കോഴിക്കോട്: ലോക ഫുട്ബോൾ കിരീടത്തിനായി കാത്തിരുന്ന അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് ചാമ്പ്യന്മാരായപ്പോൾ, കളിക്കളത്തിൽ ഏറ്റവും നിർണായകമായത് സ്പാനിഷ് സൂപ്പർതാരം ഫെറാൻ ടോറസ് നേടിയ വിജയഗോളായിരുന്നു. ലോകകപ്പ് ഫൈനലിന്റെ വിധി നിർണയിച്ച ഈ തരാധീനനായ സ്പാനിഷ് താരത്തോട് അടുപ്പമുള്ള ഒരു കോഴിക്കോട്ടുകാരനുണ്ട്; സി.കെ.പി. ഷാനവാസ്. ലോകകപ്പ് വേദികളിലെ ഫിഫയുടെ ലോജിസ്റ്റിക്സ് മാനേജറും സ്പോർട്സ് കോർഡിനേറ്ററുമായി പ്രവർത്തിച്ച ഷാനവാസ്, തന്റെ പ്രിയ സുഹൃത്തിന്റെ ചരിത്രനേട്ടത്തിന്റെ സന്തോഷം പങ്കുവെക്കുന്നു.
ഇന്ത്യ വേദിയായ 2017 ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്കിടയിലാണ് ഫെറാൻ ടോറസുമായി ഷാനവാസ് സൗഹൃദത്തിലാകുന്നത്. അന്ന് കൊൽക്കത്തയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടും സ്പെയിനുമാണ് ഏറ്റുമുട്ടിയത്. ആ ചാമ്പ്യൻഷിപ്പിൽ സ്പെയിൻ ടീമിന്റെ ലോജിസ്റ്റിക്സ് ചുമതലകളും മറ്റു പ്രധാന കാര്യങ്ങളും കൈകാര്യം ചെയ്തത് ഷാനവാസ് ആയിരുന്നു.
അന്ന് യുവതാരമായിരുന്ന ടോറസ് സ്പാനിഷ് ടീമിലെ ശ്രദ്ധേയനായ മുന്നേറ്റക്കാരനായിരുന്നു. 2017 ഒക്ടോബറിൽ കൊൽക്കത്തയിൽ വെച്ച് ടോറസിനൊപ്പം എടുത്ത ചിത്രം ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമകളിൽ ഒന്നായി മാറിയെന്ന് ഷാനവാസ് അഭിമാനത്തോടെ ഓർക്കുന്നു. ഒരു ലോകകപ്പിന്റെ വിധി നിർണയിച്ച ഗോൾ നേടിയ താരത്തോടൊപ്പമുള്ള പഴയകാല ചിത്രത്തിന് ഇന്ന് തിളക്കമേറെയാണ്.
റഷ്യ, ബ്രസീൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ലോകകപ്പ് ഫൈനലുകളിലുൾപ്പെടെ ഫിഫയുടെ ഭാഗമായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് സി.കെ.പി. ഷാനവാസ്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധിയായും ഗ്ലോബൽ സ്പോൺസർഷിപ്പ് കോർഡിനേറ്ററായും ദീർഘകാലമായി കായികരംഗത്ത് സജീവമാണ് അദ്ദേഹം.
അന്ന് തങ്ങൾ മികച്ച പരിചരണവും സൗകര്യങ്ങളും നൽകി കൂടെനിർത്തിയ ഒരു യുവതാരം ഇന്ന് ലോകകപ്പ് ഫൈനലിൽ വിജയഗോൾ നേടി ചരിത്രം സൃഷ്ടിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. കളിയിലെ നിർണായക സമയത്ത് ലക്ഷ്യം കണ്ട ടോറസിന്റെ മികവ് സ്പാനിഷ് ഫുട്ബോളിന്റെ ഭാവി വാഗ്ദാനമാണെന്നും ഷാനവാസ് കൂട്ടിച്ചേർക്കുന്നു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് സ്പെയിൻ പുറത്തെടുത്തതെന്ന് ഷാനവാസ് ചൂണ്ടിക്കാണിക്കുന്നു. ഫൈനലിൽ അർജന്റീനയ്ക്ക് ഒരു അവസരം പോലും നൽകാതെ 800ലധികം പാസിങ് ടച്ചുകളോടെയാണ് സ്പെയിൻ കളം നിറഞ്ഞു കളിച്ചത്. ഈ ചാമ്പ്യൻഷിപ്പിൽ സ്പാനിഷ് ഗോൾകീപ്പറുടെ പ്രകടനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കളിച്ച എട്ടു മത്സരങ്ങളിൽ ബെൽജിയത്തിനെതിരെ വഴങ്ങിയ ഒരൊറ്റ ഗോൾ ഒഴിച്ചുനിർത്തിയാൽ, മറ്റെല്ലാ മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നിലനിർത്താൻ സ്പാനിഷ് പ്രതിരോധത്തിന് സാധിച്ചു.
ലോകകപ്പിന് മുന്നോടിയായി ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ വമ്പൻ ടീമുകൾക്കാണ് ഫുട്ബോൾ ലോകം കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ യുവതാരങ്ങൾ നിറഞ്ഞ സ്പാനിഷ് പട പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ കരുത്തരായ ടീമുകളെ വീഴ്ത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. ഓരോ മത്സരത്തിലും തങ്ങളുടെ കളിമികവ് ഉയർത്തിക്കൊണ്ടുവന്ന സ്പെയിൻ എല്ലാ അർത്ഥത്തിലും ലോകകിരീടത്തിന് അർഹരാണെന്ന് ഷാനവാസ് പറയുന്നു.
Full View