കസവുമുണ്ടിൽ നിന്ന് കള്ളിമുണ്ടിലേക്ക്, കഥകളിക്കപ്പുറമുള്ള കേരളീയത; ബിജി ഭാസ്കറിന്‍റെ ചിത്രലോകം

കേരളീയ ചിത്രകല ചില 'തമ്പുരാന്‍' കൈകളിലായിരുന്നു ഒരു കാലത്ത്. എന്നാല്‍ 90 കളോടെ ചിത്രകലയില്‍ പല തരം ഇടങ്ങളിലുള്ളവര്‍ പല അവസ്ഥകളിലുള്ളവര്‍ അവരുടെ ചിത്ര കാഴ്ചയെ ഇടിച്ചുകയറി വന്ന് പുതുക്കിയെടുത്തുവെന്ന് കാണാം

Update: 2026-07-13 08:28 GMT

കലയെ വായിച്ചെടുക്കുന്നത് എവിടെ നിന്നാണ്. അല്ലെങ്കില്‍ കലയെ വായിക്കേണ്ടത്/ കാണേണ്ടത് എങ്ങനെയാണ്. ഉത്തരങ്ങള്‍ക്ക് അപ്രാപ്യമായ ചോദ്യങ്ങളാണിവ. നിയതമായ ഉത്തരങ്ങള്‍ ഇല്ലാതെ, പലപ്പോഴും കല, വിശേഷിച്ച് ചിത്ര-ശില്പ കലകള്‍ മുന്നില്‍വന്ന് കാണൂ കാണൂ എന്ന് പറഞ്ഞുകൊണ്ടു നില്ക്കും. ചിത്രങ്ങള്‍ കാണുവാനുള്ള കണ്ണിന്റെ നോട്ടം തന്നെയാണ് പ്രശ്‌നം. അത് പലപ്പോഴും പുതുകാലത്തിന്റെ, ഭാവുകത്വത്തിന്റെ രീതികള്‍ മനസ്സിലാക്കുന്നില്ല എന്ന് കാണാം. ചിത്രകലക്ക് പ്രകൃതി കാഴ്ചകളുമായുള്ള ബന്ധം വര്‍ഷങ്ങളായുള്ളതാണ്. എന്നാല്‍ കേവല പ്രകൃതിയെ അതിന്റെ ഫോട്ടോ കോപ്പി പോലെ നോക്കി കാണുവാന്‍ ചിത്രകല ശ്രമിക്കുന്നത് പഴയ ക്ലാസിക്കല്‍ ചിത്രകലയുടെ കാലത്താണെന്ന് പറയാം. എന്നാല്‍ ഇന്ന് ചിത്രകല, ശിൽപകല എന്നിവ, വ്യത്യാസമില്ലാതെ വരച്ചുവയ്ക്കാനും ഇന്‍സ്റ്റലേഷന്‍ (പ്രതിഷ്ഠാപനം എന്ന വാക്ക് മന:പൂര്‍വ്വം ഉപയോഗിക്കാത്തതാണ്) ചെയ്യാനും സാധിക്കുന്ന കാലമാണിത്. പലവിധത്തിലുള്ള രാഷ്ട്രീയ പ്രമേയങ്ങളും ചിത്രകലയില്‍ ഇടംപിടിച്ചുകഴിഞ്ഞു. അതാവട്ടെ കവിതയിലും സാഹിത്യത്തിലും സംഭവിക്കുന്നതുപോലെ വേറിട്ട രീതികള്‍ ചിത്രകലാ രചനകള്‍ ഉണ്ടാവുന്നുണ്ട്. പ്രകൃതിയില്‍ നിന്ന് കണ്ട് ആദിമ മനുഷ്യന്‍ മുതല്‍ ഇന്നത്തെ മനുഷ്യന്‍ വരെ ആവര്‍ത്തിക്കുന്ന പ്രകൃതി ദൃശ്യങ്ങളുടെ ആവര്‍ത്തനം മാത്രമല്ല ചിത്രകല എന്ന് പറയേണ്ടി വരും.

Advertising
Advertising

കേരളീയ ചിത്രകല ചില 'തമ്പുരാന്‍' കൈകളിലായിരുന്നു ഒരു കാലത്ത്. എന്നാല്‍ 90 കളോടെ ചിത്രകലയില്‍ പല തരം ഇടങ്ങളിലുള്ളവര്‍ പല അവസ്ഥകളിലുള്ളവര്‍ അവരുടെ ചിത്ര കാഴ്ചയെ ഇടിച്ചുകയറി വന്ന് പുതുക്കിയെടുത്തുവെന്ന് കാണാം. ഇന്‍സ്റ്റലേഷനുകളും പുതിയ ചിത്ര ശൈലികളും മലയാള ചിത്രകലയിലും സജീവമായി. അതിന് ജാതീയമായ ഒരുതരം സ്വാതന്ത്ര്യം പ്രഖ്യാപിക്കലുമുണ്ടായിരുന്നു. വര്‍ഷങ്ങളായി ചിത്രങ്ങളും ശില്പങ്ങളും തീര്‍ത്ത രാഘവന്‍ അത്തോളി എന്ന ചിത്രകാരന്റെ സ്ഥാനവും ഉപരിവര്‍ഗ്ഗ ചിത്രകാരന്മാരുടെയും സ്ഥാനവും ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാവും. കാരണം കുലീനമായ, ആഢ്യത്തമുള്ള ഒന്നാണ് ചിത്രകല എന്ന തെറ്റായ ചിന്തയാണതിന് പിന്നില്‍. കേരളത്തില്‍ കൊട്ടിഘോഷിച്ച ചിത്രകാരന്മാരുടെ പേരുകള്‍ തന്നെ ഇതിന് തെളിവാണ്, ഇതിനിടയിലാണ് സാധാരണക്കാരായ പല ജനവിഭാഗങ്ങളില്‍ നിന്നും കല അതിന്റെ വികേന്ദ്രീകരണം ആരംഭിക്കുന്നത്. കേരളീയ ചിത്രകല എന്താണെന്നാണോ മലയാളി വിചാരിച്ചുവച്ചത്, അതിനെ ഒരര്‍ത്ഥത്തില്‍ തകിടം മറിക്കുകയാണ് പുതുകാല ചിത്രകാരന്മാര്‍ ചെയ്തത്. സുന്ദരികളായ സ്ത്രീകളുടെ മുഴപ്പുകള്‍ വരച്ച വരക്കാരുടെ മുന്നില്‍ കൊതിയോടെ മുതുക് കുനിഞ്ഞ് നിന്ന മലയാളികളാണ് അധികവും. സാഹിത്യത്തിലും സിനിമയിലും വന്ന മാറ്റങ്ങള്‍ കേരളീയ ചിത്രകലയിലും വന്നുവെന്ന് പറയാം. പുതിയ കാഴ്ചപ്പാടുകള്‍ ബ്രഷിലും ക്രയോണിലും ചാര്‍ക്കോളിലും ആധുനിക മാധ്യമങ്ങളിലുമായി അതുവരെയില്ലാത്ത ലാവണ്യ ശാസ്ത്രം പകര്‍ന്നുവെന്ന് സൂക്ഷ്മമായി സമകാലീക ചിത്രകലയെ നിരീക്ഷിച്ചാല്‍ മനസ്സിലാവും. അതിനാവട്ടെ പഴയ സുന്ദര സങ്കല്പങ്ങളുടെ കസവുടുത്ത പളപളപ്പില്ലെന്ന് മാത്രം.


ഇതൊക്കെ തന്നെയാണ് ബിജി ഭാസ്‌കര്‍ എന്ന ചിത്രകാരന്‍റെ രചനകളില്‍ എത്തുമ്പോഴും സംഭവിക്കുന്നതും. കേരളീയത എന്നാല്‍ കഥകളി, മോഹിനിയാട്ടം, ക്ഷേത്ര കലകള്‍ എന്നിങ്ങനെ വര്‍ഷങ്ങളായി മനസ്സിലിട്ടു താലോലിക്കുന്നവരാണ് നാമൊക്കെ. ശരിക്കും ഭൂരിപക്ഷ കേരളീയത അല്ലേങ്കില്‍ മലയാളി ജീവിതം അതായിരുന്നോ എന്ന് ചിന്തിച്ചുനോക്കുമ്പോഴാണ്, ഭൂരിപക്ഷമായ കാഴ്ചകള്‍ അരികിലേക്ക് മാറ്റി നിറുത്തിയതായി കാണുവാന്‍ കഴിയുന്നത്. ഗ്രാമീണ ചിത്രീകരണങ്ങളില്‍ കാണുന്ന നാലുകെട്ടും മാളികളും അമ്പലക്കുളങ്ങളും സുന്ദരമെന്ന് തോന്നുന്ന വെളുത്ത കസവും പട്ടുമണിഞ്ഞ സ്ത്രീകളും മാത്രമായി നമ്മുടെ നോക്കിക്കാണലുകള്‍. എന്നാല്‍ മലയാളിയുടെ ഭൂരിപക്ഷ ഇടങ്ങള്‍ ഇതല്ലായിരുന്നു. സദ്യക്ക് പകരം കപ്പയും ചക്കയും അന്യം നിന്നുപോയ കിഴങ്ങു വര്‍ഗ്ഗങ്ങളും കൂട്ടാനുകളുമായിരുന്നു ഭൂരിപക്ഷം വരുന്ന സമൂഹങ്ങളുടെ വയറുകള്‍ നിറച്ചുകൊണ്ടിരുന്നത്. ഇവിടെയാണ് ആദ്യമേ പറഞ്ഞ ലാവണ്യ ശാസ്ത്രത്തെ തകിടം മറിക്കുന്ന കാഴ്ചകളുമായി ബിജി ഭാസ്‌കര്‍ എന്ന ചിത്രകാരന്‍ വന്നു കസേരയിട്ട് ഇരുപ്പുറപ്പിച്ചത്. ബിജിയുടെ ചിത്രങ്ങളില്‍ പ്രകൃതി ധാരാളമായുണ്ട്. എന്നാല്‍ ആ പ്രകൃതിയില്‍ സാധാരണക്കാരായ പെണ്ണുങ്ങള്‍ നിരവധിയാണ്. അവരുടെ വസ്ത്രങ്ങളാവട്ടെ തനി മലയാള വസ്ത്രങ്ങളാണെന്നും കാണാം. കള്ളിമുണ്ടും പഴയ ചട്ടയും റൗക്കയും തുടങ്ങി സാധാരണക്കാരുടെ വസ്ത്രങ്ങള്‍ നിറമായി ക്യാന്‍വാസുകളെ കാഴ്ചയുടെ അസ്വസ്ഥതകളിലേക്ക് കൊണ്ടുപോകുന്നു. നിറങ്ങള്‍കൊണ്ട് സമ്പന്നമാണ് ബിജിയുടെ ചിത്രങ്ങള്‍. എന്നാല്‍ ആ നിറങ്ങള്‍ക്കകത്ത് ബിജി വരച്ചുവച്ചിരിക്കുന്ന ആന്തരിക ജീവിതം പലപ്പോഴും ആകുലതയോടെ പിന്തുടരുക തന്നെ ചെയ്യും.

2021-22 വര്‍ഷത്തെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ ചിത്രമായ 'Love lives in the village' പ്രതിപാദിക്കുന്ന വിഷയം ലളിതമാണെന്ന് തോന്നാം. എന്നാല്‍ അതില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള അരികുവല്‍ക്കരണത്തിന്റെ ആകുലത കലര്‍ന്ന രാഷ്ട്രീയം ആരെയും ചിന്തിപ്പിക്കും.കെട്ടിപ്പിടിച്ച മട്ടില്‍ നില്‍ക്കുന്ന രണ്ട് വൃദ്ധ സ്ത്രീകളുടെ രൂപത്തിലും മറ്റും നാട്ടുജീവിതത്തിന്റെ നിറഘടനകള്‍ കാണുവാന്‍ കഴിയും. കറുത്ത നിറത്തിലുള്ള,ചട്ട ധരിച്ച സ്ത്രീകള്‍ എന്നതിനെ ദളിത് ക്രൈസ്തവ ജീവിതത്തിന്റെ ആന്തലുകള്‍ തന്റെ ബ്രഷ് സ്‌ട്രോക്കുകളിലൂടെ ബിജി വരച്ചുവച്ചിരിക്കുകയാണ്. അവര്‍ക്ക് ചുറ്റിലും നിലത്ത് കൂട്ടമായി നില്ക്കുന്ന പ്രാവുകള്‍ ചിത്രത്തിന്റെ പൊതുസ്വഭാവത്തെ വേറൊരു തലത്തിലാക്കുന്നുണ്ട്. ഇല്ലായ്മയുടെ ഗ്രാമീണ പരിസരങ്ങളിലുടെ സ്‌നേഹ ജീവിതങ്ങളാണ് ബിജിയുടെ വരയിലുള്ളത്. എന്നാല്‍ അതിലുപരി സമ്പന്നമല്ലാത്ത ഒരു ഗ്രാമത്തിന്റെ വിശാലമായ കാഴ്ചയാണ് ബിജി തന്റെ ചിത്രത്തിലൂടെ പകരുന്നത്. വിദൂര കാഴ്ചയില്‍ കാണുന്ന സ്ത്രീകളിലുടെയും കുട്ടികളിലുടെയും രൂപങ്ങള്‍ പറയുന്നത് അപരവല്‍ക്കരണത്തിന്റെ നിറങ്ങള്‍ തന്നെയാണ്. ചെറുകുന്നുകളും കൃഷിവിളകളും പശ്ചാത്താലമാകുന്ന ചിത്രത്തിന്റെ വര്‍ണ്ണ രൂപീകരണം എടുത്തുപറയേണ്ട ഒന്നാണ്. കറുത്തതോ, തവിട്ടു നിറമോ ഉള്ള ശരീരങ്ങളാണ് ബിജി വരച്ചുവച്ചിരിക്കുന്നത്. അതാവട്ടെ കേരളത്തിന്റെ ഭൂരിപക്ഷ നിറം കൂടിയാണ്. പ്രകൃതിയോടടുത്ത ജീവിതങ്ങളുടെ സ്‌നേഹമാണെന്ന് ഈ ചിത്രം പറഞ്ഞുതരുന്നു. മനുഷ്യരെ കൂടാതെ പച്ചപ്പും പലതരം പക്ഷികളും ജീവികളുമുള്ള ചിത്രം വരയുടെ പ്രതലത്തെ ഒട്ടും ഒഴിച്ചിടുന്നില്ല. ഒഴിച്ചിടാന്‍ ഞങ്ങള്‍ക്ക് ഒന്നുമില്ലെന്നാണ് ഈ ചിത്രം ഉറക്കെ പറയുന്നത്. അതില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാവം സ്‌നേഹമാണെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ സങ്കടങ്ങളുടെ കഥകള്‍ പതുക്കെ പറയുന്നത് അറിയാം. എന്നാല്‍ അവ നാം കേള്‍ക്കുക ഉച്ചത്തിലാണെന്ന് മാത്രം.


ഈ ചിത്രത്തോട് തൊട്ടു ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ചിത്രമാണ് 'തൊഴിലിടങ്ങള്‍' എന്ന പെയിന്റിംഗ്. മുട്ടനാട്, പൂവങ്കോഴി എന്നിവയെ കേന്ദ്രമാക്കി വരച്ചിട്ടുള്ള ചിത്രം ഒരര്‍ത്ഥത്തില്‍ ഇന്നും നമ്മുടെ നാടുകളില്‍ നിലനിക്കുന്ന പുരുഷ കേന്ദ്രീകൃതമായ ജീവിതത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. എന്നാല്‍ തൊഴില്‍ ചെയ്യുന്ന ഇടമായതിനാല്‍ മറ്റ് പല അര്‍ത്ഥതലങ്ങളും ഈ ചിത്രത്തില്‍ കണ്ടെത്താന്‍ കഴിയും. മൃഗപരിപാലനം സാധാരണക്കാരുടെ കഞ്ഞിക്കുള്ള വകയാണെന്നിരിക്കെ മനൗഷ്യരോടൊപ്പം പരിണാമദശയില്‍ ഒപ്പം കൂടിയ രണ്ടു ജീവികളെ മുന്നില്‍ നിര്‍ത്തിയാണ് ഈ ചിത്രത്തിന്റെ കാഴ്ച. അതിനിടയില്‍ തൊഴിലുറപ്പ് പോലുള്ള പണികള്‍ക്ക് ചിരിച്ചുകൊണ്ടുപോകുന്ന സ്ത്രീകളെയും കാണാം. അകലെയായി മുസ്ലീം സ്ത്രീയെയും കൂട്ടരെയും വയസായ ഒരു സ്ത്രീയെയും ഒരു യുവാവിനെയും കാണാം. സൂക്ഷിച്ചുനോക്കിയാല്‍ കൃഷിയിടങ്ങളില്‍ ജോലി നോക്കുന്നവരെയും കാണാന്‍ കഴിയും. മണ്ണിന്റെയും ചെടികളുടെയും നിറമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. കേവല ഭംഗിക്കപ്പുറം പല ചിന്തകളിലേക്കും ഈ ചിത്രം നമ്മെ കൊണ്ടുപോകുന്നുണ്ട്. ചിരിച്ചു പോകുന്ന പെണ്ണുങ്ങള്‍ക്കിടെ സങ്കടം പല നിറങ്ങളായി തെളിയുന്നതാണ് കാണാനാവുന്നത്. അതിലാവട്ടെ തൊഴിലിന്റെ താഴ്വശങ്ങളിലെ ജീവിതം കാണിച്ചുതരുന്നു. കിണര്‍,വീടുകള്‍, പക്ഷികള്‍, സാന്ധ്യാകാശം എന്നിവ കരമീകരിച്ചിരിക്കുന്ന രീതിയാണ് ഈ ചിത്രത്തെ പൂര്‍ണ്ണമാക്കുന്നത്.

അതുപോലെ തന്നെയാണ് ബിജിയുടെ മിക്ക ചിത്രങ്ങളിലും മനുഷ്യര്‍ പ്രത്യക്ഷപ്പെടുന്നത്. അതാവട്ടെ, റിയലിസ്റ്റിക് രീതിയില്‍ തന്നെയാവുമ്പോഴും തന്റേതായ ശൈലി അവയെ വ്യത്യസ്തമാക്കുന്നുണ്ട്. പേന്‍ നോക്കുന്ന സ്ത്രീയും ചക്ക വൃത്തിയാക്കുന്ന പെണ്ണുങ്ങളുമെല്ലാം നമ്മുടെ ഗ്രാമങ്ങളിലെ, അടിത്തട്ട് ജീവിതത്തിലെ നിത്യകാഴ്ചകളാണ് സമ്മാനിക്കുന്നത്. ഈ ചിത്രങ്ങളിലൊക്കെയും മനുഷ്യര്‍ മാത്രമല്ല ഇടം പിടിച്ചിട്ടുള്ളത്. ജീവികള്‍ ചെടികള്‍ എന്നിവയൊക്കെ പല ചിത്രങ്ങളിലും ബിജി ഭാസ്‌കര്‍ തന്റേതായ തന്മയമാര്‍ന്ന നോക്കിക്കാണലുകളിലൂടെ നിറംപിടിപ്പിച്ചിട്ടുണ്ട്. മനുഷ്യന്‍ മാത്രമല്ല, മനുഷ്യന്റെ പരിസരങ്ങളും അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ എസ്. ജോസഫിന്റെയും ബിനു എം പള്ളിപ്പാടിന്റെയും കവിതകള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ കോളനികള്‍ തീര്‍ത്ത് മനുഷ്യരെ അപകര്‍ഷതയിലേക്ക് തള്ളിവിട്ടത് വര്‍ഷങ്ങളായി ഭരിച്ച സര്‍ക്കാരുകളാണ്. പുലയ, പറയ, ദളിത് ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ കീഴാളരായ സമുദായങ്ങള്‍ തുടങ്ങിയവര്‍ താമസിക്കുന്ന ഇടങ്ങളെ എസ്. ജോസഫും ബിനു പള്ളിപ്പാടുമടക്കമുള്ളവര്‍ 90കളിലും 2000ത്തിലും കവിതയില്‍ കൊണ്ടുവന്നപ്പോള്‍ ചിത്രകലയില്‍ അത്തരം മുഖങ്ങള്‍ മറഞ്ഞിരുന്നു. കാരണം അക്കാലത്തെ ചില വാരികകളിലെ റിയലിസ്റ്റിക് ചിത്രങ്ങളിലെ സുന്ദരന്മാരും സുന്ദരികളുമായിരുന്നു മലയാളിയുടെ ചിത്രവായനയില്‍ ഇടം നേടിയിട്ടുള്ളത്. അതെല്ലാം മിനുപ്പുള്ള വളവുകളില്ലാത്ത വെളുത്ത ദേഹങ്ങളായിരുന്നു. എന്നാല്‍ മലയാള കവിതയില്‍ അക്കാലത്ത്, അതിന് മുന്‍പുണ്ടായിരുന്ന കാവ്യ പ്രമേയങ്ങളെയും പശ്ചാത്തലങ്ങളെയും പാടെ നിരാകരിക്കുന്ന രീതി കടന്നുവന്നു. എന്നാല്‍ ചിത്രകലയില്‍ രാഘവന്‍ അത്തോളി, അശാന്തന്‍ തുടങ്ങിയവര്‍ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും അവയൊന്നുംഭൂരിപക്ഷം അംഗീകരിച്ചിരുന്നില്ല. അതേസമയം ബിജി ഭാസ്‌കര്‍ തനിനാടന്‍ കാഴ്ചകളെ തന്റെ നോട്ടത്തിലൂടെ വരച്ചിടുമ്പോള്‍, അതാണ് ശരിയായ കേരളീയ ഗ്രാമങ്ങള്‍ എന്ന് നാം തിരിച്ചറിയുക തന്നെ ചെയ്യും. വെളുത്ത ദേഹങ്ങള്‍ക്ക് പകരം കറുത്തതും തവിട്ടുമായ ദേഹങ്ങളെ, കൊഴുത്ത രൂപത്തിലല്ലാതെയാണ് ബിജി വരച്ചുവയ്ക്കുന്നത്. ചെറുകുന്നുകളുടെ പച്ചപ്പുകള്‍ക്കിടയില്‍ ഒരു മണ്‍പാലത്തില്‍ നില്ക്കുന്ന കുട്ടികളുടെ ഒരു ചിത്രമുണ്ട്. ആകുട്ടികളുടെ ശാരീരിക രൂപങ്ങള്‍ (Anatomy) കണ്ടാല്‍ അറിയാം നിറഞ്ഞു സമൃദ്ധമായ പച്ചപ്പിനുള്ളിലെ ദൈന്യത. അതാവട്ടെ ഗൃഹാതുരത്വമാര്‍ന്ന വെറും കാഴ്ചകളാവുന്നുമില്ല.

2023-24 ലെ ബജറ്റ് സംസ്ഥാന ബജറ്റായ ജെന്‍ഡര്‍ ആന്‍റ് ചൈല്‍ഡ് ബജറ്റിന്‍റെ കവര്‍ ചിത്രമായി തെരഞ്ഞെടുത്ത 'കുട്ടിക്കാലം' എന്ന ചിത്രവും ഇരുണ്ട മുഖങ്ങളുടെ സാധാരണകുട്ടികളുടെ കളിയിടങ്ങളാണ് കാണിച്ചുതരുന്നത്. കമുകുകള്‍ക്കിടയില്‍ ഇരുന്ന് കളിക്കുന്ന കുട്ടികളുടെ ചിത്രം ലിംഗ സമത്വത്തിന്റെ രൂപഘടനയുടെ തനിപ്പകര്‍പ്പാണെന്ന് കാണാം. കൂടാതെ ബിജിയുടെ മിക്ക ചിത്രങ്ങളിലുമെന്നപോലെ പക്ഷികളും മൃഗങ്ങളും മനുഷ്യരോടൊപ്പമുള്ള സസ്യവര്‍ഗ്ഗങ്ങളും പെയിന്റിംഗുകളെ വ്യത്യസ്തമാക്കുന്നു. അവിടങ്ങളിലൊന്നും നമുക്ക് പഴയകാല ചിത്രകാരന്മാരില്‍ കാണാത്ത നോട്ടങ്ങള്‍ (Art Views) കണ്ടെത്താന്‍ കഴിയും. ചേമ്പും കമുകും കോഴികളും പലതരം നാട്ടു ചെടികളും ബിജി തന്റെ ചിത്രങ്ങളില്‍ വളര്‍ത്തുന്നുണ്ട്. അത് പലപ്പോഴും മലയാളി തന്റെ പഴയകാലത്തെ അയവിറക്കാനുള്ള സമ്പന്നമായ പാരമ്പര്യ പ്രകടനമായി മാറുന്നില്ലെന്നിടത്താണ് ബിജി ഭാസ്‌കര്‍ എന്ന ചിത്രകാരന്റെ സൂക്ഷ്മ രാഷ്ട്രീയ നോട്ടം (micro political views) കൃത്യമാവുന്നത്.


യാഥാര്‍ഥ്യവും അതിനോട് അടുത്ത് നിൽക്കുന്ന നിരവധി ചിത്രങ്ങളുണ്ടെങ്കിലും ലോക ചിത്രകലയുടെ പുതിയ ശൈലികളോടടുത്തു നില്ക്കുന്ന വരകളും ബിജി വരച്ചുവയ്ക്കുന്നൂണ്ട്. 'ഡോണ്‍ ഓഫ് വിസ്ഡം' (Dawn of wisdom) എന്ന അക്രിലിക് ചിത്രത്തില്‍ പുതിയകാലത്തെ, പ്രകൃതി/g'z ആത്മീയതകൊണ്ട് നേരിടുന്ന ചിന്തനീയമായൊരു ചിത്രമാണ്. അതിലെ നിറക്കൂട്ടുകള്‍ തന്നെ എടുത്തു പറയേണ്ടതാണ്. അറിവിന്റെ ഉദയമായി, അല്ലെങ്കില്‍ അറിവാണ് ഉദയമെന്ന് ചിത്രകാരന്‍ ബ്രഷ് ചലനങ്ങളാല്‍ ആസ്വാദകന്റെ ഉള്ളിലേക്ക് കടക്കുകയാണ്. മറ്റൊരു ചിത്രത്തില്‍ മീന്‍ ഉടലിലെ മനുഷ്യ നിര്‍മ്മിതികളും അത് താങ്ങി നിറുത്തിയിരിക്കുന്ന റബ്ബര്‍ മരങ്ങളും പണിയെടുക്കുന്ന മനുഷ്യരുമെല്ലാം അമൂര്‍ത്തമായ ആശയമാണ് പകര്‍ന്ന് നല്‍കുന്നതെങ്കിലും അതെല്ലാം കൃത്യമായ പ്രകൃതി രാഷ്ട്രീയവും ഇടപെടലുകളുമാണ് ആധിയോടെ സംവദിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ മണ്ണെടുത്ത് മുകളിലായിപ്പോകുന്ന കുടിലിന്റെ രൂപം കാണാം. അതില്‍ പന്ത് തഴോട്ട് പോകുമ്പോള്‍പിടിക്കാനായുന്ന ഫുട്‌ബോള്‍ ജഴ്‌സി ധരിച്ച കുട്ടിയെ കാണാം. ഒപ്പം കോഴികളെയും കാക്കകളെയും മറ്റു പക്ഷികളെയും കാണാം. മണ്ണെടുത്ത് ഒറ്റപ്പെട്ടുപോയ ഒരു കിണറിന്റെ ഫോട്ടോ പകര്‍ത്തിയത് വിക്ടര്‍ ജോര്‍ജ്ജ് ആയിരുന്നു. മണ്ണ് നീക്കി കുന്നിന്‍ മുകളിലായിപ്പോയ വിക്ടരിന്റെ ചിത്രം നമുക്ക് സമ്മാനിച്ച വിഷാദങ്ങള്‍ക്കപ്പുറമാണ് ഈ പെയിന്റിംഗിലൂടെ ബിജി എന്ന ചിത്രകാരന്‍ കലയുടെ പുതുക്കലുകള്‍ ഉറക്കെ വിളിച്ചുപറയുന്നത്. 'ഡാര്‍ക്ക് ലൈവ്‌സ് (Dark Lives)' എന്ന ചിത്രത്തിലും കറുപ്പിന്റെ ആധി വിളിച്ചോതുന്നുണ്ട്. സര്‍ റിയലിസ്റ്റിക് രീതി എന്ന് പറയാവുന്ന ചിത്രമാണത്. കറുത്ത ഒരു പെണ്ണിന്റെ നിറവയറില്‍ നിന്ന് മുളയ്ക്കുന്ന കൂണുകള്‍, മുറിച്ചു മാറ്റിയ മരത്തിന് മുകളില്‍ നില്ക്കുന്ന പെണ്ണിന്റെ വശങ്ങളിലൂടെ വേരിന്റെ ആകൃതിയില്‍ ചലിക്കുന്ന രൂപങ്ങളെല്ലാം കറുപ്പിന്റെ കടുത്ത കാഴ്ചകള്‍ പകര്‍ന്നുതരുന്നുണ്ട്. നിയതമായ രാഷ്ട്രീയ ബോധ്യത്തനപ്പുറം ആരുമില്ലാതെ ഒറ്റയ്ക്കാവുന്നവരെ തന്റെ നിറങ്ങളിലൂടെ കൂടെ കൂട്ടുന്ന ബിജി പല ചിത്രങ്ങളിലും ഒളിപ്പിച്ചുവച്ചിട്ടുള്ള നിലവിളികള്‍ ചിത്രങ്ങള്‍ കണ്ടതിനു ശേഷവും നമ്മോട് പൊറുപൊറുത്തുകൊണ്ടിരിക്കും.

മലയാള ചിത്രകല ബുദ്ധിജീവി നാട്യങ്ങളിലും ജനപ്രിയ അഴകളവുകളിലും അഭിരമിക്കുന്ന കാലത്ത് കോതമംഗലത്തിനടുത്തുള്ള പോത്താനിക്കാട് സ്വദേശിയായ ബിജി ഭാസ്‌കര്‍ എന്ന ചിത്രകാരന്‍ യാതൊരു മറച്ചുവയ്ക്കലുമില്ലാതെ തന്റെ പെയിന്റിംഗുകളില്‍ തനി കേരളീയമായ ഇടങ്ങളെ,കലാ പഠനം നടത്തുന്നവരും ചിത്രകാരന്മാരും പരിഗണിക്കപ്പെടാത്ത സ്ഥലങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് കാണാം. സംഘര്‍ഷഭരിതമായ ജീവിതമുള്ളവര്‍ ചുറ്റിലുമുണ്ടെന്ന് ബിജി തന്റെ ചിത്രങ്ങളിലൂടെ ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. കലയുടെ പുതുകാഴ്ചകളില്‍ ഈ ചിത്രകാരന്‍ തന്റേതായ വഴിവെട്ടിക്കഴിഞ്ഞു. ഇനിയും പുതുരചനകളില്‍ കൂടുതല്‍ രാഷ്ട്രീയം പറയാന്‍ ബിജി തയ്യാറാവുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.


കോതമംഗലം, പോത്താനിക്കാട് താമസമാക്കിയ ബിജി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ നിന്ന് 2002ല്‍ ചിത്രകലയില്‍ നാഷണല്‍ ഡിപ്ലോമ നേടിയ ശേഷം ചിത്രരചനയില്‍ സജീവമാകുകയായിരുന്നു. അക്രിലിക്കിലും ഓയിലിലുമാണ് കൂടുതലായി ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്ന മാധ്യമങ്ങള്‍. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള ആശയ വിനിമയങ്ങളാണ് ബിജിയുടെ ചിത്രങ്ങളിലെ പ്രധാന വിഷയമെന്ന് ചുരുക്കത്തില്‍ പറയാം. കേരള ലളിതകലാ അക്കാദമി, കേന്ദ്ര ലളിതകലാ അക്കാദമി, മുംബൈ ജഹാംഗീര്‍ ആര്‍ട്ട് ഗാലറി, വിദേശ രാജ്യങ്ങളായ മെക്‌സിക്കോയിലെയും അമേരിക്കയിലെയും വിവിധ സിറ്റികളിലുള്ള ഗാലറികളുള്‍പ്പെടെ 50ഗ്രൂപ്പ് എക്‌സിബിഷനുകളും, മട്ടാഞ്ചേരി ഇന്ദ്രിയം ആര്‍ട്ട് ഗാലറിയില്‍ ഒരു ഏകാംഗപ്രദര്‍ശനവും നടത്തിയിട്ടുണ്ട്. 2014 ല്‍ ആര്‍ട്ട് മെസ്‌ട്രോ അവാര്‍ഡും 2021-22 വര്‍ഷത്തെ കേരള ലളിതകലാ അക്കാദമിയുടെ മികച്ച ഭൂപ്രകൃതി ഛായാചിത്ര വിഭാഗത്തിനുള്ള വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് ഗോള്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - അക്ബര്‍

Poet, Writer

Similar News