ശബരിമല സ്വർണകൊള്ള: ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ ഇന്ന് അന്തിമ റിപ്പോർട്ട് നൽകും
അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളികളുടെ തൂക്കത്തിൽ ഗണ്യമായ കുറവുണ്ടായി എന്നാണ് കോടതിയുടെ കണ്ടെത്തൽ
കൊച്ചി:ശബരിമലയിലെ സ്വർണകൊള്ളയിൽ ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകും.വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കോടതി റിപ്പോർട്ട് കൈമാറും.അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപാളികളുടെ തൂക്കത്തിൽ ഗണ്യമായ കുറവുണ്ടായി എന്നാണ് കോടതിയുടെ കണ്ടെത്തൽ.
മുദ്ര വെച്ച കവറിലാണ്, ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് കൈമാറുക. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഈ റിപ്പോർട്ട് കൈമാറുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ദേവസ്വം വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും, പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടർനടപടികൾ.
കഴിഞ്ഞ ആഴ്ച നൽകിയ ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടും, തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആവശ്യവും പരിഗണിച്ചാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിൻറെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. പൊലീസ് അക്കാദമി അസി. ഡയറക്ടർ എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് കോടതി ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതിന് തുടർന്നാണ് ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നത്. ശബരിമലയിലെ വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളുടെ കണക്കെടുക്കാൻ, ജസ്റ്റിസ് കെ.ടി ശങ്കരനെയും ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്.