നിപ ജാഗ്രത: മണ്ണാർക്കാട് താലൂക്കിൽ മാസ്‌ക് നിർബന്ധമാക്കി

കണ്ടെയ്ൻമെന്റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' ഏർപ്പെടുത്തി

Update: 2025-07-17 12:10 GMT
Advertising

മണ്ണാർക്കാട്: പാലക്കാട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 26 (2) പ്രകാരവും, പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 42 (1) പ്രകാരവുമാണ് ഉത്തരവ്. രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതുഇടങ്ങളിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവിലുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുകയും പുറത്ത് ജോലി ചെയ്യുകയും ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും, പുറത്ത് താമസിക്കുകയും കണ്ടെയ്ൻമെന്റ് സോണുകളിൽ ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കും അതാത് ജില്ലാ ഓഫീസ് മേധാവികൾ പരമാവധി 'വർക്ക് ഫ്രം ഹോം' സൗകര്യം ഒരുക്കണം. 'വർക്ക് ഫ്രം ഹോം' സാധ്യമല്ലാത്ത ജീവനക്കാർക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളതായും ഉത്തരവ് ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുമെന്നും ജില്ലകലക്ടർ അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ട സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികൾക്കും കണ്ടെയിൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ, ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ ഓൺലൈൻ ക്ലാസ് സൗകര്യം നിർബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News