കെ.ആർ മീരയുടെ 'കലാച്ചി'യും ഹരിത സാവിത്രിയുടെ 'സിന്നും' തമ്മിൽ സാമ്യം; സാഹിത്യലോകത്ത് പുതിയ വിവാദം

2022ൽ പുറത്തിറങ്ങിയ ഹരിതയുടെ 'സിന്നും' 2025ൽ പുറത്തിറങ്ങിയ 'കലാച്ചി'യും തമ്മിൽ ഉള്ളടക്കത്തിൽ സമാനതയുണ്ടെന്നാണ് വിമർശനം

Update: 2026-06-01 04:22 GMT

എറണാകുളം: പ്രമുഖ എഴുത്തുകാരികളായ കെ.ആർ മീരയുടെയും ഹരിത സാവിത്രിയുടെയും നോവലുകളിലെ സാമ്യത്തെ ചൊല്ലി സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ച. 2022ൽ പുറത്തിറങ്ങിയ ഹരിതയുടെ 'സിന്നും' 2025ൽ പുറത്തിറങ്ങിയ 'കലാച്ചി'യും തമ്മിൽ ഉള്ളടക്കത്തിൽ സമാനതയെന്ന് സാഹിത്യ പ്രേമികൾ. രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം കാമുകനെ തേടി വിദേശത്തെ പ്രശ്‌നബാധിത മേഖലയിൽ പോകുന്ന യുവതിയുടെ പോരാട്ടമാണ്.

അതേസമയം, ലോകമെങ്ങുമുള്ള സാഹിത്യ മോഷ്ടാക്കൾ ചെയ്യുന്നത് കഥാപാത്രങ്ങളുടെ പേരുകളും കാലവും ലിംഗവും മാറ്റുകയെന്ന ഹരിതാ സാവിത്രിയുടെ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മെയ് അഞ്ചിനാണ് ഹരിത ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. നിങ്ങൾ വർഷങ്ങൾ എടുത്ത് എഴുതിയ നോവൽ. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ. നിങ്ങളുടെ കണ്ണീരും വിയർപ്പും. വേറൊരാൾ എഴുതിയ പുസ്തകത്തിൽ ആ കഥ തന്നെ എന്ന് നിങ്ങൾക്ക് വ്യക്തമാകുന്നു. പക്ഷെ നിങ്ങൾക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. എന്തുകൊണ്ട്? കാരണം, അതവർ ഭംഗിയായി പൊതിഞ്ഞുവച്ചു. പല മാർഗങ്ങൾ ഇവർ ഉപയോഗിക്കാറുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ ഫേസ്ബുക്ക് കുറിപ്പ്.

Advertising
Advertising

ഹരിത സാവിത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം

ലോകമെങ്ങുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങൾ

നിങ്ങൾ വർഷങ്ങൾ എടുത്ത് എഴുതിയ നോവൽ. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ. നിങ്ങളുടെ കണ്ണീരും വിയർപ്പും. വേറൊരാൾ എഴുതിയ പുസ്തകത്തിൽ ആ കഥ തന്നെ എന്ന് നിങ്ങൾക്ക് വ്യക്തമാകുന്നു. പക്ഷെ നിങ്ങൾക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. എന്തുകൊണ്ട്?

കാരണം, അതവർ ഭംഗിയായി പൊതിഞ്ഞുവച്ചു.

പല മാർഗങ്ങൾ ഇവർ ഉപയോഗിക്കാറുണ്ട്.

1. ചിത്രം അതേപടി സൂക്ഷിച്ചിട്ട് വാക്കുകൾ മാറ്റുകയാണ് ഒരു വഴി. നിങ്ങളുടെ വാചകം എടുത്ത് സമാനമായ അർഥം വരുന്ന പദങ്ങൾ ഉപയോഗിച്ചു മാറ്റിയെഴുതും. 'രാമൻ പെട്ടെന്നുണർന്നു' എന്നത് 'ഉറക്കം രാജുവിനെ വിട്ടുപോയി' എന്നാക്കും.

ഫലം: 'പകർപ്പ്' എന്ന് ആരും പറയില്ല. പക്ഷേ ആ രംഗത്തിന്റെ ആത്മാവ് നിങ്ങളുടേതാണ് എന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയും .

2. ലിംഗവും കാലവും മാറ്റുന്നത് മറ്റൊരു രീതിയാണ്. നിങ്ങളുടെ നായകൻ പുരുഷനും ടീച്ചറുമാണെങ്കിൽ കോപ്പിയടിക്കുന്നയാൾ തന്റെ പ്രധാന കഥാപാത്രത്തെ ഒരു സ്ത്രീയും ഡോക്ടറുമാക്കും. ഗ്രാമത്തിലെ കഥയെ നഗരത്തിലേക്കു മാറ്റും.

ഫലം: രൂപം മാറുന്നു. എന്നാൽ അസ്ഥികൂടം നിങ്ങളുടേതു തന്നെ.

3. തർജ്ജമ ചെയ്ത് സ്വന്തമാക്കുന്നവരുണ്ട്. നിങ്ങളുടെ നോവൽ തമിഴിലേക്കോ കന്നഡയിലേക്കോ ഇംഗ്ലീഷിലേക്കോ മൊഴിമാറ്റാം. രാധയെ റേച്ചൽ ആക്കാം. കൊച്ചിയെ 'കൊളംബിയ' ആക്കാം.

ഫലം: ഒരേ കഥ, രണ്ട് ഭാഷകൾ.

4. രംഗങ്ങൾ കൂട്ടിക്കലർത്തി സമർഥമായി സ്വന്തമാക്കാൻ കഴിയും. നിങ്ങളുടെ ഒന്നാം അദ്ധ്യായത്തിലെ രംഗം പത്താം അദ്ധ്യായത്തിലാക്കും. ഫ്‌ളാഷ്ബാക്കിന്റെ ഇടം മാറ്റും.

ഫലം: ക്രമം തെറ്റും. പക്ഷേ കഥ നിങ്ങളുടേതു തന്നെ.

5. ആരാധകൻ എന്ന വേഷത്തിൽ വരുന്ന സാഹിത്യമോഷ്ടാക്കളുണ്ട്. ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ് എന്നു പറഞ്ഞ് നിങ്ങളുടെ കഥാപാത്രങ്ങളെ സ്വന്തമാക്കും.

ഫലം: പ്രതികരിച്ചാൽ അയ്യോ, നിങ്ങളോടുള്ള ആദരവ് പ്രകടമാക്കിയതാണ് എന്നു മറുപടി ലഭിക്കും.

6. AI ഉപയോഗിച്ചുള്ള മോഷണം പുതിയ കാലത്തെ രീതിയാണ്. നിങ്ങളുടെ നോവൽ AI ടൂളിലിട്ട് 'റീറൈറ്റ്' ചെയ്യിക്കും. ആവശ്യമുള്ള മാറ്റങ്ങൾ വരുത്താൻ പ്രയാസമില്ല.

ഫലം: ആശയങ്ങൾ നിങ്ങളുടേതു തന്നെ, പക്ഷെ...

7. 'പെയിന്റ് ഓവർ' എന്ന ഏറ്റവും നീചമായ മോഷണരീതി

ഇത് നേരിട്ടുള്ള കോപ്പിയടിയല്ല. ഇത് ബുദ്ധിയും എഴുതാനുള്ള കഴിവുമുള്ള പിശാചുക്കൾക്ക് മാത്രം കഴിയുന്ന കളിയാണ്.

നിങ്ങളുടെ കഥ അവർ എടുക്കും. മറ്റു കഥകൾ കൊണ്ട് അതിനെ ഭംഗിയായി പൊതിയും.

മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടും. രാത്രിയെ പകലാക്കും. മഴയെ മഞ്ഞാക്കും. പക്ഷെ ആ അക്ഷരങ്ങൾക്കുള്ളിൽ അപ്പോഴും നിങ്ങൾക്ക് സ്വന്തം രക്തത്തിന്റെ ചുവപ്പ് കാണാം. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളുടെ കനം അനുഭവിക്കാം. നിങ്ങളുടെ കണ്ണീരിന്റെ ഉപ്പ് രുചിക്കാം.

നിശബ്ദരായി ഇരിക്കുകയേ വഴിയുള്ളൂ. അവർക്ക് കൂട്ടിനു പ്രസാധകരും നിരൂപകരും ആരാധകവൃന്ദവുമുണ്ടാവും. കാരണം, ഈ കളി കളിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങളേക്കാൾ നന്നായി അവർക്കറിയാം.

Full View

വിഷയത്തിൽ കെ.ആർ മീര ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം 'കലാച്ചി'യിലെ പ്രധാന കഥാപാത്രങ്ങളിൾ ഒരാളായ ഡാമിർ കൊസൻബയേവിനെ കുറിച്ച് മീര ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

''ഡാമിർ കൊസൻബയേവിനെക്കുറിച്ചു ഞാൻ 'കലാച്ചി'യുടെ പിൻകുറിപ്പിൽ എഴുതിയിട്ടുണ്ട്. കലാച്ചിയിലേക്കു പോകാൻ വണ്ടി കണ്ടെത്തിത്തന്നതും ഒപ്പം വന്നതും ഡാമിർ ആണ്. പിന്നീട് വളരെ യാദൃച്ഛികമായി ഡൽഹിയിൽ ഡാമിറിനെ കണ്ടുമുട്ടിയതും സോബിൻ ചന്ദ്ര എന്ന സുഹൃത്തിനെ പരിചയപ്പെട്ടതും ഒരു കഥ പോലെ അവിശ്വസനീയമായിരുന്നു. പിന്നീട് ഡാമിർ ഹാർവാർഡ് സർവകലാശാലയിൽ പ്രവേശനം കിട്ടിയത് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം സോബിന്റെ മെസേജ് വന്നു- ഡാമിറിന്റെ ബിരുദദാന ചടങ്ങു കഴിഞ്ഞു എന്ന്. പിന്നാലെ ഡാമിർ ചിത്രങ്ങൾ അയച്ചു തന്നു.

മറ്റു മനുഷ്യരുടെ നന്മയല്ലേ ജീവിതത്തെ മായികത നിറഞ്ഞ യക്ഷിക്കഥയാക്കുന്നത്?''- എന്നാണ് മീരയുടെ കുറിപ്പ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News