'പ്രവർത്തകർ പരസ്പര പോരിലേക്കും അധിക്ഷേപത്തിലേക്കും പോവരുത്'; എംഎസ്എഫിനെതിരായ കെഎസ്‌യു വർ​ഗീയ പരാമർശത്തിൽ അലോഷ്യസ് സേവ്യർ

'ചില ക്യാമ്പസുകളിൽ നിന്നെങ്കിലും പുറത്തുവരുന്ന കെഎസ്‌യു- എംഎസ്എഫ് തർക്കങ്ങൾ ശുഭകരമല്ല'.

Update: 2025-10-09 17:42 GMT

കോഴിക്കോട്: കൊടുവള്ളി ഓർഫനേജ് കോളജ് യൂണിയൻ ഭരണം നേടിയതിന് പിന്നാലെ എംഎസ്എഫിനെതിരെ കെഎസ്‌യു വർഗീയ പരാമർശം നടത്തിയ സംഭവത്തിൽ പ്രവർത്തകർക്ക് നിർദേശവുമായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ചില ക്യാമ്പസുകളിൽ നിന്നെങ്കിലും പുറത്തുവരുന്ന കെഎസ്‌യു- എംഎസ്എഫ് തർക്കങ്ങൾ ശുഭകരമല്ല. സൗഹൃദ മത്സരത്തിനപ്പുറം പരസ്പര പോരുകളിലേക്കും വ്യക്തികളെയും സംഘടനകളേയും അധിക്ഷേപിക്കുന്ന തരങ്ങളിലേക്കും തെരഞ്ഞെടുപ്പ് വിജയ- പരാജയങ്ങൾ എത്താതിരിക്കാൻ സഹപ്രവർത്തകർ ശ്രദ്ധിക്കണമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അലോഷ്യസ് സേവ്യറിന്റെ പ്രതികരണം.

Advertising
Advertising

'ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കലാലയങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് കെഎസ്‌യു- എംഎസ്എഫ് വിദ്യാർഥികൾ ഒറ്റയ്ക്കും മുന്നണിയായും നേടിയത്. 40 വർഷം എസ്എഫ്ഐ അടക്കിവച്ചിരുന്ന അറയ്ക്കൽ സിജുവിന്റെ പേരാമ്പ്ര സികെജി കോളജിൽ അവർക്ക് പതനമുണ്ടായി. ഗുരുവായൂരപ്പൻ കോളജ് ഉൾപ്പെടെ എത്രയോ കോളജുകൾ എസ്എസ്ഐക്ക് നഷ്ടമായിരിക്കുന്നു'.

'പത്ത് വർഷക്കാലം കേരളം ഭരിച്ചുമുടിച്ച പിണറായി സർക്കാരിനെ താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യവുമായി നമ്മൾ മുന്നോട്ടുപോവുകയാണ്. പ്രതിപക്ഷ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളുടെ സഹപ്രവർത്തകരെ വേട്ടയാടിയ ഈ സർക്കാരിന്റെ അന്ത്യം കുറിക്കാൻ ഏതാനും നാളുകൾ മാത്രമേ മുന്നിലുള്ളൂ. ഒരുമിച്ച് മുന്നേറി ഈ ദുരന്ത സർക്കാരിനെ താഴെ ഇറക്കാം'- അലോഷ്യസ് സേവ്യർ കുറിച്ചു.

'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു' എന്നായിരുന്നു കൊടുവള്ളി ഓർഫനേജ് കോളജിലെ കെഎസ്‌യു പ്രവർത്തകർ ബാനറിൽ എഴുതിയത്. കോളജ് തെരഞ്ഞെടുപ്പിൽ എംഎസ്എഫ്- കെഎസ്‌യു തമ്മിലായിരുന്നു മത്സരം. ജനറൽ സീറ്റുകളിൽ എട്ടും കെഎസ്‌യു വിജയിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു വിവാദ ബാനർ.

അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കലാലയങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് കെഎസ്‌യു- എംഎസ്എഫ് വിദ്യാർത്ഥികൾ ഒറ്റക്കും മുന്നണി ആയും നേടിയത്. 40 വർഷം എസ് എഫ് ഐ അടക്കി വച്ചിരുന്ന അറയ്ക്കൽ സിജുവിന്റെ പേരാമ്പ്ര സികെജി കോളേജിൽ ഉണ്ടായ പതനവും, ഗുരുവായൂരപ്പൻ കോളേജ് ഉൾപ്പെടെ എത്രയോ കോളേജുകൾ എസ്.എസ്.ഐക്ക് നഷ്ടമായിരിക്കുന്നു!

എന്നാൽ ചില ക്യാമ്പസുകളിൽ നിന്നെങ്കിലും പുറത്തുവരുന്ന കെ.എസ്.യു - എം.എസ്.എഫ് തർക്കങ്ങൾ ശുഭകരമല്ല, മുന്നണിയോ ഒറ്റക്കോ എന്നെല്ലാം തീരുമാനിക്കപ്പെടുന്നത് ക്യാമ്പസുകളിലെ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിശോധിച്ചാണ്, സൗഹൃദ മത്സരത്തിലപ്പുറം പരസ്പര പോരുകളിലേക്കും വ്യക്തി അതിക്ഷേപത്തിലേക്കും സംഘടനകളെ അധിക്ഷേപിക്കുന്ന തരങ്ങളിലേക്കും തിരഞ്ഞെടുപ്പ് വിജയ-പരാജയങ്ങൾ എത്താതിരിക്കാൻ പ്രിയപ്പെട്ട സഹപ്രവർത്തകർ ശ്രദ്ധിക്കുമല്ലോ?

ഇടപെടലുകളും ചർച്ചകളുമാണ് കാര്യങ്ങളെ സുഗമം ആകുന്നത്. അതിന് എല്ലാതലങ്ങളിലും നേതൃത്വം ഇടപെടലുകൾ നടത്തും. ഏതായാലും തുടർച്ചയായി മൂന്നാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രതിപക്ഷത്തിരിക്കാൻ വിധിക്കപ്പെട്ട കൊച്ചു സഖാക്കൾ കെ.എസ്.യുക്കാരെയോ എം.എസ്.എഫുകാരെയോ ഓർത്ത് ദുഃഖിക്കേണ്ടതില്ല. എസ്എഫ്ഐയുടെ ഉപദേശം തൽക്കാലം ആവശ്യമില്ല.

പത്ത് വർഷകാലം കേരളത്തിൽ ഭരിച്ചു മുടിച്ച പിണറായി സർക്കാരിനെ താഴെ ഇറക്കുക എന്ന ഒറ്റ ലക്ഷ്യവുമായി നമ്മൾ മുന്നോട്ട് പോകുക ആണ്. പ്രതിപക്ഷ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സഹപ്രവർത്തകരെ വേട്ടയാടിയ ഈ സർക്കാരിന്റെ അന്ത്യം കുറിക്കാൻ ഏതാനും നാളുകൾ മാത്രമേ മുന്നിൽ ഉള്ളു. ഒരുമിച്ച് മുന്നേറി ഈ ദുരന്ത സർക്കാരിനെ താഴെ ഇറക്കാം.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News