വിമർശനത്തിന്റെ 'കാറ്റും വെളിച്ചവും' മലയാള സാഹിത്യത്തിലേക്ക് കടത്തി വിട്ട അതുല്യ പ്രതിഭ; പ്രൊഫ. എം.കെ സാനുവിനെ അനുസ്മരിച്ച് വി.ഡി സതീശൻ
'സാനു മാഷ് എനിക്ക് ഗുരു തുല്യനായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകനും അദ്ദേഹമായിരുന്നു. സാഹിത്യവും രാഷ്ട്രീയവുമൊക്കെ ഞങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നേഹവാത്സല്യം ഞാനും ആവോളം ആസ്വദിച്ചിട്ടുണ്ട്.'
കൊച്ചി: അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫസർ എം.കെ സാനുവിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, പ്രഭാഷകൻ, കടലോളം ശിഷ്യസമ്പത്തുള്ള അധ്യാപകൻ ഇതൊക്കെയാണ് പ്രൊഫ. എം.കെ സാനു എന്ന സാനു മാഷ്. വിമർശനത്തിന്റെ 'കാറ്റും വെളിച്ചവും' മലയാള സാഹിത്യത്തിലേക്ക് കടത്തി വിട്ട അതുല്യ പ്രതിഭ. സാഹിത്യ വിമർശനത്തിനു പിന്നാലെ മലയാള സാഹിത്യത്തിലെ ജീവചരിത്രശാഖയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തി.
'ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ജീവചരിത്ര പുസ്തകമാണെന്ന് നിസംശയം പറയാം. ബഷീറിന്റെയും പി.കെ ബാലകൃഷ്ണന്റെയും ജീവചരിത്രവും സാനു മാഷിന്റെ വാക്കുകളിലൂടെ മലയാളികൾ അറിഞ്ഞു. എഴുത്തിന്റെ സൗമ്യ ദീപ്തി തുടിക്കുന്നതായിരുന്നു സാനു മാഷിന്റെ ഓരോ വരികളും. ജീവചരിത്ര രചനകൾക്കു പിന്നാലെ ആത്മകഥയിലും സാനുമാഷ് വ്യത്യസ്തത പുലർത്തി.
സാനു മാഷ് എനിക്ക് ഗുരു തുല്യനായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകനും അദ്ദേഹമായിരുന്നു. സാഹിത്യവും രാഷ്ട്രീയവുമൊക്കെ ഞങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നേഹവാത്സല്യം ഞാനും ആവോളം ആസ്വദിച്ചിട്ടുണ്ട്. വ്യക്തിപരമായി വേദനാജനകമായ വിയോഗമാണിത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സാനുവിനെ അനുസ്മരിച്ച് വി.ഡി സതീശൻ പറഞ്ഞു.