'ഡോക്ടർ ഹാരിസിനെ വെറുതെവിടൂ'; മാധ്യമങ്ങളെ പഴിച്ച് ആരോഗ്യമന്ത്രി

യൂറോളജി വിഭാഗത്തിൽ നിന്ന് ഉപകരണം കാണാതായെന്നത് വിദഗ്ധ സമിതിയുടെ കണ്ടെത്തലാണെന്ന വാദം മന്ത്രി വീണാ ജോർജ് ആവർത്തിച്ചു

Update: 2025-08-02 12:03 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽനിന്ന് ഉപകരണം കാണാതായെന്ന് വിദഗ്ധസമിതി കണ്ടെത്തിയതാണെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഡോക്ടർ ഹാരിസിനെ മാധ്യമങ്ങൾ വെറുതെ വിടണമെന്നും തെറ്റായ വാർത്തകൾ നൽകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഉപകരണം ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് മാറ്റി വെച്ചിരിക്കുകയാണെന്ന് ഡോക്ടർ ഹാരിസ് പറഞ്ഞിരുന്നു. അതിനിടെ വിദഗ്ധ സമിതിക്ക് മുമ്പാകെ എല്ലാ കാര്യങ്ങളും വകുപ്പ് മേധാവി സമ്മതിച്ചതായ വിവരങ്ങളും പുറത്തുവന്നു.

ഡോക്ടർക്കെതിരായ കാരണം കാണിക്കൽ നോട്ടീസ് സ്വാഭാവികമായ നടപടിയെന്ന് ആരോഗ്യമന്ത്രി ഇന്നും ആവർത്തിച്ചു. എന്നാൽ മാധ്യമങ്ങൾ ഇക്കാര്യത്തിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു. നാലംഗ സമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളാണ് താൻ പറഞ്ഞതൊന്നാണ് വീണാ ജോർജിന്റെ വിശദീകരണം. ഉപകരണം കാണാതെ പോയെന്ന് നാലംഗ സമിതിയുടെ റിപ്പോർട്ടിലുണ്ട്. അക്കാര്യങ്ങൾ വകുപ്പുതല അന്വേഷണം നടത്തി കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഉപകരണം കാണാതെ പോയതിനെ കുറിച്ച് വിദഗ്ധസമിതിക്ക് മുമ്പാകെ ഹാരിസ് ചിറക്കൽ തുറന്നു പറഞ്ഞുവെന്ന ചെയ്‌തെന്ന വിവരവും പുറത്തുവന്നിരുന്നു.

ഉപകരണം ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് മാറ്റി വെച്ചിരിക്കുകയാണെന്നാണ് ഡോക്ടർ പറഞ്ഞത്. ഏത് അന്വേഷണവും നടത്തി കാര്യങ്ങൾ കണ്ടെത്തട്ടെ എന്ന നിലപാടിലാണ് ഹാരിസ് ചിറക്കൽ. രണ്ടുദിവസം അവധിയായതിനാൽ തിങ്കളാഴ്ച ഡോക്ടർ ഹാരിസ് ആശുപത്രിയിലേക്ക് പോകും.

ഉപകരണം കാണാതെ പോയ സംഭവത്തിൽ ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘം വകുപ്പ് തല അന്വേഷണം നടത്തും. എത്രയും വേഗം അന്വേഷണം നടത്തി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറും. കാരണം കാണിക്കൽ നോട്ടീസിന് തിങ്കളാഴ്ച ഹാരിസ് ചിറക്കൽ മറുപടി നൽകും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News