പ്രൊഫസർ എം.കെ സാനു അന്തരിച്ചു

സാഹിത്യ - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയാണ് സാനു മാഷ് വിടവാങ്ങുന്നത്

Update: 2025-08-02 12:32 GMT
Advertising

കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസർ എം.കെ സാനു അന്തരിച്ചു. 97വയസായിരുന്നു. ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 5:35 ഓടെയാണ് അന്ത്യം.

മഹാരാജാസിൻറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു പ്രഫ. എം.കെ സാനു. ആയിരക്കണക്കിന് ശിഷ്യൻമാരുടെ പ്രിയപ്പെട്ട സാനു മാഷ് മരണം വരെ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. സാഹിത്യ - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയാണ് സാനു മാഷ് വിടവാങ്ങുന്നത്.

അധ്യാപകൻ, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങി സാനു മാഷിന് വിലാസങ്ങൾ പലതാണ്. എറണാകുളം മഹാരാജാസ് കോളേജിൽ ദീർഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. ഒട്ടേറെ പ്രഗൽഭർ സാനു മാഷിൻറെ ശിഷ്യന്മാരായുണ്ട്.

സാഹിത്യ രംഗത്ത് സജീവമായിരുന്ന സാനു മാസ്റ്റർ 40 ഓളം പുസ്തകങ്ങൾ രചിച്ചു. 1985 ലും 2002ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 2011ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും സാനു മാഷിനെ തേടിയെത്തി.

മഹാകവി വൈലോപ്പിള്ളിക്ക് ശേഷം പുരോഗമന സാഹിത്യ സംഘം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാഗമായും അദ്ദേഹം സജീവമായിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട സാനു മാസ്റ്റർ പാർലമെൻററി രാഷ്ട്രീയത്തിലും വെന്നിക്കൊടി നാട്ടി. 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് നേതാവ് എ.എൽ ജേക്കബിനെ പരാജയപ്പെടുത്തി എംഎൽഎ ആയി.

1928ൽ ആലപ്പുഴ തുമ്പോളിയിലാണ് ജനനം. നാലുവർഷത്തോളം സ്‌കൂൾ അധ്യാപകനായും പിന്നീടങ്ങോട്ട് വിവിധ കോളേജുകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News