'ശരത്ത് ലാലിനോടും കൃപേഷിനോടും ഷുഹൈബിനോടും സാമാന്യനീതി കാണിക്കണമായിരുന്നു'; മണ്ണാർക്കാട് എംഇഎസ് കോളജിലെ എസ്എഫ്ഐ വിജയത്തിൽ കെഎസ്‍യുവിനെതിരെ എംഎസ്‍എഫ്
പത്തുവർഷത്തിന് ശേഷമാണ് കോളജിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചത്
പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ എസ്എഫ്ഐ വിജയത്തിൽ കെഎസ്‌യുവിനെതിരെ മുദ്രാവാക്യവുമായി എംഎസ്എഫ് രംഗത്തെത്തി.മുന്നണി മര്യാദ കെഎസ്‌യു പാലിച്ചില്ലെന്ന് എംഎസ്എഫ് ആരോപിച്ചു. അവസാന നിമിഷം കെഎസ്‌യു എസ്എഫ്ഐയുമായി ചേർന്ന് യൂണിയൻ അട്ടിമറിച്ചു. കെഎസ്‌യു രാഷ്ട്രീയ വ്യഭിചാരമാണ് നടത്തിയതെന്ന് എംഎസ്എഫ് നേതാവ് സഫ്‌വാൻ ആനുമൂളി പറഞ്ഞു. പത്തുവർഷത്തിന് ശേഷമാണ് കോളജിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചത്.
ചെയർമാൻ,വൈസ് ചെയർമാൻ,ജോയിൻ സെക്രട്ടറി,മാഗസിൻ എഡിറ്റർ, യു യു സി തുടങ്ങിയ പ്രധാന സീറ്റുകളിലാണ് എസ്എഫ് ഐ വിജയിച്ചത്. ജനറൽ സെക്രട്ടറി,ആർട്സ് ക്ലബ് സെക്രട്ടറി,യു യു സി എന്നീ മൂന്ന് സീറ്റുകളിൽ എംഎസ്എഫ് വിജയിച്ചു. ഫ്രറ്റേണിറ്റി ജനറൽ ക്യാപ്റ്റൻ സീറ്റ് ഉൾപെടെ മൂന്ന് സീറ്റുകളിൽ വിജയിച്ചു. ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എസ്എഫ്ഐ മത്സരിച്ചില്ല.ഫ്രറ്റേണിറ്റി സ്ഥാനാർത്ഥിക്ക് എസ്എഫ്ഐ വോട്ടു ചെയ്തു. ജനറൽ സീറ്റുകളിൽ എസ്എഫ്ഐക്ക് ഫ്രറ്റേണിറ്റി വോട്ടു ചെയ്തു.
എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെ കെഎസ്‍യുവിന് എതിരെ മുദ്രാവാക്യവുമായി എംഎസ്എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജനറൽ ക്യാപ്റ്റൻ സീറ്റ് ഫ്രട്ടേണിറ്റിയും വിജയിച്ചു. ഫ്രറ്റേണിറ്റിയുടെ വോട്ട് വാങ്ങിച്ചാണ് എസ്എഫ്ഐ വിജയിച്ചതെന്നു എംഎസ്എഫ് ആരോപിച്ചു.കെഎസ്‌യുകാർക്ക് രാത്രിയിലും പകലും പല നിലപാടാണെന്നും ശരത്ത് ലാലിനോടും കൃപേഷിനോടും ഷുഹൈബിനോടും സാമാന്യനീതി കാണിക്കണമായിരുന്നുവെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.