‘ഇടം കൈയ്യാൽ’ കോട്ടകെട്ടി ഇന്ത്യ; മാഞ്ചസ്റ്ററിൽ പൊലിഞ്ഞത് ഇംഗ്ലീഷ് മോഹങ്ങൾ
ഇതൊരു ഷേക്ക് ഹാൻഡിന്റെ കഥയാണ്. ഒരു ഒന്നൊന്നൊര ഷേക്ക് ഹാൻഡിന്റെ കഥ. ഈ കഥ നടക്കുന്നത് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിലാണ്.അവിടെ മത്സരം തീരാൻ സമയം ഇനിയുമേറെ ബാക്കിയുണ്ട്. പക്ഷേ കാര്യങ്ങൾ താൻ വിചാരിച്ച പോലെയല്ലെന്ന യാഥാർത്ഥ്യം ഇംഗ്ലീഷ് ക്യാപ്റ്റൻ സ്റ്റോക്സ് മനസ്സിലാക്കി തുടങ്ങി. തന്റെ പോരാട്ടവീര്യവും വാശിയും മാറ്റിവെച്ച് സ്റ്റോക്സ് കൈകൊടുക്കാനൊരുങ്ങി. സമനിലക്ക് ഒരുക്കമാണെന്നുള്ള ഒരു കീഴടങ്ങലല്ലായിരുന്നു അത്. കൂടുതൽ അപമാനം ഏറ്റുവാങ്ങാതെ മത്സരം അവസാനിപ്പിക്കുക എന്ന തന്ത്രം കൂടി അതിലുണ്ടായിരുന്നു. പക്ഷേ ജഡേജയും സുന്ദറും സ്റ്റോക്സിനോട് നോ പറഞ്ഞു. രണ്ട് വീരോചിത ഇന്നിങ്സുകൾക്ക് തിലകക്കുറിയാകാൻ സെഞ്ച്വറികൾ കൂടി വേണമെന്ന് അവരും ഇന്ത്യൻ ക്യാമ്പും തീരുമാനിച്ച് ഉറപ്പിച്ചതാണ്. ബെൻ സ്റ്റോക്സിന്റെയും ഇംഗ്ലീഷുകാരുടെയും അഭിമാനത്തെ വല്ലാതെ മുറിവേൽപ്പിച്ച നിമിഷങ്ങൾ. ചുവന്നുതുടുത്ത മുഖവുമായി സ്റ്റോക്സ് അമ്പർമാരോട് പരാതി പറഞ്ഞു. പക്ഷേ കളി മാത്രമല്ല, കളി നിയമങ്ങളും അവർക്കെതിരായിരുന്നു. മുറുമുറുത്തും വായിൽ തോന്നിയത് വിളിച്ചുപറഞ്ഞുമാണ് ഇംഗ്ലീഷുകാർ തിരിഞ്ഞുനടന്നത്.
ഇനി ഞങ്ങൾ കളിക്കും, നീയൊക്കെ കാണും എന്നായിരുന്നു ജഡേജയും സുന്ദറും പറഞ്ഞത്. ഒടുവിൽ ഇംഗ്ലീഷുകാരെ സാക്ഷിയാക്കി ഇരുവരും സെഞ്ച്വറി പൂർത്തിയാക്കി. 35 വർഷമായി ഒരു ഇന്ത്യക്കാരൻ പോലും സെഞ്ച്വറി നേടാത്ത മാഞ്ചസ്റ്ററിൽ ഒരൊറ്റ ദിവസം കൊണ്ട് പിറന്നത് 3 സെഞ്ച്വറികൾ. മത്സരഫലം സമനിലയെങ്കിലും ഇന്ത്യക്കാർക്കിത് ഒരു വിജയം തന്നെയാണ്.
സുന്ദരം സുന്ദർ
അഞ്ചാം ദിനം ശുഭ്മാൻ ഗില്ലും തിരിഞ്ഞു നടക്കുമ്പോൾ ഇംഗ്ലണ്ട് വിജയം വല്ലാതെ മോഹിച്ചതാണ്. ഗിൽ മടങ്ങുമ്പോൾ 89 റൺസിന്റെ ലീഡ് ഇംഗ്ലണ്ടിനെ പേരിലുണ്ട്. ഇന്ത്യക്കായി ഇനി വരാനുള്ളതിൽ ഒരേയൊരു സ്പെഷ്യലിസ്റ്റ് ബാറ്ററേയുളളൂ. ഋഷഭ് പന്ത്. അയാളാണെങ്കിൽ നടക്കാൻ പോലുമാകാത്ത സ്ഥിതിയിൽ. കടുത്ത സമ്മർദ്ദത്തിനിടയിൽ ഈ ബൗളിങ് ഓൾറൗണ്ടർമാർ എത്ര നേരം അതിജീവിക്കുമെന്ന ചോദ്യമായിരുന്നു ബാക്കിയുണ്ടായിരുന്നത്. നേരിട്ട ആദ്യ പന്തിൽ തന്നെ ആർച്ചറുടെ പന്തിന് അനാവശ്യമായി ബാറ്റുവെച്ച് ജഡേജ അപകടം ചോദിച്ചുവാങ്ങി. പക്ഷേ സ്ളിപ്പിൽ നിന്ന ജോറൂട്ടിന് അത് പിടിച്ചെടുക്കാനായില്ല. ജോഫ്ര ആർച്ചർ തലക്ക് കൈകൊടുത്തിരിക്കുമ്പോൾ ജോറൂട്ട് നിസഹായനായി അത് നോക്കി നിന്നു. മത്സരത്തിൽ ഇംഗ്ലണ്ടിന് അനുകൂലമായ അവസാന നിമിഷമായിരുന്നു അത്. പിന്നീട് കണ്ടതെല്ലാം ഇന്ത്യയുടെ നിമിഷങ്ങൾ മാത്രം .
പോയ ഇന്നിങ്സിൽ എട്ടാമനായി ബാറ്റുചെയ്തവനാണ് വാഷിങ്ടൺ സുന്ദർ. ഷർദുൽ ഠാക്കൂറിനും ശേഷം ക്രീസിലേക്ക് വന്നവൻ. പക്ഷേ ഇക്കുറി പ്രമോഷനോടെ അഞ്ചാം നമ്പറിലേക്ക് ഇറക്കാനായിരുന്നു ഇന്ത്യൻ ക്യാമ്പിന്റെ തീരുമാനം. അയാൾക്കല്ലെങ്കിലും ഒരു ചെറുത്തുനിൽപ്പിന്റെ ചരിത്രമുണ്ട്. ഗാബയെന്ന കംഗാരുക്കോട്ടയിൽ സ്റ്റാർക്ക്, കമ്മിൻസ്, ഹേസൽവുഡ് ട്രയോയെ നേരിട്ട് അർധ സെഞ്ച്വറി നേടിയചരിത്രം അയാൾക്കുണ്ട്. ഷർദുൽ ഠാക്കൂറിനൊപ്പം അന്ന് അയാൾ നടത്തിയ പോരാട്ടത്തിന്റെ കൂടി ബലത്തിലാണ് ഇന്ത്യ ഗാബ കോട്ട പൊളിച്ചത്. അതുപോലൊരു പുതിയ ചരിത്രമാണ് സുന്ദർ സുന്ദരമായി മാഞ്ചസ്റ്ററിൽകുറിച്ചത്.
ക്രീസിലെത്തിയ ഉടനെ സുന്ദറിനോട് സ്ളിപ്പിൽ നിന്ന ഹാരി ബ്രൂക്ക് പറഞ്ഞതിങ്ങനെ. ‘‘ഓൾ ദി ബെസ്റ്റ് വാഷി. ജോഫ്ര കമിങ് സൂൺ’’. അർച്ചറുടെ പേസിന് മുന്നിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് മുന്നറിയിപ്പാണ് ബ്രൂക്ക് നൽകിയത്. സുന്ദറിന്റെ കോൺഫിഡൻസ് തകർക്കാനുള്ള നീക്കം. പക്ഷേ സുന്ദറിന്റെ മനസ്സിനെയും ലക്ഷ്യത്തെയും തകർക്കാൻ അതൊന്നും പോരായിരുന്നു. പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും അടിപതറാതെയുള്ള ക്ലാസിക് ഇന്നിങ്സ്. പതുക്കെ തുടങ്ങിയ സുന്ദർ വ്യക്തിഗത സ്കോർ 41ൽ നിൽക്കേ സ്റ്റോക്സിന്റെ ഒരു സിക്സർ പറത്തുന്നുണ്ട്. അയാളുടെ എബിലിറ്റിയും ടൈമിങ്ങും പതിഞ്ഞ ഒരു ഒന്നൊന്നര ഷോട്ട്. തങ്ങളുടെ സിലബസിലില്ലാത്ത ഒരുവൻ വന്ന് നടത്തുന്ന പോരാട്ടം കണ്ട് ഇംഗ്ലീഷുകാർ വാപിളർന്നു പോയി.
രവീന്ദ്ര ചരിത്രം
മറുവശത്ത് ജഡേജ പോയ ടെസ്റ്റിൽ പ്രകടിപ്പിച്ച അതേ വീര്യത്തോടെയാണ് ബാറ്റിങ്ങിനിറങ്ങിയത്. കരിയറിലെ സായാഹ്ന കാലത്ത് തന്റെ കരിയറിലെത്തന്നെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്നാണ് അയാൾ കളിക്കുന്നത്. സ്റ്റോക്സിന്റെ ഓൾറൗണ്ട് പ്രകടനത്തിന് ഇന്ത്യൻ ക്യാമ്പിൽ നിന്നുള്ള അതേ നാണയത്തിലുള്ള തിരിച്ചടി. ഇടതുകൈകൊണ്ട് അയാൾ അടിച്ചകറ്റുന്ന ഷോട്ടുകളിൽ ഇംഗ്ലണ്ടിന് തങ്ങളുടെ സമനില തന്നെ നഷ്ടപ്പെട്ടു.
രോഹിതും കോലിയും അശ്വിനുമെല്ലാം വിരമിച്ചുപോയി. നിങ്ങൾക്കും നിർത്താറായില്ലേ എന്ന് ചോദിച്ചവർക്ക് മുന്നിൽ ജഡേജ നടത്തിയ ഒരു പ്രസ്താവനയായിരുന്നു ഈ ഇന്നിങ്സ്. ക്രീസിൽ പൊരുതാനുറച്ചുവന്ന ജഡേജയുടെ അർധസെഞ്ച്വറിയെ വരെ ഗ്യാലറി എണീറ്റുനിന്നാണ് സ്വീകരിച്ചത്. അർധ സെഞ്ച്വറിക്ക് ശേഷം അഗ്രസീവ് മോഡിലേക്ക് ജഡേജ ഗിയർ മാറ്റിയത് കണ്ടതോടെ ഇംഗ്ലണ്ട് ഉറപ്പിച്ചു, ഇനി ഈ മത്സരത്തിൽ പ്രതീക്ഷ വെക്കേണ്ടതില്ല. ആ തിരിച്ചറിവിലാണ് അവർ സമനിലക്കായി കൈകൊടുക്കാൻ പോയത്. പക്ഷേ തീർത്തിട്ടേ തിരിച്ചുവരൂ എന്നായിരുന്നു ജഡേജയുടെ സ്റ്റേറ്റ്മെന്റ്. സെഞ്ച്വറിക്ക് ശേഷം ബാറ്റിനെ വാളാക്കി ജഡേജ ആഘോഷിക്കുമ്പോൾ ഇന്ത്യൻ ക്യാമ്പ് ഒന്നടങ്കം ആ സെലബ്രേഷനൊപ്പം ചേർന്നു.
കൈകൊടുക്കാൻ വിസമ്മതിച്ചതിന് ശേഷം സ്റ്റോക്സ് പാർട് ടൈം ബൗളറായ ഹാരി ബ്രൂക്കിനാണ് കാര്യമായി പന്തേൽപ്പിച്ചത്.സെഞ്ച്വറികളുടെ മാറ്റ് കുറക്കുക എന്ന ഗൂഢലക്ഷ്യം കൂടി അതിനുണ്ടായിരുന്നു. ജഡേജ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ ബ്രൂക്ക് വീണ്ടും ഷേക്ക് ഹാൻഡുമായി സുന്ദറിന്റെ അടുത്തെത്തി. ഇനി നിർത്തിക്കൂടേ എന്നാണ് ബ്രൂക്ക് ചോദിച്ചത്.പക്ഷേ അത് അവഗണിച്ച സുന്ദർ ജഡേജയുടെ ആഘോഷത്തിനൊപ്പം ചേർന്നു. ഒടുവിൽ ഏതാനും പന്തുകളുടെ വ്യത്യാസത്തിൽ സുന്ദറും സെഞ്ച്വറി പൂർത്തിയാക്കി. ഓൾഡ് ട്രാഫോഡിന്റെ ഹോണേഴ്സ് ബോർഡിൽ 1990 ഓഗ്സ്റ്റ് 14നാണ് ഏറ്റവുമൊടുവിൽ ഒരു ഇന്ത്യക്കാരന്റെ പേര് പതിഞ്ഞത്. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ. അതിന് ചുവടെ ഒറ്റ ദിവസം കൊണ്ട് മൂന്ന് ഇന്ത്യക്കാരുടെ പേര് കൂടി പതിഞ്ഞു. അതിനും ശേഷം രണ്ട് പേരും ചേർന്ന് ഇംഗ്ലണ്ടിന് ഷേക്ക് ഹാൻഡ് നൽകി. ഒരു ഒന്നൊന്നര ഷേക്ക് ഹാൻഡ്. ഇംഗ്ലീഷുകാർ ഒരിക്കലും മറക്കാത്ത ഒരു ഷേക്ക് ഹാൻഡ്.