ബാർ അസോസിയേഷൻ എനിക്കെതിരെയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല; ശ്യാമിലി
ഗ്രൂപ്പിൽ വന്ന മെസ്സേജുകൾക്കുള്ള മറുപടി മാത്രമാണ് നൽകിയതെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണെന്നും ശ്യാമിലി വ്യക്തമാക്കി
തിരുവനന്തപുരം: ബാർ അസോസിയേഷൻ തനിക്കെതിരെയാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് തിരുവനന്തപുരം വഞ്ചിയൂരിൽ അഭിഭാഷകന്റെ മർദനത്തിനിരയായ ശ്യാമിലി പറഞ്ഞു. നേരത്തെ ശ്യാമിലിയുടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശം പുറത്ത് വന്നിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു ശ്യാമിലി.
ഗ്രൂപ്പിൽ വന്ന മെസ്സേജുകൾക്കുള്ള മറുപടി മാത്രമാണ് നൽകിയതെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞുപോയതാണെന്നും ശ്യാമിലി വ്യക്തമാക്കി.അഭിഭാഷക സുഹൃത്തുക്കൾ ആരും കൂടെ നിൽക്കുന്നില്ല എന്നല്ല താൻ പറഞ്ഞതിനർഥം. പുറത്തുവന്ന ഓഡിയോ തികച്ചും സ്വകാര്യമായി അയച്ചതാണെന്നും അത് ആരാണ് പുറത്തുവിട്ടതെന്ന കാര്യത്തിൽ അറിവില്ലായെന്നും ശ്യാമിലി പ്രതികരിച്ചു.
'ആരും ഒറ്റപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു ഇരയ്ക്ക് കേട്ടുനിൽക്കാൻ പറ്റാത്ത വാക്കുകളാണ് ഗ്രൂപ്പിൽ വന്നത്. ആരുടെയും പേര് ഞാൻ എടുത്തു പറയുന്നില്ല. സ്ത്രീ ആയിട്ടുള്ള സീനിയർ അഭിഭാഷകയുടെ ഭാഗത്തുനിന്ന് പോലും മോശമായ പരാമർശം ഉണ്ടായി' എന്നും ശ്യാമിലി പറഞ്ഞു. പുറത്ത് പറയാൻ പറ്റാത്ത തരത്തിലുള്ള പരാമർശമാണ് ഉണ്ടായതെന്ന് പറഞ്ഞ ശ്യാമിലി ബാർ അസോസിയേഷനിൽ പോയി തീർക്കേണ്ട കാര്യമായിരുന്നു എന്ന് സീനിയർ അഭിഭാഷക പറഞ്ഞതായും ആരോപിച്ചു.
ബാർ അസോസിയേഷൻ സെക്രട്ടറി പോലീസിനോട് അകത്ത് കയറണ്ട എന്നു പറഞ്ഞതായി താൻ പറഞ്ഞിട്ടില്ല.അറസ്റ്റ് ചെയ്തപ്പോൾ തന്നെ നീതി കിട്ടിയെന്നും വഞ്ചിയൂർ കോടതിയിൽ തന്നെ പ്രാക്ടീസ് ചെയ്യുമെന്നും ശ്യാമിലി കൂട്ടിച്ചേർത്തു. ശ്യാമിലിയെ മർദിച്ച കേസിൽ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് റിമാൻഡിലാണ്.