എഞ്ചിൻ തകരാര്‍; ഷൊർണൂർ - എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകുന്നു
Update: 2025-10-10 03:07 GMT
തൃശൂര്‍: എഞ്ചിൻ തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടതോടെ, ഷൊർണൂർ - എറണാകുളം പാതയിൽ ഗതാഗതം തടസപ്പെട്ടു. ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകുന്നു.
എറണാകുളം - മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിന്‍റെ എഞ്ചിനാണ് തകരാറിലായത്. ഷൊർണൂരിൽ നിന്ന് പുതിയ എൻജിൻ എത്തിച്ച് തകരാർ പരിഹരിക്കാനുള്ള നീക്കം തുടങ്ങി. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനും - വടക്കാഞ്ചേരിക്ക് ഇടയിൽ വച്ചാണ് എഞ്ചിൻ തകരാർ സംഭവിച്ചത്. ഇതോടെ ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകളാണ് വൈകുന്നത്.
ട്രെയിൻ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു ട്രെയിനുകൾ കടത്തിവിട്ടുകൊണ്ടിരിക്കുകയാണ്. മറ്റു ട്രെയിനുകൾ കടത്തിവിട്ട ശേഷം ട്രെയിൻ ഷൊർണൂരിലേക്ക് എത്തിക്കും.