ഷീജയെ കാണാതായത് രണ്ടുദിവസം മുമ്പ്; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് സുഹൃത്തിന്റെ വീടിന് സമീപം, ദുരൂഹതയെന്ന് കുടുംബം
ഷീജയുടെ സുഹൃത്ത് സജിയെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പറന്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കരുമം സ്വദേശി ഷീജയാണ് മരിച്ചത്.ബന്ധു സുരേഷ് ആണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഷീജയുടെ സുഹൃത്ത് സജിയെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു.
സജിയോടൊപ്പമായിരുന്നു ഷീജ താമസിച്ചിരുന്നത്.ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും ഈ ബന്ധത്തില്‍ ബന്ധുക്കൾക്കെതിർപ്പുണ്ടായിരുന്നു.ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മുന്‍പും ഷീജയെ സജി ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുവായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.സജി ക്രിമിനൽ പശ്ചാത്തലമുള്ള ആളെന്നും ബന്ധു ആരോപിച്ചു.
വീടിന് സമീപത്തുനിന്നാണ് സജിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.