'കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ല'; സണ്ണി ജോസഫ്
മുഖ്യമന്ത്രിയാകാനില്ലെന്നും തന്റെ കഴിവിന്റെ പരിമിതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം: തന്നെ കെപിസിസി അധ്യക്ഷനാക്കിയത് കത്തോലിക്ക സഭയല്ലെന്ന് സണ്ണി ജോസഫ്. പാർട്ടിക്കുള്ളിലെ ബന്ധമാണ് തനിക്ക് ഗുണം ചെയ്തത്. എംഎൽഎമാർ ഒറ്റക്കെട്ടായി പിന്തുണച്ചു. കെപിസിസി പ്രസിഡന്റാകാൻ ക്യാൻവാസ് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയാകാനില്ലെന്നും തന്റെ കഴിവിന്റെ പരിമിതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയാകാൻ പറഞ്ഞാൽ കെപിസിസി അധ്യക്ഷ പദവി രാജിവയ്ക്കും. തനിക്ക് വേണ്ടി ആദ്യം സംസാരിച്ചത് മുൻ എംഎൽഎ എം.എ വാഹിദ് ആണെന്നും അദ്ദേഹം മീഡിയ വണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കെ.സുധാകരൻ മാറ്റുന്നതുമായി ബന്ധപെട്ട ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷ പദവിയിലേക്ക് തന്നെ പരിഗണിച്ചാൽ തലയിൽ കൈവച്ച് അനുഗ്രഹിക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു. ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് യുഡിഎഫിലേക്ക് തിരികെ വരണമെന്നാണ് ആഗ്രഹമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തിൽ കൂട്ടായ തീരുമാനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽ ഉപജാപകസംഘമില്ല, പക്ഷെ ആന്റോ ആന്റണിക്കെതിരെ പ്രചരണമുണ്ടായി. ആന്റോ ആന്റണിക്കെതിരായ പ്രചരണത്തിൽ വ്യക്തിപരമായി വിഷമമുണ്ട്. വെള്ളാപ്പള്ളിയുടെ വിമർശത്തിന് മറുപടി പറയാൻ ഉദ്ദേശമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.