കോവിഡാനന്തര അറബി കവിതയിലെ മാനവികതയുടെ പുനർവായന

കോവിഡാനന്തര കവിതയുടെ പ്രമേയങ്ങൾ കൂടുതൽ അന്തർമുഖവും സൂക്ഷ്മതലത്തിലുള്ളതുമായി. മരണം മുമ്പ് കവിതകളിൽ വീരമൃത്യുവോ വിധിയിലുള്ള പ്രതീക്ഷയോ ആയിരുന്നെങ്കിൽ, കോവിഡ് കാലത്ത് അത് വിലക്കുകളുള്ളതും അജ്ഞാതവുമായ ശക്തിയായി മാറി

Update: 2025-11-16 09:42 GMT

ലോകത്തെയാകമാനം മാറ്റിമറിച്ച കോവിഡ്-19 മഹാമാരി, അറബി സാഹിത്യത്തിലും, വിശേഷിച്ച് കവിതാരംഗത്ത്, ആഴമേറിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കി. ഈ പ്രതിഭാസം ‘അശ്ശിഇ്റുൽ-വബായി’ (The Pandemic Poetry) എന്ന പേരിൽ അറിയപ്പെടുന്നു. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ ശബ്ദമായി നിലകൊണ്ട അറബിക്കവിത, ഈ പുതിയ യാഥാർത്ഥ്യത്തോട് ഉടൻതന്നെ പ്രതികരിച്ചു. പഴയ ക്ലാസിക്കൽ അറബി കവിതയിലെ വീരത്വത്തിന്റെയും സംഘർഷത്തിന്റെയും പ്രമേയങ്ങളിൽ നിന്ന് മാറി, ഈ പുതിയ കവിതകൾ മനുഷ്യൻ്റെ ദുർബലതയിലും (Vulnerability), ഏകാന്തതയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മഹാമാരിക്ക് ശേഷമുള്ള അറബി കവിത, ഭയത്തിന്റെയും അതിജീവനത്തിന്റെയും പശ്ചാത്തലത്തിൽ, മാനവികതയുടെ ആന്തരിക സത്യം തേടിയുള്ള യാത്രയായി മാറി എന്ന് പറയാം.

Advertising
Advertising

വിഷയപരമായ പരിവർത്തനങ്ങൾ: ആന്തരിക സത്യത്തിലേക്കുള്ള യാത്ര

കോവിഡാനന്തര കവിതയുടെ പ്രമേയങ്ങൾ കൂടുതൽ അന്തർമുഖവും (Introspective) സൂക്ഷ്മതലത്തിലുള്ളതുമായി. മരണം മുമ്പ് കവിതകളിൽ വീരമൃത്യുവോ വിധിയിലുള്ള പ്രതീക്ഷയോ ആയിരുന്നെങ്കിൽ, കോവിഡ് കാലത്ത് അത് വിലക്കുകളുള്ളതും അജ്ഞാതവുമായ ശക്തിയായി മാറി. പരമ്പരാഗത കൂട്ടായ ദുഃഖാചരണങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ, കവികൾ ഈ ‘അകന്നുനിന്നുള്ള നഷ്ടത്തെ’ (Distance Grief) അതിശക്തമായി ആവിഷ്കരിച്ചു.

ക്വാറൻ്റൈൻ എന്ന അവസ്ഥ ഒരു തടവറ എന്നതിലുപരി, 'സ്വയം-സന്ദർശനത്തിനുള്ള ഇടമായി' പരിണമിച്ചു. ഇറാഖി കവിയായ അവ്വാദ് നാസർ, ക്വാറൻ്റൈനിലെ ഏകാന്തതയെ ശൂന്യമായ പെട്ടി എന്ന് വിശേഷിപ്പിച്ചു. പുറംലോകത്തിന്റെ ശബ്ദങ്ങളില്ലാതെ, കവിയുടെ ആത്മാവിനെ കേൾക്കാൻ ഈ ഏകാന്തത സഹായിച്ചു. തുനീഷ്യൻ കവിയായ അബ്ദുൽ അസീസ് അൽ-ഹമാമി ക്വാറൻ്റൈൻ അനുഭവങ്ങളെ "ആന്തരികമായ യാത്ര" ആയും ആത്മീയമായ ആവശ്യകതയായും കണ്ടു. ഈ ഏകാന്തതയാണ് കവിതയ്ക്ക് ആന്തരികമായ സത്യസന്ധത നൽകിയത്. മഹാമാരിയുടെ ആദ്യഘട്ടത്തിൽ, ദൈവത്തിലുള്ള ആശ്രയവും പ്രത്യാശയും കവിതകൾക്ക് ആത്മീയതയുടെ ഒരു പുതിയ മാനം നൽകി.

ശൈലീപരമായ പരിവർത്തനങ്ങൾ: പുതിയ രൂപകങ്ങളുടെ ആവിർഭാവം

കവിതയുടെ ശൈലിയിൽ വന്ന മാറ്റങ്ങൾ, അതിൻ്റെ ആഗോള സ്വീകാര്യത വർദ്ധിപ്പിച്ചു. അലങ്കാരങ്ങളുടെ ആധിക്യം കുറച്ച്, കവിതകൾ ലളിതവും നേരിട്ടുള്ളതുമായ ഭാഷയിലേക്ക് മാറി. ഇത് വാർത്താ റിപ്പോർട്ടിംഗിനോട് അടുത്ത രീതിയിൽ, സംഭവിച്ച കാര്യങ്ങൾ നേരിട്ട് അവതരിപ്പിച്ചു. പഴയ പ്രതീകങ്ങളായ ഒട്ടകം, മരുഭൂമി എന്നിവയ്ക്ക് പകരം മാസ്ക്, ബാൽക്കണി, നിശ്ശബ്ദത തുടങ്ങിയ പുതിയ രൂപകങ്ങൾ വന്നു. മാസ്ക് മറയ്ക്കലിന്റെ മാത്രമല്ല, അപരിചിതമായ ഒന്നിനോടുള്ള ഭയത്തെയും പ്രതിനിധീകരിച്ചു. ഒറ്റപ്പെടലിനെ കുറിക്കാൻ ബാൽക്കണിയും പ്രതീകമായി . കുവൈറ്റിലെ കവി ജമാലുസ്സദഖ ഈ പ്രമേയത്തെ ലളിതമായ വരികളിലൂടെ അവതരിപ്പിച്ചു: "മാസ്കണിയുക, ശുചി കാത്തീടുക, തുള്ളി തടുക്ക, അകൽച്ച വേണം. കൂട്ടിലമർന്നെ ഭീതിയെങ്ങിലും, സ്നേഹമാം ദീപം അണയാതെങ്ങിൽ!"

ലോക്ക്ഡൗൺ കാരണം, കവിതയുടെ പ്രക്ഷേപണം സോഷ്യൽ മീഡിയയിലേക്ക് മാറിയത് ഒരു വലിയ മാറ്റമായിരുന്നു. ഓഡിയോ രൂപത്തിലുള്ള കവിതകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം പുതിയ കവികളെ ദിനംപ്രതി സമ്മാനിച്ചു.

പ്രമുഖ കവികളും അവരുടെ ലോകവും

ഈ കവിതാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖർ തങ്ങളുടെ ദേശ-സാംസ്കാരിക പശ്ചാത്തലങ്ങൾ കവിതകളിൽ സന്നിവേശിപ്പിച്ചു. തുനീഷ്യക്കാരനായ അബ്ദുൽ അസീസ് അൽ-ഹമാമി ഏകാന്തതയും ആത്മീയ ആവശ്യകതയുമാണ് വിഷയമാക്കിയതെങ്കിൽ, ഇറാഖി കവിയായ അവ്വാദ് നാസർ, ലണ്ടനിലെ പ്രവാസ ജീവിതത്തിൽ ഏകാന്തതയുടെ സത്യസന്ധതയെക്കുറിച്ചും ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള പുനർവിചിന്തനത്തെക്കുറിച്ചും എഴുതി.

ഫലസ്തീനിയൻ കവയിത്രിയായ ഇബ്തിസാം അബൂ സഅദ, സ്ത്രീകളുടെയും കുട്ടികളുടെയും കാഴ്ചപ്പാടുകളിലൂടെ മഹാമാരിയുടെ സൂക്ഷ്മമായ ആഘാതങ്ങൾ കൃത്യമായി രേഖപ്പെടുത്തി. അവരുടെ കവിതകളിൽ യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും പശ്ചാത്തലത്തിൽ കോവിഡ് എങ്ങനെ പുതിയ വെല്ലുവിളിയായി എന്നും കാണാം. സിറിയൻ കവിയായ അബ്ദുൽ ഖാദിർ അൽ-ഹിസ്നി, ആഭ്യന്തരയുദ്ധത്തിന്റെ ദുരിതങ്ങൾക്കിടയിലും നിരന്തരം കവിതകൾ എഴുതിയ വ്യക്തിയാണ്. മാനവിക ഐക്യം അദ്ദേഹത്തിൻ്റെ കവിതകളുടെ കേന്ദ്രബിന്ദുവാണ്. കുവൈറ്റിലെ പ്രശസ്തനായ കവിയും പത്രപ്രവർത്തകനുമായിരുന്നു ജമാലുസ്സദഖ. ഈ കവികളിൽ സദഖ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം കോവിഡാനന്തര കവിതാ ലോകത്ത് ഇന്നും സജീവമാണ്.

2020 ന് ശേഷം അറബിക്കവിത, വാക്കിൻ്റെ നിലനിൽപ്പ് ശക്തിയെ (Endurance of the Word) അടിവരയിട്ടുറപ്പിച്ചു. ഇത് അറബ് സമൂഹത്തിന്റെ കൂട്ടായ ഓർമ്മപുസ്തകമായി (Collective Memory Book) വർത്തിച്ചു. ആരോഗ്യ പ്രവർത്തകരെ പുതിയ നായകന്മാരായി വാഴ്ത്തുന്നതിലൂടെയും, ആരോഗ്യ സംവിധാനങ്ങളുടെ വീഴ്ചകളെ പരോക്ഷമായി വിമർശിക്കുന്നതിലൂടെയും ഈ കവിതകൾ സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധത നിലനിർത്തി. മനുഷ്യൻ തന്റെ ഏറ്റവും ദുർബലമായ അവസ്ഥയിൽ പോലും, സൗന്ദര്യത്തെയും പ്രതീക്ഷയെയും വാക്കുകളിലൂടെ എങ്ങനെ സൃഷ്ടിച്ചെടുക്കുന്നു എന്നതിൻ്റെ ഏറ്റവും പുതിയതും ശക്തവുമായ ഉദാഹരണമാണ് കോവിഡാനന്തര അറബി കവിതകൾ.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ഡോ. ഹഫീദ് നദ്‌വി

contributor

Similar News