രണ്ടു തലമുറകൾ, രണ്ട് അഭിരുചികൾ: അറബി സാഹിത്യത്തിലെ ഭിന്നധാരകൾ

ഭൗതികവും രാഷ്ട്രീയപരവുമായ നിലനിൽപ്പിനായുള്ള സമരത്തെ സാഹിത്യമാക്കിയ ഭൂതകാലവും, ആധുനിക മനുഷ്യൻ്റെ വൈകാരികമായ ഉൾവലിച്ചിലുകളെ പ്രണയത്തിലൂടെ അഭിമുഖീകരിക്കുന്ന വർത്തമാനകാലവും ഈ എഴുത്തുകാരികളിൽ നിന്നും വായിക്കാം. മൊറോക്കോയിലെ വിപ്ലവവീര്യം തുളുമ്പുന്ന കഥാകാരിയായ ഖനാസ ബനൂനയും, യമൻ-ജോർദാൻ പശ്ചാത്തലമുള്ള ന്യൂ-ജെൻ റൊമാൻ്റിക് നോവലിസ്റ്റായ ശദ അൽ-ഖത്വീബും

Update: 2025-10-15 11:55 GMT

കൊറോണയുടെ ആദ്യ മാസം ​ഒരൊറ്റ ആഴ്ചയുടെ നേരിയ ഇടവേളയിൽ അറബ് സാഹിത്യത്തിലെ രണ്ട് വിരുദ്ധ ധ്രുവങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ട് എഴുത്തുകാരികളെ പരിചയപ്പെടാൻ സാധിച്ചു. അവരിലൂടെ സമകാലീന അറബി സാഹിത്യധാരകളിലെ കാലികമായ പരിണാമങ്ങളെ അടുത്തറിയാൻ കഴിഞ്ഞു എന്നു പറയലാവും സത്യം.

ഭൗതികവും രാഷ്ട്രീയപരവുമായ നിലനിൽപ്പിനായുള്ള സമരത്തെ സാഹിത്യമാക്കിയ ഭൂതകാലവും, ആധുനിക മനുഷ്യൻ്റെ വൈകാരികമായ ഉൾവലിച്ചിലുകളെ പ്രണയത്തിലൂടെ അഭിമുഖീകരിക്കുന്ന വർത്തമാനകാലവും ഈ എഴുത്തുകാരികളിൽ നിന്നും വായിക്കാം. മൊറോക്കോയിലെ വിപ്ലവവീര്യം തുളുമ്പുന്ന കഥാകാരിയായ ഖനാസ ബനൂനയും, യമൻ-ജോർദാൻ പശ്ചാത്തലമുള്ള ന്യൂ-ജെൻ റൊമാൻ്റിക് നോവലിസ്റ്റായ ശദ അൽ-ഖത്വീബും എന്നീ ഭിന്നധാരകളെയാണ് മലയാള വായനക്കാർക്ക് മുമ്പാകെ അവതരിപ്പിക്കുന്നത്.  ​അറബ് സാഹിത്യത്തിലെ തീവ്രമായ രാഷ്ട്രീയബോധത്തെ പ്രതിനിധാനം ചെയ്യുന്ന ഖനാസ ബനൂനയുടെ ലോകം 1970-കളിലെ വിപ്ലവകാലഘട്ടത്തിൽ വേരൂന്നിയതാണ്. 1940-ൽ മൊറോക്കോയിൽ ജനിച്ച അവർ ഇന്നും ഫെസിലെ ജനിച്ച മണ്ണിൽ ജീവിച്ചിരിക്കുമ്പോഴും, അവരുടെ എഴുത്ത് വിപ്ലവകാരിയുടെയും പോരാട്ടവീര്യം തുളുമ്പുന്നവരുടെയും ശബ്ദമാണ്. അവരുടെ 'ഖത്‌ലാ വ ലാ മൗത്' (കൊല്ലാക്കൊല) എന്ന ചെറുകഥ ഫലസ്തീൻ പോരാട്ടസാഹിത്യത്തിന് ഇന്ധനമാവാനുള്ള കെല്പുള്ള തീക്കനലായി നിലകൊള്ളുന്നു. 

Advertising
Advertising

 ഖനാസ ബനൂന

പിറന്ന നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഭർത്താവിൻ്റെ ഓർമ്മകളുമായി ജീവിക്കുന്ന വിധവയായ സന എന്ന യുവതിയും മകൻ സഅദും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ രചന,വിനഷ്ടമായ ജന്മനാടിനെ സ്വപ്നം കാണുന്ന പരമ്പരാഗത ഫലസ്തീൻ അഭയാർഥി അനാഥകുടുംബത്തിൻ്റെ നേർചിത്രമാണ്. ‘ഫലസ്തീൻ എൻ്റെയും നിൻ്റെയും ഹൃദയത്തിലാണ് കുഞ്ഞേ’ എന്ന് സമൂഹത്തോട് സധൈര്യം വിളിച്ചു പറയുന്ന സന, കല്ലുകൾ കഥ പറഞ്ഞ ഫലസ്തീൻ്റെ ഇന്നലെകളെ കുറിച്ച് മകൻ സഅദിനെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട്, പോരാട്ടവീര്യം വരുംതലമുറയിൽ സജീവമായി നിലനിർത്താൻ ശ്രമിക്കുന്നു. സഅദിൻ്റെ കൈയിലെ കല്ലുപോലെ മൂർച്ചയുള്ളതാണ് ഈ കഥയുടെ പ്രമേയവും. കേവലമൊരു ആത്മകഥാസ്പർശമുള്ള തുറന്നെഴുത്തിൻ്റെ പരിമിതികൾക്കപ്പുറം, നിലനിൽപ്പിനായുള്ള ഒരു ജനതയുടെ ശക്തമായ സമരപ്രഖ്യാപനമാണ് ഈ കൃതിയുടെ കാതൽ. അവരുടെ മറ്റു കഥകളും നോവലുകളും ഇതേ ഭാവ തീവ്രതയെ പ്രത്യക്ഷീകരിക്കുന്നു.

​എന്നാൽ, 1975-ൽ യമനിൽ ജനിച്ച ശദ അൽ-ഖത്വീബിൻ്റെ സാഹിത്യവ്യവഹാരം തീർത്തും വ്യത്യസ്തമായൊരു ധ്രുവത്തിലാണ് നിലയുറപ്പിക്കുന്നത്.ജോർദാനിലും സൗദി അറേബ്യയിലുമായി സാഹിത്യ ലോകത്ത് പ്രവർത്തിക്കുന്ന ശദ, പുതിയ കാലത്തിൻ്റെ റൊമാൻ്റിക് ഭാവങ്ങളെയാണ് തൻ്റെ രചനകളിലൂടെ ആവിഷ്കരിക്കുന്നത്. അവരുടെ 'ഇശ്ഖും വ മൗത്' (പ്രേമവും മരണവും) എന്ന കൃതി, ലോക്ഡൗൺ കാലത്ത് രണ്ടാമതും പൂത്തുലയുന്ന തൊണ്ണൂറുകളിലെ കലാലയ പ്രണയത്തിൻ്റെ ചിത്രം വരച്ചുകാട്ടുന്നു. ഇവിടെ കഥാപാത്രങ്ങൾ രാഷ്ട്രീയ സമരമുഖങ്ങളിലെ സനയോ സഅദോ അല്ല, മറിച്ച് പൗരാണിക പ്രണയകഥകളിലെ അനശ്വര കാമുകീ-കാമുകന്മാരായ ഖൈസും ലൈലയുമൊക്കെയാണ്.

പുതിയ കാലത്തെ പ്രണയത്തിൻ്റെ 'ഇശ്ഖ്' (പ്രേമസുഗന്ധം) പഴയ കഥാപാത്രങ്ങളിലൂടെ ആവിഷ്‌കരിക്കാനാണ് ശദ ശ്രമിക്കുന്നത്. അവരുടെ മൂന്നാം തലമുറ, ഒന്നാം തലമുറയുടെ സാങ്കല്പിക ലോകത്ത് ജീവിക്കുമ്പോഴും, അതിൻ്റെ ഭാവം ലൈലയുടെ വാട്‌സാപ്പിലെ സന്ദേശം പോലെ, കാല്പനികതയും മൃദുല വികാരങ്ങളും നിറഞ്ഞതാണ്. ഈ രചനയും ആത്മകഥാസ്പർശമുള്ള തുറന്നെഴുത്താണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും, അതിന്റെ പ്രമേയം വ്യക്തിഗതമായ വൈകാരികാനുഭൂതികളിലാണ് കേന്ദ്രീകരിക്കുന്നത്.

 

ശദ അൽ-ഖത്വീബ് 

​ഈ രണ്ട് എഴുത്തുകാരികളുടെ രചനകളിലെയും 'കാതൽ' തമ്മിൽ വലിയ അന്തരമുണ്ട്. 

ഖനാസ ബനൂനയുടെ ലോകം 1970-കളിലെ വിപ്ലവവും പോരാട്ടവുമാണ്; രാഷ്ട്രീയ ബോധമാണ് അവരുടെ രചനയുടെ അടിസ്ഥാനമെങ്കിൽ, ശദ അൽ-ഖത്വീബിൻ്റെ ലോകം ആധുനിക കാലത്തെ ഓൺലൈൻ പ്രണയവും വ്യക്തിപരമായ വികാരങ്ങളുമാണ്; കാല്പനികതയാണ് അതിൻ്റെ കേന്ദ്രബിന്ദു. ഖനാസയുടെ കഥ, സഅദിൻ്റെ കൈയ്യിലെ കല്ലുപോലെ മൂർച്ചയുള്ളതും നിലനിൽപ്പിനായുള്ള സമരവീര്യം നിറഞ്ഞതുമാണ്. എന്നാൽ, ശദയുടെ കഥ, പ്രണയത്തിൻ്റെ മൃദുലമായ ഭാവങ്ങളിലേക്കാണ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒന്ന് ജന്മനാടിനോടുള്ള അടങ്ങാത്ത അഭിനിവേശവും നഷ്ടബോധവുമാണെങ്കിൽ, മറ്റേത് വ്യക്തിഗതമായ 'ഇശ്ഖ്' മാത്രമാണ്.

​അറബ് സാഹിത്യത്തിലെ ഈ രണ്ട് തലമുറകൾ, ഒരു ജനതയുടെ സാമൂഹിക-രാഷ്ട്രീയ പരിണാമത്തിൻ്റെ വ്യത്യസ്ത മുഖങ്ങളാണ് നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. രാഷ്ട്രത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും സംസാരിച്ച ഒരു തലമുറയിൽ നിന്ന്, വ്യക്തിപരമായ വികാരങ്ങളെയും സൗന്ദര്യാനുഭൂതികളെയും അന്വേഷിക്കുന്ന മറ്റൊരു തലമുറയിലേക്കുള്ള മാറ്റം അറബ് ലോകം അവരുടെ സാഹിത്യത്തിലൂടെ അടയാളപ്പെടുത്തുന്നു. രണ്ട് എഴുത്തുകാരികളും അവരവരുടെ കാലഘട്ടങ്ങളോട് നീതി പുലർത്തുന്നു. ഖനാസയുടെ തീവ്രതയും ശദയുടെ മൃദുലതയും അറബ് സാഹിത്യത്തിന് വ്യത്യസ്തമായ മാനങ്ങൾ നൽകുന്നുണ്ട് എന്ന് പറയാതെ വയ്യ.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ഡോ. ഹഫീദ് നദ്‌വി

contributor

Similar News