''അനാവശ്യങ്ങൾ പറയുമ്പോൾ പ്രതികരിക്കാത്തത് ഭാഷ അറിയാത്തതുകൊണ്ടല്ല'': ജി.സുധാകരനെ ലക്ഷ്യംവെച്ച് എച്ച് സലാം എംഎല്‍എ
കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ കൊണ്ടാലറിയുമതിനില്ല സംശയം എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ ഉദ്ധരിച്ചായിരുന്നു എച്ച് സലാമിന്റ ഫേസ്ബുക്ക് പോസ്റ്റ്.
കൊച്ചി: നിയമ നടപടിക്ക് പിന്നാലെ ജി സുധകരനെ ലക്ഷ്യം വെച്ച് എച്ച് സലാം എംഎല്‍എ. കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ കൊണ്ടാലറിയുമതിനില്ല സംശയം എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ ഉദ്ധരിച്ചായിരുന്നു എച്ച് സലാമിന്റ ഫേസ്ബുക്ക് പോസ്റ്റ്.
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക നിര്‍മാണം സംബന്ധിച്ച ജി.സുധാകരന്റെ വിമര്‍ശനത്തിനാണ് മറുപടി. അനാവശ്യം പറയുമ്പോള്‍ പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തത് കൊണ്ടല്ല. അവശേഷിക്കുന്ന ബഹുമാനം ഇനിയും കളഞ്ഞുകുളിക്കരുതെന്നും പോസ്റ്റില്‍ പറയുന്നു.
സ്മാരക നിര്‍മാണം സംബന്ധച്ച് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമ്മിച്ച് യുദ്ധക്കളമാക്കിയെന്നും ശരിയായ തരത്തിലല്ല നിർമ്മാണം നടന്നത് എന്നുമുള്ള ചില പ്രസ്താവനകൾ സർക്കാരിനെയും നേതൃത്വം നൽകിയ കുഞ്ചൻനമ്പ്യാർ സ്മാരക സമിതിയെയും ജനപ്രതിനിധികളെയും അപമാനിക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്ന് സലാം പറയുന്നു.
അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന സുധാകരന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. 1989ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്. പിന്നാലെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു.