Writer - Athique Haneef
Web Journalist at MediaOne
കൊച്ചി: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരില്ലെന്നുള്ളതിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി അബദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. സ്പോൺസർ പിന്മാറിയതിനെ തുടർന്ന് മെസ്സിയും കൂട്ടരും കേരളത്തിലേക്ക് വരില്ലെന്ന വർത്തകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം. ലോകചാമ്പ്യന്മാരായ അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ അർജന്റനീയൻ ടീമിൻ്റെ പിന്മാറ്റം സംബന്ധിച്ച കാര്യങ്ങളിൽ സ്പോൺസരുടെ വിശദീകരണം കായിക വകുപ്പ് തേടിയിരുന്നു. മെസ്സിയുടേയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്തിലാക്കിയത് സ്പോൺസർമാരാണെന്നാണ് കായിക വകുപ്പിന്റെ നിഗമനം. ജനുവരിയിൽ പണം നൽകാം എന്നായിരുന്നു സ്പോൺസറുടെ വാഗ്ദാനം. എന്നാൽ നിശ്ചിത സമയത്തും സ്പോൺസർ തുക നൽകിയില്ലെന്ന് കായിക വകുപ്പ് വ്യക്തമാക്കി. 300 കോടിയിലധികം രൂപയാണ് മെസ്സിയുടേയും സംഘത്തിൻ്റെയും വരവിന് സർക്കാർ കണക്കാക്കിയ ചെലവ്. റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്പോൺസർ.
'റിപ്പോർട്ടർ ചാനലാണ് പണം മുടക്കേണ്ടത്. അവർ പണമടക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ അനുസരിച്ച് അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് പറയാവാനില്ല. എന്നാൽ അതിന് ഭാരിച്ച ചെലവുകളുണ്ട്. സംസ്ഥാന കായിക വകുപ്പിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ല ചെലവുകൾ. കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആഗ്രഹം മാനിച്ച് സ്‌പോൺസർമാർ അത് ചെയ്യുമെന്ന് തന്നെയെന്ന് ഞാൻ കരുതുന്നത്.' മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറിൽ മെസ്സിയും സംഘവും ചൈനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബറിൽ അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചത്. മത്സരം നടത്താനായി പ്രത്യേക സ്റ്റേഡിയം പണിയുമെന്നും അറിയിച്ചിരുന്നു.