്രായശ്ചിത്തവും ചെയ്തു.
പരിശീലകനായ ബ്രൻഡൻ ബാസ് മക്കല്ലവും ക്യാപ്റ്റനായ ബെഞ്ചമിൻ സ്റ്റോക്സും ചേർന്നതോടെ നൂറ്റാണ്ട് ചരിത്രമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ തലവര തന്നെ മാറി. ലോകം അതിനെ ബാസ്ബാൾ എന്ന് വിളിച്ചു. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ജനിച്ച സ്റ്റോക്സിന്റെ കുടുംബത്തിന് ദുർമരണങ്ങളുടെയും ദുരന്തങ്ങളുടെയും കയ്പ്പുള്ള ഒരു ഭൂതകാലമുണ്ട്. ഒരിക്കൽ ഒരു ഇംഗ്ലീഷ് പത്രം അത് പ്രസിദ്ധീകരിച്ചപ്പോൾ സ്റ്റോക്സ് അതിനെതിരെ വികാരാധീതനായി പ്രതികരിക്കുകയും ദി സൺ അതിൽ മാപ്പ് പറയുകയും ചെയ്തു. ഒരു പക്ഷേ ഭൂതകാലത്തെ അനുഭവങ്ങൾ തന്നെയാകാം അയാളെ കൂടുതൽ കരുത്തനാക്കുന്നത്.