അസമിലേത് ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജ്; സോളിഡാരിറ്റി

വംശീയതക്കെതിരായ പോരാട്ടത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും ഒരുമിച്ചു നിന്ന് പോരാടണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Update: 2025-07-17 12:52 GMT
Advertising

കോഴിക്കോട് : അസമിൽ ആയിരക്കണക്കിന് സാധാരണക്കാരുടെ വീടുകൾ ബുൾഡോസർ വെച്ച് ഇടിച്ചു നിരപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച വ്യക്തിയെ വെടിവെച്ചു കൊന്ന പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് വെടിവെപ്പിൽ ഖുതുബുദ്ധീൻ ശൈഖ് എന്ന വ്യക്തി കൊല്ലപ്പെടുകയും നിരവധി പേർക്ക് മാരകമായ രീതിയിൽ പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ ദിവസം അസമിൽ മുസ്ലിങ്ങൾ തിങ്ങിത്താമസിക്കുന്ന ഗോൾപാറയിലെ ആയിരക്കണക്കിന് വീടുകൾ ബുൾഡോസർ ഉപയോഗിച്ച് സർക്കാർ ഇടിച്ചു നിരത്തിയിയിരുന്നു. ബംഗ്ലാദേശികളാണ് എന്നാരോപിച്ചാണ് ഒറ്റരാത്രി കൊണ്ട് 33000 മുസ്ലിങ്ങളെ ഭവനരഹിതരാക്കി വീടുകളിൽ നിന്ന് പുറന്തള്ളിയത്. ഗുജറാത്തിൽ നിന്നും ഒഡീഷയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമൊക്കെ ആയിരക്കണക്കിന് ബംഗാളികളായ മുസ്ലിം തൊഴിലാളികളെ, മാധ്യമങ്ങളിലൂടെ കള്ളക്കഥകൾ പ്രചരിപ്പിച്ച് അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ബംഗ്ലാദേശിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന അതിഭീകരമായ അവസ്ഥയാണവിടെ നടക്കുന്നത്. പ്രതിഷേധിക്കുന്നവരെ ക്രൂരമായാണ് പോലീസ് നേരിടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മുസ്ലിം വംശഹത്യയുടെ തുടർച്ചതന്നെയാണിത്. ബോൾഡോസർ രാജിന് തടയിട്ട സുപ്രീം കോടതി തീർപ്പിന് വിരുദ്ധവുമാണിതെന്ന് സോളിഡാരിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യാ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കുടിയേറ്റം, അനധികൃതം, വനം കയ്യേറ്റം തുടങ്ങിയ വാക്കുകളുപയോഗിച്ചുള്ള ഭരണകൂട ന്യായീകരണത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 2024 ജൂലൈയിൽ ഫ്രണ്ട്‌ലൈൻ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം ഒന്നര ലക്ഷം വീടുകളാണ് അതുവരെ ഹിന്ദുത്വ ഭരണകൂടം ബുൾഡോസറുകളുപയോഗിച്ചു തകർത്ത് തരിപ്പണമാക്കിയത്. ഏഴ് ലക്ഷത്തി മുപ്പത്തിയെണ്ണായിരം പേരാണ് അത് കാരണം ഭവനരഹിതരാക്കപ്പെട്ടത്. അതിൽ ചുരുക്കം ചിലത് മാറ്റി നിർത്തിയാൽ ഭൂരിഭാഗവും മുസ്ലിംകളാണ്. ഹിന്ദുത്വ ഭരണകൂടത്തിന്റെ ബുൾഡോസർ ഭീകരതയുടെ ഈ കണക്കുകൾക്ക് ഒരു വർഷത്തെ പഴക്കമുണ്ട്.

ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ വന്നതിനുശേഷം രാജ്യം സാക്ഷ്യം വഹിച്ച അതിഭീകരമായ രണ്ടു മുസ്ലിം വിരുദ്ധ നിയമങ്ങളായിരുന്നു സിഎഎയും വഖ്ഫ് ഭേദഗതി നിയമവും. സകല നിയമസംഹിതകളെയും ഭരണഘടനാ അവകാശങ്ങളെയും നോക്ക് കുത്തികളാക്കിയാണ് കോടതി തീർപ്പു കൽപ്പിക്കാത്ത ഈ രണ്ട് നിയമങ്ങളെയും ഒരേസമയം പ്രാവർത്തികമാക്കുന്നത്. പൗരത്വ നിയമം എങ്ങനെയാണ് ഒരു ജനവിഭാഗത്തെ വംശീയമായി ഉന്മൂലനം ചെയ്യുക എന്ന ഹിന്ദുത്വത്തിന്റെ 'ലൈവ് സ്‌ക്രീനിംഗ്' ആണ് അസമിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിഭീകരമാം വിധം ഇവയെല്ലാം നോർമലൈസ് ചെയ്യപ്പെടുകയും പലപ്പോഴും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരാതിരിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ പൊതുബോധം നിശ്ശബ്ദത കൊണ്ട് മൂടപ്പെട്ടിരിക്കുന്ന അപകടകരമായ സാഹചര്യമാണുള്ളത്. ഈ നിശ്ശബ്ദതയെ ഭേദിച്ച്, വംശീയതക്കെതിരായ പോരാട്ടത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും ഒരുമിച്ചു നിന്ന് പോരാടണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

എല്ലാ ജില്ലകളിലും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾക്ക് ആഹ്വനം ചെയ്തതായും സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് അറിയിച്ചു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News