‘ഒന്നും പഠിക്കാത്ത മനുഷ്യനാണ് വിജയന്‍’; എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴു -വായനാനുഭവം
ഒരിക്കലും അരങ്ങില്‍ വരാത്ത 'മരിച്ചുപോയ പെണ്‍കുട്ടി 'യാണ് കഥയെ അദൃശ്യ സാന്നിധ്യം കൊണ്ട് വിസ്മയകരമായ അനുഭവമാക്കുന്നത്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളിലും വലിയ പൊരുള്‍ ഒളിഞ്ഞ്കിടക്കുന്നുണ്ട് എന്ന വലിയ പാഠമാണ് വായനക്കാരന് ലഭിക്കുന്നത്.
സാംസ, ഇലു, സ്റ്റീഫന്‍, മാര്‍ക്ക് സര്‍, നടാഷ, വിജയന്‍, ആനി .. നൂറ് പുസ്തകങ്ങള്‍ വായിച്ചാലും മറക്കാന്‍ സാധ്യതയില്ലാത്ത പേരുകളാണിവ. കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇത്രത്തോളം ഇഷ്ടപ്പെടുകയും സ്വാധീനിക്കുകയും ചെയ്ത ഒരു പുസ്തകം എന്ന നിലയില്‍ മൂല്യവത്തായ വായന സമ്മാനിക്കുന്ന ഒന്നാണ് എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു എന്ന നോവല്‍. വിജയന്‍ എന്ന ഒരു പരാജിതന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. നോവലിലെ ഒരു പ്രധാന കഥാപാത്രമായ സാംസ എന്ന കുട്ടിയുടെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അനുഭവിക്കുന്ന ഏകാന്തതയും പ്രതീക്ഷകളും കഥയിലുടനീളം കാണാം. സാംസയെ വളര്‍ത്തുന്നതിനിടയില്‍ അവന്റെ അമ്മ അനുഭവിക്കുന്ന പലതരത്തിലുള്ള പ്രതിസന്ധികളും മാനസിക പ്രയാസങ്ങളും കഥയെ മറ്റൊരു തലത്തിലേക്ക് കൂടി കൊണ്ടുപോവുന്നു.
കഥയിലെ ഓരോ കഥാപാത്രങ്ങളും പല തലങ്ങളിലേക്ക് ചിന്തകളെ കൊണ്ടുപോവാനിടവരുത്തുന്നുണ്ട്. നിസ്സംഗതയുടെ മൂടുപടമണിഞ്ഞ് ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും പുതിയ കുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒന്നും പഠിക്കാത്ത മനുഷ്യനാണ് വിജയന്‍ എന്ന കഥാപാത്രം. സ്വന്തമായി പല സംരംഭങ്ങളും ആരംഭിക്കുകയും തകര്‍ച്ചയും കുറ്റങ്ങളും മാത്രം ഫലം കാണുകയും ചെയ്ത ദയനീയ മനുഷ്യന്‍. പരാജിതനായ വിജയന്റെ ഭാര്യയാണ് ആനി. വിജയന്റെ ഭാര്യയായതിന്റെ പിന്നിലെ കഥയും അതിന് ശേഷം അവരുടെ ദാമ്പത്യജീവിതത്തില്‍ ഉണ്ടായ വിള്ളലുകളും സ്‌നേഹവും അത്ഭുതമെന്നോണം സാംസ എന്ന കുഞ്ഞിന് ജന്മം കൊടുക്കാനിടയായ സാഹചര്യവും പിന്നീട് അനുഭവിക്കേണ്ടി വന്ന ഞെരുക്കങ്ങളുമെല്ലാം പിരിമുറുക്കത്തോടെ വായിച്ചുപോവും. ആനിക്ക് ഒരുപാട് കാര്യങ്ങള്‍ ഓര്‍ക്കാനുണ്ട്. വിജയനെ കണ്ടുമുട്ടുന്നത് മുതല്‍ കുഞ്ഞിന് ജന്മം കൊടുക്കുന്നത് വരെയുള്ള ജീവിത പോരാട്ടങ്ങള്‍. അതിലൂടെ സ്വയം ആര്‍ജിച്ചെടുത്ത ഊര്‍ജം. ആനി ആര്‍ജിച്ചെടുത്തതുപോലുള്ള ഊര്‍ജമാണ് ഓരോ മനുഷ്യനെയും മുന്നോട്ട് നയിക്കുന്നത്.
സാംസയാണ് മകന്‍. പ്രധാന കഥാപാത്രം. ഏകാന്തതയെ ജീവിതത്തിലെ കൂടപ്പിറപ്പായി കൊണ്ടുനടക്കുന്ന കൗമാരക്കാരൻ. ഓരോ സന്ദര്‍ഭങ്ങളിലും എന്തായിരിക്കും അടുത്തത് എന്ന ഗൗരവമുള്ള ചോദ്യങ്ങളും പ്രതീക്ഷകളുമായി മുന്നോട്ടുപോകുന്നവൻ . അച്ഛന്റെ എല്ലാ ദയനീയ അവസ്ഥകളും നോക്കിനില്‍ക്കേണ്ടിവന്ന നിസ്സഹായനായ മകന്‍. ഒരോ ദിവസവും കടയില്‍ നിന്നും അച്ഛന്‍ വരുന്നതും കാത്തിരിക്കുന്ന ഭാര്യയും മകനും. വരുന്നില്ലെന്ന് തോന്നിയാല്‍ പോയി അന്വേഷിക്കും സാംസ. അച്ഛന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ പോലും അതിന് സാക്ഷിയായി നിന്ന് കണ്ണ് നിറക്കേണ്ട അവസ്ഥയാണ് സാംസക്ക്.
ഉന്മാദത്തിന്റെ ഇടവേളകളില്‍ ശ്യാമയെ പ്രണയിക്കുന്ന സ്റ്റീഫന്‍ പ്രധാന കഥാപാത്രമാണ്. ഇലുവിനെ സാംസക്ക് നല്‍കിയത് സ്റ്റീഫനാണ്. ഭ്രാന്ത് ഒരു വിധത്തില്‍ മനുഷ്യന് പല പ്രയാസങ്ങളെയും മറക്കാനും അതിലെ പിരിമുറുക്കം ഇല്ലാതാക്കാനും കാരണമാവും എന്നത് എത്ര ശരിയാണ്. സ്റ്റീഫന് വേണ്ടപ്പെട്ട ആളാണ് സാംസ. സാംസക്ക് അങ്ങോട്ടും അങ്ങനെതന്നെ. പലപ്പോഴും സാംസയുടെ കൂടെ നടക്കുകയും നിരവധി വര്‍ത്തമാനങ്ങളിലൂടെ പരസ്പരം അടുക്കുകയും ചെയ്ത രണ്ട് വ്യക്തികള്‍. ഒടുവില്‍ സ്റ്റീഫന്റെ മരണം സാംസയെ മാത്രമല്ല എല്ലാവരെയും പ്രയാസപ്പെടുത്തിയതായിരുന്നു .പിന്നീട് ഇലു മരണപ്പെടുന്നു. അതും സാംസക്ക് വലിയൊരു ദുരന്തമായിരുന്നു .ഒരിക്കലും അരങ്ങില്‍ വരാത്ത 'മരിച്ചുപോയ പെണ്‍കുട്ടി 'യാണ് കഥയെ അദൃശ്യ സാന്നിധ്യം കൊണ്ട് വിസ്മയകരമായ അനുഭവമാക്കുന്നത്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളിലും വലിയ പൊരുള്‍ ഒളിഞ്ഞ്കിടക്കുന്നുണ്ട് എന്ന വലിയ പാഠമാണ് വായനക്കാരന് ലഭിക്കുന്നത്.