കോഴിക്കോട്: സമസ്തയിലെ പണ്ഡിത ശ്രേഷ്ഠനായിരുന്നു വിടപറഞ്ഞ പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. സമസ്തയുടെ നീക്കങ്ങളിലും സംഘടനാ രംഗത്തും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, പണ്ഡിത ലോകത്ത് വേറിട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു. അറബ് ലോകത്തടക്കം വിപുലമായ സൗഹൃദബന്ധങ്ങളും അക്കാദമിക് സ്വാധീനവുമുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസ്സില്‍ ഇരുമ്പുഴി തെക്കുംമുറിയില്‍ ദര്‍സില്‍ ദര്‍സ് പഠനം ആരംഭിച്ചു.
നാല് വര്‍ഷത്തിന് ശേഷം പുത്തനങ്ങാടി ജുമാമസ്ജിദിലെയും പിന്നീട് അരിപ്ര ദര്‍സിലും തുടര്‍ന്ന് പടിഞ്ഞാറ്റുമുറിയിലെ ദര്‍സിലുമായിരുന്നു ദര്‍സ് പഠനങ്ങള്‍. 1964ല്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷം അവിടെ പഠനം നടത്തി. ശംസുല്‍ ഉലമാ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, പെരിന്തല്‍മണ്ണ സൈതാലി മുസ്‌ലിയാര്‍, വളപുരം കെ.ടി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍(കായി) മുസ്‌ലിയാര്‍,പെരുമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍.
16ാം വയസില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20ാം വയസില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലാണ് ആദ്യ സേവനം. 1978ല്‍ ചെമ്മങ്കടവ് ദര്‍സിലേക്ക് മാറിയെങ്കിലും 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ശംസുല്‍ ഉലമയുടെ ഒഴിവിലേക്ക് അധ്യാപകനായും പിന്നീട് 2003 മുതല്‍ അവിടെ പ്രിന്‍സിപ്പലായും നിയമിതനാവുകയായിരുന്നു.
1970ല്‍ സമസ്ത പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായും 1976ല്‍ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ഓസ്‌ഫോജന' യുടെ ജന.സെക്രട്ടറിയാണ്. സമസ്ത മുശാവറ അംഗമായി 1986ലും എസ്.വൈ.എസ് ജന. സെക്രട്ടറിയായി 1992ലും തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ സമസ്ത ജോ.സെക്രട്ടറിയുമായി. 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് ആണ്.
ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്ത പ്രതിഭാധനനായ പണ്ഡിതനായിരുന്നു അദ്ദേഹം. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയിൽ ഉന്നത സ്ഥാനം വഹിച്ച അദ്ദേഹം നിരവധി തവണ ഹജ്ജ് സംഘത്തെ നയിച്ചിട്ടുണ്ട്. അറബ് രാഷ്ട്രങ്ങളിലെ പ്രമുഖ നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്തിപ്പോന്നു. ഡൽഹി കേന്ദ്രീകരിച്ച് ദേശീയ തലത്തിൽ മുസ്‌ലിം വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗങ്ങളിലും ഓൾ ഇന്ത്യ മില്ലി കൗൺസിൽ ഉൾപ്പെടെയുള്ള സഭകളിലും അദ്ദേഹം സജീവമായി പങ്കെടുക്കുകയും വ്യക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. തെന്നിന്ത്യയിലെ പ്രമുഖ മതപഠന കേന്ദ്രമായ പട്ടിക്കാട് ജാമിയ നൂരിയ്യ അറബി കോളേജിന്റെ പ്രിൻസിപ്പലായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.