'ഓടണ നേരത്ത്, ഒരു മനുഷ്യൻ മേലാകെ പൊള്ളി, തോലെല്ലാം പോയിട്ട് കിടക്കുന്നതാ കണ്ടേ'; തൃശൂർ വെടിക്കെട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വത്സല

ഇന്നലെ വൈകിട്ട് മൂന്നരക്ക് നടന്ന സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍

Update: 2026-04-22 12:12 GMT

തൃശൂര്‍: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിര്‍മാണശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ നടുക്കത്തിനിടയിലും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഭീതി പങ്കുവെക്കുകയാണ് തൊഴിലാളികള്‍. വലിയൊരു ശബ്ദം കേട്ടതിന് പിന്നാലെ പ്രദേശം മുഴുവന്‍ പുകയും പൊടിയും കൊണ്ട് നിറഞ്ഞുവെന്നും, ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വത്സല മീഡിയവണിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരക്ക് നടന്ന സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertising
Advertising

'ഞങ്ങളുടെ അടുത്തെത്തുന്ന കരിമരുന്ന് അരിച്ചെടുക്കുന്ന പണിയിലായിരുന്നു ഞാന്‍. സാധാരണ ദിവസങ്ങളിലേത് പോലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. തൊട്ടുപിന്നാലെ ഓട് കഷ്ണങ്ങള്‍ വീഴാന്‍ തുടങ്ങി. പൊടിയും പുകയും ആയിട്ട് കണ്ണൊന്നും കാണുന്നുണ്ടായിരുന്നില്ല. ആദ്യ പൊട്ടലിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പേ വീണ്ടും പൊട്ടാന്‍ തുടങ്ങി. ഞങ്ങളിരിക്കുന്ന സ്ഥലത്തടക്കം നിറയെ മരുന്നുണ്ടായിരുന്നു. ഒരു തീപ്പൊരി വീണാല്‍ അവിടെ മുഴുവന്‍ കത്തിച്ചാമ്പലാകും. ഉടന്‍ ഇറങ്ങി ഓടുകയായിരുന്നു'. വത്സല പറഞ്ഞു.

'കിഴക്കേഭാഗത്ത് ജോലി ചെയ്തവര്‍ക്കായിരിക്കും കൂടുതല്‍ പരിക്ക് പറ്റിയിട്ടുണ്ടാവുക. അവരെ കുറിച്ചുള്ള വിവരങ്ങളൊന്നും അന്നേരം കിട്ടിയിരുന്നില്ല. ഓടിക്കൊണ്ടിരിക്കുമ്പോള്‍ പരിക്ക് പറ്റിയ ഒരു മനുഷ്യന്‍, മേലാകെ പൊള്ളി, തോലെല്ലാം ഉരിഞ്ഞ് നില്‍ക്കുന്നത് കണ്ടു. എന്നെ രക്ഷിക്കെന്ന് പറഞ്ഞ് അയാള്‍ കരയുന്നത് കണ്ടപ്പോ ഞാനും കൂടെയുണ്ടായിരുന്ന ചേച്ചിയും അങ്ങോട്ട് ചെന്നെങ്കിലും നടക്കാന്‍ പോലും അങ്ങേര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. പിന്നീട് മറ്റെല്ലാരാമോ വന്ന് അയാളെ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു'. വത്സല കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ 10 പേര്‍ മരിച്ചതായാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പരിക്കേറ്റവരുടെയും തൊഴിലാളികളുടെ വിവരങ്ങളും ക്രോഡീകരിച്ചതിന് ശേഷം മാത്രമാണ് മരണസംഖ്യ സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ പ്രതികരിച്ചു. അപകടത്തെ സവിശേഷ ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കുടുംബങ്ങള്‍ക്കുള്ള ധനസഹായവും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. സിഎംഡിആര്‍എഫില്‍ നിന്ന് 10 ലക്ഷം എസ്ഡിആര്‍എഫില്‍ നിന്നും നാല് ലക്ഷം രൂപയും നല്‍കും. പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ അടിയന്തര ധനസഹായമായി അനുവദിക്കും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News