പഹൽഗാം ഭീകരാക്രമണം: രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ ആർഎസ്എസ് നേതാവ് ജെ. നന്ദകുമാറിനെതിരെ കേസെടുക്കണം - രാജു പി നായർ

കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ള പ്രദേശത്താണ് ആക്രമണം നടന്നിട്ടുള്ളത്. അതിന്റെ ഉത്തരവാദിത്തം പൂർണമായി അമിത് ഷാ എന്ന ആഭ്യന്തര മന്ത്രിക്കാണ്. അമിത് ഷായുടേത് പാകിസ്താൻ തീവ്രവാദികൾക്ക് ആക്‌സസ് ഉള്ള സംവിധാനമാണോ എന്ന് നന്ദകുമാർ വ്യക്തമാക്കണമെന്ന് രാജു പി നായർ പറഞ്ഞു.

Update: 2025-05-17 10:40 GMT
Advertising

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ ആർഎസ്എസ് നേതാവ് ജെ. നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രാജു പി നായർ. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ നടന്ന ആക്രമണമാണ് പഹൽഗാമിൽ നടന്നത്. രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സർക്കാരിനെ പോലും വിമർശിക്കാതെ പൂർണ പിന്തുണ കൊടുക്കുമ്പോൾ, ആർഎസ്എസ് നേതാവ് ജെ. നന്ദകുമാർ നടത്തിയ രാജ്യവിരുദ്ധ പ്രസ്താവന അപലപനീയമാണ്. കശ്മീർ തെരഞ്ഞെടുപ്പ് നടത്താൻ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയാണ് കശ്മീരിൽ തീവ്രവാദികൾക്ക് ആക്‌സസ് ഉള്ള ഒരു സർക്കാർ വരാനിടയാക്കിയത് എന്നാണ് പഹൽഗാമിലെ ആക്രമണത്തിന് ഉത്തരവാദിത്തം സുപ്രിംകോടതിക്ക് മേൽ ആരോപിച്ച് നന്ദകുമാർ നടത്തിയ പ്രസ്താവന.

ഈ പ്രസ്താവന പലതരത്തിൽ കുറ്റകരമാണ്. ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തീവ്രവാദികൾക്ക് ആക്‌സസുള്ള സർക്കാർ എന്ന് പറയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉള്ള പ്രദേശത്താണ് ആക്രമണം നടന്നിട്ടുള്ളത്. അതിന്റെ ഉത്തരവാദിത്തം പൂർണമായി അമിത് ഷാ എന്ന ആഭ്യന്തര മന്ത്രിക്കാണ്. അമിത് ഷായുടേത് പാകിസ്താൻ തീവ്രവാദികൾക്ക് ആക്‌സസ് ഉള്ള സംവിധാനമാണോ എന്ന് നന്ദകുമാർ വ്യക്തമാക്കണം.

തീവ്രവാദികൾക്ക് ഏതെങ്കിലും സർക്കാരായി ആക്‌സസ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് മോദിയുടെ സർക്കാരിലാണ്. ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്ത കോടതി ശിക്ഷിച്ച മായ കൊട്‌നാനി വിചാരണ നേരിടുമ്പോൾ മോദിയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു. ഇപ്പോൾ എൻഐഎ. തൂക്കകയർ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള പ്രഗ്യ സിങ് ഠാക്കൂർ മലേഗാവ് സ്‌ഫോടനക്കേസിൽ വിചാരണ നേരിടുമ്പോഴാണ് ബിജെപിയുടെ ടിക്കറ്റിൽ ഭോപ്പാലിൽ നിന്ന് മത്സരിച്ച് ജയിച്ചത്. സൈന്യത്തിന് ആയുധങ്ങൾ മേടിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ നാല് വർഷം ശിക്ഷിക്കപ്പെട്ടത് ബിജെപിയുടെ അഖിലേന്ത്യാ പസിഡന്റ് ആണ്. ഇതൊന്നും ചോദ്യം ചെയ്യാൻ കഴിയാത്ത സംഘപരിവാർ ഇന്ന് മോദി വിലാസം സംഘടനയായി മാറിയിരിക്കുന്നു. ഈ സർക്കാരിന്റെ കഴിവുകേടിനെ ന്യായീകരിക്കാൻ സുപ്രിംകോടതിയെ ആക്ഷേപിക്കുകയാണ് നന്ദകുമാർ.

ഇയാൾക്കെതിരെ കോൺഗ്രസ് നേതാവ് വി.ആർ അനൂപ് നൽകിയ പരാതിയിൽ എന്തുകൊണ്ടാണ് പിണറായി വിജയന്റെ പൊലീസ് കേസ് എടുക്കാത്തത്? അഖിൽ മാരാറിനെതിരെ ബിജെപി. നൽകിയ പരാതിയിൽ മണിക്കൂറുകൾക്കുള്ളിൽ കേസ് എടുത്ത പൊലീസ്, നന്ദകുമാർ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല. പിണറായി വിജയൻ ഒരുക്കുന്ന ഇക്കോസിസ്റ്റത്തിന്റെ പിൻബലത്തിലാണ് ബിജെപി കേരളത്തിൽ പ്രവർത്തിക്കുന്നത്. അവരുടെ അജണ്ട നടപ്പാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും രാജു പി നായർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News