Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ദുർഗ്: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജയിൽ മോചനം മൂന്ന് ദിവസം മുമ്പ് നടക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഷ്ട്രീയ നാടകമാണ് മോചനം വൈകാൻ കാരണമായത്. കന്യാസ്ത്രീകളുടെ മോചനത്തിന് സഭ സഹായം അഭ്യർഥിച്ചപ്പോൾ തങ്ങൾ സഹായിച്ചു. പ്രധാനമന്ത്രിയോടും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും നന്ദി പറഞ്ഞുവെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.
എന്താണ് രാഷ്ട്രീയ നാടകമെന്ന് ചോദിച്ചപ്പോൾ വിശദീകരിക്കാൻ തയ്യാറല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. എഫ്‌ഐആർ റദ്ദാക്കുമോ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടപെടുമോ തുടങ്ങിയ ചോദ്യങ്ങളോടും ബിജെപി അധ്യക്ഷൻ പ്രതികരിച്ചില്ല. വിവാദമുണ്ടാക്കാൻ നോക്കരുത് എന്നായിരുന്നു ക്ഷുഭിതനായിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി.
ഛത്തീസ്ഗഡിൽ സംഘ്പരിവാർ സംഘടനയായ ബജ്‌റംഗ് ദൾ പ്രവർത്തകരുടെ പരാതിയിലാണ് മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ബജ്‌റംഗ് ദൾ സ്വതന്ത്ര സംഘടനയാണ് എന്ന നിലപാടാണ് രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചിരുന്നത്. ആർഎസ്എസ് നേതൃത്വം ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് തങ്ങളുടെ ഇടപെടൽ മൂലമാണെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.