'സമസ്തക്ക് രാഷ്ട്രീയക്കാരുടെ സഹായം വേണം'; ജിഫ്രി മുത്തുക്കോയ തങ്ങൾ
സമസ്ത ഭിന്നിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയല്ല, വിട്ടുവീഴ്ചയ്ക്ക് എല്ലാവരും തയ്യാറാവണമെന്നും ജിഫ്രി തങ്ങള്‍
മലപ്പുറം:സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയക്കാരുടെ സഹായം ആവശ്യമാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.ഭരണം ഉള്ളവരുടെയും ഇല്ലാത്തവരുടെയും സഹായം വേണം. സമസ്ത ഭിന്നിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയല്ല .വിട്ടുവീഴ്ചയ്ക്ക് എല്ലാവരും തയ്യാറാവണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.. മലപ്പുറം കോട്ടക്കലിൽ നടന്ന എസ്കെഎസ്എസ്എഫ് പരിപാടിയിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.
മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഇരിക്കുന്ന വേദിയിൽ വെച്ചാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. സമസ്തക്കകത്ത് ആഭ്യന്തര തർക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐക്യത്തോടെ മുന്നോട്ടു പോകണണമെന്ന ആഹ്വാനവും ജിഫ്രി തങ്ങള്‍ നടത്തി.
അതിനിടെ, സമസ്തയിലെ ഒരു വിഭാഗം മുശാവറ അംഗങ്ങൾ രഹസ്യയോഗം ചേർന്നതായി പരാതി ഉയര്‍ന്നു. ഉമർ ഫൈസിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച മുശാവറക്ക് മുന്നോടിയായാണ് രഹസ്യ യോഗം ചേർന്നത്. യോഗത്തിൽ 12 മുശാവറ അംഗങ്ങൾ പങ്കെടുത്തു. സംഭവത്തില്‍ നടപടി വേണമെന്നാണ് ആവശ്യം.
ഈ മാസം ആറാം തീയതിയാണ് കോഴിക്കോട് അവസാനമായി മുശാവറ ചേർന്നത്. ഇതിന് മുന്നോടിയായി കോഴിക്കോട്ടെ സ്വകാര്യ സ്ഥലത്ത് യോഗം ചേരുകയും മുശാറയിലെ മുസ്‍ലിം ലീഗ് അനുകൂല നേതാക്കൾക്കെതിരെ സ്വീകരിക്കേണ്ട സമീപനങ്ങളടക്കം തീരുമാനിച്ചെന്നും പരാതിയിലുണ്ട്.ഔദ്യോഗികമായി ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും ലീഗ് അനുകൂല നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.