അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ സിനിമക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് ഖേദകരം: മന്ത്രി വി.ശിവൻകുട്ടി

കേരള സ്റ്റോറിക്ക് അവാർഡ് നൽകിയത് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് നൽകിയ അം​ഗീകാരമാണെന്ന് മന്ത്രി ആരോപിച്ചു.

Update: 2025-08-01 16:35 GMT
Advertising

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമക്ക് ദേശീയ പുരസ്‌കാരം നൽകിയത് മലയാളത്തിന് ലഭിച്ച മറ്റു പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണ്. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ട്. മികച്ച മലയാള സിനിമക്കുള്ള അവാർഡ് നേടിയ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയെയും, മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഉർവശിയേയും, മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ വിജയരാഘവനെയും മന്ത്രി അഭിനന്ദിച്ചു. അവരുടെ പ്രതിഭയും കഠിനാധ്വാനവും മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News