കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ; കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി
ശസ്ത്രക്രിയയ്ക്ക് യുവതിക്ക് മൂന്നുലക്ഷം രൂപ ചെലവായെന്ന് റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ ഒൻപത് വിരൽ നഷ്ടമായ കേസിൽ തിരുവനന്തപുരത്തെ കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി. യുവതി ഗുരുതരാവസ്ഥയിൽ ആയതിന് കാരണം ശസ്ത്രക്രിയ പിഴവ് എന്ന് പറയാനാകില്ലെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്ക് യുവതിക്ക് മൂന്നുലക്ഷം രൂപ ചെലവായെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. വിദഗ്ധസമിതി റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.
അതേസമയം കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായ കേസിൽ ഡോക്ടർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോര്‍ട്ട്. പല്ല് - ത്വക്ക് രോഗ ചികിത്സകൾക്ക് മാത്രമാണ് കോസ്മെറ്റിക് ആശുപത്രിക്ക് അനുമതിയുള്ളത്.അനുമതിയില്ലാതെ മറ്റു ചികിത്സകളും ആശുപത്രിയിൽ നടക്കാറുണ്ടെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.