നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം
കേന്ദ്ര സർക്കാർ എല്ലാ സഹായവും ചെയ്യുന്നുണ്ട്. അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ന്യൂഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കേന്ദ്ര സർക്കാർ എല്ലാ സഹായവും ചെയ്യുന്നുണ്ട്. അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ ഇന്നലെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. കാന്തപുരം യെമനിലെ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ വഴി നടത്തിയ ചർച്ചകളാണ് വധശിക്ഷ മാറ്റിവെക്കാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ.
നിമിഷപ്രിയ യെമനിൽ നഴ്‌സായി ജോലി ചെയ്യുമ്പോൾ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യെമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായിൽ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റിൽ നിമിഷപ്രിയ അറസ്റ്റിലായി. വിചാരണക്ക് ശേഷം 2018ലാണ് യെമൻ കോടതി വധശിക്ഷ വിധിച്ചത്.