നിമിഷപ്രിയക്കായി യെമനിൽ ചർച്ചകൾ തുടരുന്നു; തലാലിന്റെ കുടുംബത്തിന്റെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷ
സൂഫി പണ്ഡിതന്‍ ഉമർ ഹഫീളിന്റെ പ്രതിനിധികളാണ് ചർച്ച നടത്തുന്നത്
സനാ: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ചകൾ യമനില്‍ തുടരുന്നു. കൊല്ലപ്പെട്ട യമനി യുവാവ് തലാല്‍ മഹ്ദിയുടെ കുടുംബവുമായി സൂഫി പണ്ഡിതന്‍ ഉമർ ഹഫീളിന്റെ പ്രതിനിധികളാണ് ചർച്ച നടത്തുന്നത്.കാന്തപരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അഭ്യർഥനയെതുടർന്നാണ് ഉമർ ഹഫീള് വിഷയത്തില്‍ ഇടപ്പെട്ടത്. തുടർ ചർച്ചയിൽ കേസിൽ മാപ്പ് നൽകാനാകില്ലെന്ന തലാലിന്റെ കുടുംബത്തിൻ്റെ നിലപാടിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും കുടുംബാംഗമായ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ലെന്നും ഫേസ്ബുക്കിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചതിനാല്‍ ചർച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന് പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, സർക്കാർ തലത്തിൽ സാധ്യമായത് എല്ലാം നടപ്പിലാക്കാൻ ശ്രമിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഹരജി വെള്ളിയാഴ്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.