ഗസ്സയിലേത് വളരെ ലോലമായ യുദ്ധവിരാമം; ഇതുകൊണ്ട് നമ്മുടെ പ്രതിഷേധം അവസാനിക്കരുത്: എൻ.എസ് മാധവൻ
യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഇസ്രായേലിനെതിരെ ഉയരുന്ന പ്രതിഷേധ ജ്വാല കെടുത്താനുള്ള തന്ത്രമാണോ ഇപ്പോഴത്തെ യുദ്ധവിരാമമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് എൻ.എസ് മാധവൻ പറഞ്ഞു
കൊച്ചി: ഗസ്സയിൽ ഇപ്പോൾ പ്രഖ്യാപിച്ച വെടിനിർത്തൽ വളരെ ലോലമെന്ന് എൻ.എസ് മാധവൻ. ഇതുകൊണ്ട് നമ്മുടെ പ്രതിഷേധം അവസാനിക്കരുത്. 60,000ൽ അധികം ആളുകൾ ഗസ്സയിൽ മരിച്ചു. റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർത്തു. അതിന് ശേഷമാണ് ഇപ്പോൾ ഒരു വെടിനിർത്തൽ വരുന്നത്. ഇത് മാനവരാശിയുടെ പരാജയമാണെന്ന് എൻ.എസ് മാധവൻ പറഞ്ഞു.
നിലവിലെ യുദ്ധവിരാമം തന്ത്രപരമായ നീക്കമാണോയെന്ന് ചിന്തിക്കണം. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഇസ്രായേലിനെതിരെ ഉയരുന്ന പ്രതിഷേധ ജ്വാല കെടുത്താനുള്ള തന്ത്രമാണോ ഇപ്പോഴത്തെ യുദ്ധവിരാമമെന്ന് സംശയിക്കേണ്ടതുണ്ട്. 1948 മുതൽ ഫലസ്തീനിൽ ഇതുവരെ പൂർണമായ യുദ്ധ വിരാമം ഉണ്ടായിട്ടില്ല.
ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവന് ആര് മറുപടി പറയും? വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അടക്കം കൊന്നു. ഇതിനെതിരെ ചോദ്യങ്ങളുയരണം. ഫലസ്തീൻ ആവശ്യപ്പെടുന്ന സഹായങ്ങൾ ഉടനെ എത്തിക്കുക എന്നത് ലോകരാജ്യങ്ങളുടെ കടമയാണ്. ഗസ്സയെ വളഞ്ഞിട്ട് നടത്തിയ അതിക്രമങ്ങൾ ലോകത്തിന് മുന്നിൽ വരണം. അതിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും എൻ.സ് മാധവൻ പറഞ്ഞു.