തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിൽ തിടുക്കം ഇല്ല; പി.വി അൻവർ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വൈകുന്നതിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ വ്യക്തമാക്കി
നിലമ്പൂർ: തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിൽ തിടുക്കം ഇല്ലെന്ന് പി.വി അൻവർ മീഡിയവണിനോട് പറഞ്ഞു. ഈ ആഴ്ച പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുമെന്നും പറ്റാവുന്നത്ര വേഗത്തിൽ യുഡിഎഫിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ആവശ്യപ്പെടുമെന്നും അൻവർ വ്യക്തമാക്കി. ഘടകകക്ഷികൾക്കാർക്കും തൃണമൂൽ കോൺഗ്രസ് യുഡിഎഫിൽ ചേരുന്നതിൽ എതിർപ്പില്ലാത്തത് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അൻവർ അഭിപ്രായപ്പെട്ടു.
എന്നാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വൈകുന്നതിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ വ്യക്തമാക്കി. സിപിഎം തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ബിജെപി അതിന് കൂട്ടു നിൽക്കുന്നുവെന്നുമാണ് അൻവർ ആരോപിക്കുന്നത്. ഈ മാസം 25 ന് ശേഷം പൊതു താൽപര്യ ഹരജി നൽകുമെന്നും അൻവർ പറഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പിന് പത്ത് മാസം മാത്രമാണ് അവശേഷിക്കുന്നതെന്നതിനാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന അഭിപ്രായം ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ കോടതിയെ സമീപിക്കാനുള്ള അൻവറിന്റെ തീരുമാനം.
കോൺഗ്രസിന്റെ പുതിയ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്നും മികച്ചതാണെന്നും അൻവർ പറഞ്ഞു.
watch video