Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കണ്ണൂര്‍:ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഷെറിന് ശിക്ഷാ ഇളവ് നല്‍കി ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പരോളിലായിരുന്ന ഷെറിന്‍ ഇന്ന് നാലുമണിയോടെയാണ് കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.
ഷെറിന്‍ ഉള്‍പ്പെടെ 11പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ശിക്ഷാ ഇളവ് നല്‍കണമെന്ന ശിപാര്‍ശ കഴിഞ്ഞദിവസമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. പതിനാല് വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചനം.
2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്.