'കേരളത്തിന്റെ 'കഫീൽഖാനെ' കള്ളക്കേസിൽ ജയിലിലടയ്ക്കാൻ നീക്കമെന്ന് വി.മുരളീധരൻ; യുപി സർക്കാറിന്റേത് കള്ളക്കേസാണെന്ന് സമ്മതിച്ചോ എന്ന് സോഷ്യൽ മീഡിയ
ഡോക്ടർ ഹാരിസ് ചിറയ്ക്കലുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുന്ന യൂട്യൂബ് വീഡിയോക്ക് കുറിപ്പായാണ് അദ്ദേഹത്തെ ഉത്തർപ്രദേശിൽ യോഗി സർക്കാർ ജയിലിൽ അടച്ച കഫീൽ ഖാനോട് ഉപമിച്ചത്.
തിരുവനന്തപുരം: കേരളത്തിലെ 'കഫീൽ ഖാനെ' കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായി വിജയന്റെ തീരുമാനമെന്ന മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് തിരിഞ്ഞുകുത്തുന്നു.
ഡോക്ടർ ഹാരിസ് ചിറയ്ക്കലുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുന്ന യൂട്യൂബ് വീഡിയോക്ക് കുറിപ്പായാണ് അദ്ദേഹത്തെ ഉത്തർപ്രദേശിൽ യോഗി സർക്കാർ ജയിലിൽ അടച്ച കഫീൽ ഖാനോട് ഉപമിച്ചത്. വി മുരളീധരന്റെ തന്നെ യൂട്യൂബ് പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തത്. ഇതിന്റെ ലീങ്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചതിലാണ് ഹാരിസിനെ കഫീല്‍ഖാനോട് ഉപമിച്ച് കുറിപ്പിട്ടത്.
അതായത്, ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ഡോക്ടർ കഫീൽ ഖാനെ കള്ളക്കേസിലാണ് ജയിലിൽ അടച്ചതെന്ന് സമ്മതിക്കുകയാണ് വി.മുരളീധരൻ. ഇക്കാര്യം പലരും ഫേസ്ബുക്ക് പേജിലെ കമന്റിൽ രേഖപ്പെടുത്തി. കഫീൽ ഖാനെ കള്ളക്കേസിലാണ് കുടുക്കിയതെന്ന് വെളിപ്പെടുത്തുകയാണോ മുരളീധരൻ എന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്.
'ഉത്തർപ്രദേശിലെ യോഗി നയിക്കുന്ന ബിജെപി സർക്കാർ ഡോക്ടർ കഫീൽ ഖാനെ കള്ളക്കേസിൽ കുടുക്കിയെന്ന് തുറന്നുപറഞ്ഞ് കേരളത്തിലെ പ്രമുഖ ബിജെപി നേതാവ്'- എന്ന് തുടങ്ങിയുള്ള കമന്റുകളും നിറയാൻ തുടങ്ങി. ഇതോടെ 'അപകടം മണത്ത' വി മുരളീധൻ നൈസായി ആ വാചകം അങ്ങ് എഡിറ്റ് ചെയ്തു. ഡോ. ഹാരിസ് ചിറക്കലിനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം എന്നാക്കി. എന്നാൽ അതുകൊണ്ട് തീർന്നെന്ന് കരുതിയെങ്കിലും ഈ എഡിറ്റ് ചെയ്ത ഭാഗവും കമന്റിൽ നിറയാന്‍ തുടങ്ങി.