അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയം; വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
രണ്ടുമാസം മുമ്പാണ് ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ തോളിലേറ്റി 27 കാരനായ അഫ്സൽ ബഹറൈനിൽ എത്തിയത്
തിരൂർ:ഒരു നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി മലപ്പുറം വെട്ടിച്ചിറ സ്വദേശി മുഹമ്മദ് അഫ്സലിന്റെ വിയോഗം. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. മാതാപിതാക്കളും മൂന്നു സഹോദരിമാരുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഫ്സൽ.
രണ്ടുമാസം മുമ്പാണ് ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ തോളിലേറ്റി 27 കാരനായ അഫ്സൽ ബഹറൈനിൽ എത്തിയത്. ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ തുടർച്ചയായി പനി പിടിപെട്ടു. രോഗം മാറാതെ വന്നപ്പോഴാണ് നാട്ടിലെത്തി ചികിത്സിക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്നതിന്റെ അൽപം മുമ്പാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാടിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളിലും ഭാഗമാകുന്ന അഫ്സലിന്റെ വിയോഗത്തിൽ നാട്ടുകാരും വലിയ വേദനയിലാണ്.
രോഗം ഭേദമായി സ്വപ്നങ്ങൾക്ക് വീണ്ടും നിറംനൽകാമെന്ന പ്രതീക്ഷയിൽ ആയിരുന്നു അഫ്സൽ. മകനായി കരുതലോടെ കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിൽ ചേതനയറ്റ ശരീരമാണ് തിരിച്ചെത്തിയത്. കുടുംബത്തോടൊപ്പം ഒരു നാട് മുഴുവൻ അഫ്സലിന്റെ വിയോഗത്തിൽ വിലപിക്കുകയാണ്.