ഐസിസി ടി20 റാങ്കിങ്; ഹെഡിനെ വെട്ടി അഭിഷേക് ഒന്നാമത്
കോഹ്‌ലിക്കും സൂര്യകുമാർ യാദവിനും പിന്നാലെയാണ് മറ്റൊരു ഇന്ത്യൻ താരം ഒന്നാം റാങ്കിലെത്തുന്നത്.
ദുബായ്: ഐസിസി ടി20 റാങ്കിങിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ ഒന്നാമത്. ആസ്‌ത്രേലിയൻ താരം ട്രാവിസ് ഹെഡിനെയാണ് മറികടന്നത്. 829 റേറ്റിങ് പോയന്റുമായാണ് തലപ്പത്തെത്തിയത്. വിരാട് കോഹ്‌ലിയ്ക്കും സൂര്യകുമാർ യാദവിനും ശേഷമാണ് മറ്റൊരു ഇന്ത്യൻ താരം ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഹെഡ് ടി20 മത്സരം കളിച്ചിരുന്നില്ല. ഇതേ കാലയളവിൽ ഓസീസ് എട്ട് ട്വന്റി 20 മാച്ചുകളാണ് കളിച്ചത്. ഇതോടെ ഹെഡിന്റെ റേറ്റിങ് പോയന്റ് 814 ആയി കുറയുകയായിരുന്നു. അതേസമയം, ഈ വർഷം ഫെബ്രുവരിക്ക് ശേഷം ഇന്ത്യ ടി20 കളിക്കാതിരുന്നതിനാൽ അഭിഷേകിന് റേറ്റിങ് പോയന്റ് നഷ്ടമായില്ല.
കഴിഞ്ഞ വർഷം ടി20 ലോകകപ്പിനുശേഷമാണ് സൂര്യകുമാർ യാദവിനെ പിന്തള്ളി ഹെഡ് ഒന്നാം സ്ഥാനത്തെത്തിയത്. 804 റേറ്റിങ് പോയന്റുള്ള തിലക് വർമയാണ് മൂന്നാം സ്ഥാനത്ത്. ഇംഗ്ലീഷ് താരങ്ങളായ ഫിൽ സാൾട്ട്, ജോസ് ഭട്‌ലർ നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു. ഇന്ത്യയുടെ യശസ്വി ജയ്‌സ്വാൾ രണ്ട് സ്ഥാനം താഴേക്കിറങ്ങി പതിനൊന്നാം സ്ഥാനത്തെത്തി. മലയാളി താരം സഞ്ജു സാംസൺ 33-ാം സ്ഥാനത്താണ്. അടുത്തമാസം നടക്കുന്ന ഏഷ്യാകപ്പിലാണ് ഇന്ത്യ അടുത്തതായി ടി20 കളിക്കുന്നത്. നിലവിൽ ഏകദിന റാങ്കിങിൽ ഇന്ത്യയാണ് ഒന്നാമത്. ബാറ്റർമാരുടെ റാങ്കിങിൽ ശുഭ്മാൻ ഗില്ലും ടെസ്റ്റ് ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജയും ഒന്നാമത് തുടരുന്നു.