'സ്കൂളുകൾ പണമുണ്ടാക്കുന്ന യന്ത്രങ്ങളല്ല, അടച്ചുപൂട്ടുന്നതാണ് ഭേദം'; ഡൽഹിയിലെ സ്കൂൾ ഫീസ് വര്‍ധനവിൽ കോടതി

ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂളിനെതിരെയായിരുന്നു വിമര്‍ശനം

Update: 2025-04-17 12:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: ചട്ടവിരുദ്ധമായി ഫീസ് വര്‍ധിപ്പിച്ച ഡൽഹിയിലെ സ്വകാര്യ സ്കൂളുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡൽഹി ഹൈക്കോടതി. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പണമുണ്ടാക്കുന്ന യന്ത്രം പോലെയാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂളിനെതിരെയായിരുന്നു വിമര്‍ശനം.

അനധികൃത ഫീസ് വർധനവ് അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് തങ്ങളുടെ കുട്ടികളെ സ്കൂൾ ലൈബ്രറിയിൽ നിർത്തിയെന്നും ക്ലാസുകളിൽ നിന്ന് വിലക്കിയെന്നും പഠന സൗകര്യങ്ങൾ നിഷേധിച്ചെന്നും സഹപാഠികളുമായി ഇടപഴകുന്നതിൽ നിന്ന് വിലക്കിയെന്നും ആരോപിച്ച് ഒരു കൂട്ടം രക്ഷിതാക്കൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ച് സ്കൂൾ മാനേജ്മെന്‍റിനെ രൂക്ഷമായി വിമർശിച്ചു. വിദ്യാർഥികളോടുള്ള പെരുമാറ്റത്തെ ഒരുതരം പീഡനം എന്ന് വിശേഷിപ്പിച്ച ജഡ്ജി, പ്രിൻസിപ്പൽ ക്രിമിനൽ പ്രോസിക്യൂഷൻ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി. ഈ മാസം ആദ്യം സ്കൂൾ സന്ദർശിച്ച ജില്ലാ മജിസ്ട്രേറ്റ് (സൗത്ത് വെസ്റ്റ്) നേതൃത്വം നൽകുന്ന കമ്മിറ്റി സമർപ്പിച്ച പരിശോധനാ റിപ്പോർട്ട് കോടതി പരിശോധിച്ചതിന് ശേഷമാണ് ഈ പരാമർശം നടത്തിയത്.

വര്‍ധിപ്പിച്ച ഫീസ് നൽകാത്ത കുട്ടികൾ കടുത്ത വിവേചനമാണ് നേരിട്ടതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മാർച്ച് 20 മുതൽ ക്ലാസിൽ പ്രവേശിപ്പിക്കാതെ വിദ്യാർഥികളെ ലൈബ്രറിയിൽ ഒതുക്കിയിരിക്കുകയാണെന്നും കാന്‍റീനിലോ ശുചിമുറിയിലോ പ്രവേശിക്കുന്നതിനോ വിലക്കുണ്ടെന്നും ഗാർഡുകൾ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കോടതി പറഞ്ഞു. കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഭയാനകമായ സാഹചര്യത്തെയാണ് കാണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. "ഈ കുട്ടികൾക്കായി നിങ്ങൾ എന്ത് തരത്തിലുള്ള അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്?" വാദം കേൾക്കുന്നതിനിടെ ജഡ്ജി ചോദിച്ചു. "ഇത് വെറും ഭരണപരമായ വീഴ്ചയല്ല - അച്ചടക്കത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്തവരെ മാനസികമായി പീഡിപ്പിക്കലാണ്." കോടതി കുറ്റപ്പെടുത്തി.

ഹരജി പരിഗണിക്കുമ്പോൾ നിരവധി വിദ്യാര്‍ഥികൾ സ്കൂൾ യൂണിഫോമിൽ മാതാപിതാക്കളൾക്കൊപ്പം കോടതിയിൽ ഹാജരായിരുന്നു. വിദ്യാർഥികളെ ഒറ്റപ്പെടുത്തുകയോ വേർതിരിക്കുകയോ ചെയ്യുന്നത് ഉടൻ നിർത്തണമെന്നും മറ്റ് വിദ്യാർഥികളെപ്പോലെ അവർക്ക് ക്ലാസുകളിലും സൗകര്യങ്ങളിലും പൂർണ പ്രവേശനം അനുവദിക്കണമെന്നും കോടതി സ്കൂളിനോട് നിർദേശിച്ചു. കോടതിയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധനകൾ നടത്താൻ വിദ്യാഭ്യാസ ഡയറക്ടറേറ്റിനും ജില്ലാ മജിസ്‌ട്രേറ്റിനും കോടതി നിർദേശം നൽകി. ഡിസംബറിൽ വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായും മാർച്ചോടെ കുടിശ്ശിക തീർക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സ്കൂളിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പുനീത് മിത്തൽ വാദിച്ചു. വിദ്യാർഥികൾ അംഗീകൃത ഫീസ് അടച്ചിട്ടുണ്ടെന്നും ഏപ്രിൽ 8 ന് സ്‌കൂളിന് ഡിഒഇ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഡൽഹി സർക്കാരിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഏപ്രിൽ 15 ന് നടത്തിയ പരിശോധനയിൽ കുട്ടികൾ ഇപ്പോഴും ലൈബ്രറിയിൽ ഇരിക്കുന്നതായി കണ്ടെത്തി. പരിശോധനയുടെ മിനിറ്റുകളിൽ ഒപ്പിടാൻ സ്കൂൾ വിസമ്മതിച്ചതായി റിപ്പോർട്ടുണ്ട്. ഫീസുമായി ബന്ധപ്പെട്ട് വിദ്യാർഥികളെയോ കുടുംബങ്ങളെയോ ഉപദ്രവിക്കുന്നതായി കണ്ടെത്തിയാൽ ആ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത ഈയിടെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News