ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ പേസ് നിര
മുഹമ്മദ് സിറാജിനും പ്രസിദ് കൃഷ്ണക്കും നാല് വീതം വിക്കറ്റ്
ലണ്ടൻ : ഓവൽ ടെസ്റ്റ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 23 റൺസ് ലീഡ്. ഇന്ത്യയുയർത്തിയ 224 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ഇന്നിംഗ്സ് 247 റൺസിൽ അവസാനിച്ചു. സാക് ക്രൗളി , ഹാരി ബ്രൂക്ക് എന്നിവരുടെ അർദ്ധ ശതകങ്ങളാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് നയിച്ചത്.
ഓപ്പണർമാരായ സാക് ക്രൗളിയും ബെൻ ഡക്കറ്റും ചേർന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ബൗണ്ടറികളുടെയും സിക്സറുകളുടെയും അകമ്പടിയോടെ ഇരുവരും 13 ഓവറിൽ 92 റൺസാണ് ഇംഗ്ലണ്ട് സ്കോർബോർഡിൽ ചേർത്തത്. ക്രൗളിയെ ജഡേജയുടെ കൈകളിലെത്തിച്ച് പ്രസിദ് കൃഷ്ണയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെത്തിയ നായകൻ ഒലി പോപ്പിനെ കൂട്ടുപിടിച്ച് ഡക്കറ്റ് ഇംഗ്ലണ്ട് ഇന്നിംഗ്സ് മുന്നോട്ട് നീക്കി. 43 റൺസുമായി അർദ്ധ സെഞ്ചുറിക്കരികിൽ നിന്ന ഡക്കറ്റിനെ ആകാശ് ദീപ് മടക്കിയയച്ചു.
പോപ്പും റൂട്ടും ചേർന്ന് ഇന്ത്യൻ ബൗളർമാരെ പ്രഹരിക്കാൻ തുടങ്ങിയെങ്കിലും സിറാജിന്റെ ബോളുകൾക്ക് മുന്നിൽ ഏറേന്നേരം നിലയുറപ്പിക്കാനായില്ല. ഇരുവരെയും വിക്കറ്റിന് മുന്നിൽ കുരുക്കി സിറാജ് മത്സരത്തിൽ ഇന്ത്യക്ക് പ്രതീക്ഷകൾ നൽകി. ഒരറ്റത്ത് ബ്രൂക്ക് ചെറുത്തുനിൽപ്പുകൾ നടത്തിയപ്പോൾ മറുപുറത്ത് ഇന്ത്യൻ ബൗളർമാർ ഇംഗ്ലീഷ് താരങ്ങളെ വരിഞ്ഞു മുറുക്കി. ജാക്കബ് ബെത്തലും , ജാമി സ്മിത്തുമെല്ലാം കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി.
ഇംഗ്ലണ്ട് സ്‌കോർ 235 റൺസിൽ നിൽക്കെ മഴ കളി തടസ്സപ്പെട്ടെങ്കിലും പുനരാരംഭിച്ചപ്പോൾ ഒമ്പതാം വിക്കറ്റും വീഴ്ത്തി ഇന്ത്യ ഇംഗ്ലീഷ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. പരിക്കേറ്റ ക്രിസ് വോക്കസിന് മത്സരത്തിൽ ബാറ്റ് ചെയ്യാനായില്ല. മുഹമ്മദ് സിറാജ് , പ്രസിദ് കൃഷ്ണ എന്നിവർ നാല് വീതം വിക്കറ്റുകൾ നേടിയപ്പോൾ ആകാശ് ദീപ് ഒരു വിക്കറ്റ് സ്വന്തമാക്കി