ഡോ.ഫാത്വിമ അബൂവാസ്വിൽ ഇഗ്ബാരിയ; അറബി ഭാഷയുടെ ആഗോള അംബാസിഡർ
ഭാഷ,സംസ്കാരം, സ്വത്വം എന്നീ മണ്ഡലങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ അതുല്യ വ്യക്തിത്വമാണ് ഡോ.ഫാത്വിമ
ഫലസ്തീൻ വേരുകളുള്ള ഈ അക്കാദമിഷ്യൻ, അറബി ഭാഷാ പഠനത്തെയും ഫലസ്തീൻ പൈതൃകത്തെയും ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു കേവലം അധ്യാപിക എന്നതിലുപരി, ആഗോള തലത്തിലെ പാഠ്യപദ്ധതി രൂപകർത്താവ്, അന്താരാഷ്ട്ര സാംസ്കാരിക പ്രവർത്തക, ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനത്തിനുള്ള പാലം പണിയുന്ന ശില്പി, എഴുത്തുകാരി എന്നീ നിലകളിൽ ശ്രദ്ധേയയാണ് ഡോ.ഫാത്വിമ അബൂവാസ്വിൽ ഇഗ്ബാരിയ.
അനറബികൾക്ക് അറബി (Arabic for Non-Native Speakers) എന്ന വിഷയത്തിലാണ് ഡോ. ഫാത്വിമ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇരുപത് വർഷത്തിലധികം നീളുന്ന ഈ അക്കാദമിക പാരമ്പര്യം ഗവേഷണം, അധ്യാപനം, ഭാഷാ-സാംസ്കാരിക പാഠ്യപദ്ധതികളുടെ രൂപകൽപ്പന എന്നിവയിൽ അധിഷ്ഠിതമാണ്. 'അറബിയ്യ: ലിൽ ആലം' (Arabic for the World) എന്ന അന്താരാഷ്ട്ര പാഠ്യപദ്ധതിക്ക് രൂപം നൽകിയത്, അറബി ഭാഷാ പഠനത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള മൗലിക കാഴ്ചപ്പാടിന് തെളിവാണ്. ഫലസ്തീനിയൻ സ്വത്വം, അറബി ഭാഷ, പ്രവാസ സാഹിത്യം, അധ്യാപനം എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് അവർ മേൽനോട്ടം വഹിക്കുന്നത് അക്കാദമിക രംഗത്തെ അവരുടെ വൈജ്ഞാനിക പ്രതിബദ്ധതയുടെ ആഴം വ്യക്തമാക്കുന്നു.
അക്കാദമിക സ്ഥാപനങ്ങളുടെ അതിർത്തികൾക്ക് അപ്പുറത്തേക്കും വ്യാപിച്ചു കിടക്കുന്നതാണ് അവരുടെ പ്രവർത്തന മണ്ഡലം. International Association for the Arabic Language പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രസിഡന്റ് എന്ന നിലയിലും, ഡെന്മാർക്ക് ആസ്ഥാനമായുള്ള 'ഹംസതു സമാഇ അൽ-ഥഖാഫ അൽ-ദൗലിയ്യ' പോലുള്ള സാംസ്കാരിക വേദികളുടെ അധ്യക്ഷ എന്ന നിലയിലും, അറബി സംസ്കാരത്തെയും ഭാഷയെയും ആഗോളതലത്തിൽ പ്രതിനിധീകരിക്കുന്നതിൽ അവർ സജീവമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കീഴിലുള്ള വനിതാ കോളേജിന്റെ (നിസാ) അക്കാദമിക് കൗൺസിൽ പ്രസിഡന്റ് എന്ന പദവി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിദ്യാഭ്യാസ മേഖലയുമായി അവർക്കുള്ള അടുത്ത ബന്ധം ഊട്ടിയുറപ്പിക്കുന്നു.
ഇന്ത്യ സന്ദർശിച്ചിട്ടുള്ള അവർ ഇന്ത്യയിൽ നടക്കുന്ന പല ഓൺലൈൻ കോൺഫറൻസുകളിലും പതിവായി പങ്കെടുത്തു വരുന്നു. ഐക്യരാഷ്ട്രസഭയുമായി അഫിലിയേറ്റ് ചെയ്ത കാനഡയിലെ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 'ഇന്റർനാഷണൽ പീസ് ലീഡർ' എന്ന ബഹുമതി ലഭിച്ചത്, സമാധാനം, സംസ്കാരം, വിദ്യാഭ്യാസം എന്നിവയിലൂടെ ലോകത്തിന് സംഭാവന നൽകാനുള്ള അവരുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ്.
ഡോ. ഫാത്വിമയുടെ ജീവിതത്തിൽ, ഫലസ്തീനിയൻ വിഷയം കേവലമൊരു രാഷ്ട്രീയ പ്രസ്താവന എന്നതിലുപരി, സാംസ്കാരികവും അക്കാദമികവുമായ ദൗത്യമായി നിലകൊള്ളുന്നു. ഡെൻമാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫലസ്തീനി സഹായക മേഖലകളിൽ ഇപ്പോഴും സജീവയാണ്.
ഫലസ്തീനിയൻ പൈതൃകം ആധികാരികമായി രേഖപ്പെടുത്തുക, പ്രവാസത്തിലെ അനുഭവങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക, അറബി ഭാഷയിലൂടെയും സംസ്കാരത്തിലൂടെയും ഫലസ്തീൻ സ്വത്വം ശക്തിപ്പെടുത്തുക എന്നിവയാണ് അവരുടെ പ്രധാന ലക്ഷ്യങ്ങൾ.'ഹംസ നെറ്റ്' പോലുള്ള അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകൾ ഈ സാംസ്കാരിക ചിന്തകളുടെ പ്രചാരണത്തിനായി അവർ ഉപയോഗിക്കുന്നു. 'പ്രവാസത്തിലെ അന്തഃപുരം' (ഹരീം ഫിൽ ഗുർബ), 'അവശിഷ്ടങ്ങൾക്കിടയിലെ ഗസ്സ: (ഗസ്സ ബൈനർറുകാം ) എന്നീ ആത്മകഥാംശമുള്ള കൃതികൾ ഫലസ്തീനിയൻ ജീവിതത്തിന്റെ ആഴത്തിലുള്ള അനുഭവങ്ങളെയും പ്രതിരോധത്തെയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു.
അറബി ഭാഷ ഗവേഷണ ഗ്രന്ഥങ്ങൾ, പ്രസ്തുത ഭാഷയുടെ ആഗോള സ്വാധീനത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. അറബി ഭാഷാ പഠനം, കവിത, നോവൽ, ഗവേഷണം, തുടങ്ങി വിവിധ സാഹിത്യ-ജ്ഞാന ശാഖകളിലായി പരന്നു കിടക്കുന്ന അവരുടെ ഗ്രന്ഥസമ്പത്ത്, ഡോ.ഫാത്വിമയുടെ ബഹുമുഖമായ അറിവിന്റെ ആഴം വെളിപ്പെടുത്തുന്നു.
അക്കാദമിക മികവും സാംസ്കാരിക ദൗത്യവും ഒത്തുചേരുന്നതാണ് അവരുടെ പ്രഭാഷണങ്ങൾ. മൊറോക്കോകാരനായ
ഇണ എഞ്ചിനീയർ അബ്ദുൽ ഹഫീസ് ഇഗ്ബാരിയയുടെയും മക്കളുടെയും കൂടെ ഡെൻമാർക്കിലാണ് താമസം.
പാശ്ചാത്യ ലോകത്ത് നിന്നും ഫലസ്തീൻ പൈതൃകത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുകയും, സമാധാനപരമായ സാംസ്കാരിക കൈമാറ്റത്തിലൂടെ ലോകത്തിന് ഒട്ടേറെ സംഭാവന നൽകുകയും ചെയ്യുന്ന ഈ ബഹുമുഖ വ്യക്തിത്വം, ഭാവി തലമുറയ്ക്ക് വലിയ പ്രചോദനമാണ്,ഭാഷാ കുതുകികൾക്ക് ഒരു റഫറൻസും.