കോഴിക്കോട്: ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്‍റെ പരാതിയിലെടുത്ത കേസ് നിയമപരമായി നേരിടുമെന്ന് വിസ്ഡം നേതാവ് ഡോ.അബ്ദുല്ല ബാസിൽ മീഡിയവണിനോട്. തന്‍റെ വീഡിയോക്ക് താഴെ ആരെങ്കിലും കമന്‍റ് ഇട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയാണ് കേസെടുക്കേണ്ടത്. അവതാരക മാപ്പ് പറഞ്ഞതിൽ പോലും വംശീയ അധിക്ഷേപമുണ്ട് . ന്യൂസ് റൂമുകൾ വംശീയതയുടെ കളമാകുന്നത് തിരിച്ചറിയണമെന്നും ആഭ്യന്തര വകുപ്പിന്‍റെ നടപടി ശരിയല്ലെന്നത് സമൂഹം തിരിച്ചറിയുമെന്നും അബ്ദുല്ല ബാസിൽ കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് 31നാണ് കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നത്. പക്ഷേ, ആ ഒരു ചർച്ചയിലേക്ക് നമ്മളെ അവതാരക ക്ഷണിക്കുമ്പോൾ തന്നെ പാനലിസ്റ്റുകൾ ആരാണ് എന്ന് നമ്മൾ അന്വേഷിച്ചു. ചർച്ചയുടെ ഒരു ഒരു മണിക്കൂർ മുമ്പാണ് പാനലിസ്റ്റുകളിൽ വളരെയധികം സാമൂഹ്യവിരുദ്ധമായി പ്രസ്താവനകൾ നടത്തുന്ന, സംസാരിക്കുന്ന ആരിഫ് ഹുസൈൻ എന്ന് പറയുന്ന ഒരു സാമൂഹ്യദ്രോഹി എന്ന് വേണമെങ്കിൽ തന്നെ പറയാം, അത്തരത്തിൽ ഒരാൾ ഉണ്ട് എന്ന് നമ്മൾ അറിയുന്നത്. നമ്മെ അറിയിക്കാതെയാണ് അത്തരത്തിൽ ഒരു കാര്യം ചെയ്യുന്നത്. അതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടാണ് ഈ ഒരു ചർച്ചയുമായി ബന്ധപ്പെട്ടിട്ടുള്ള പരിസരം ഒരുങ്ങുന്നത്.
അവിടെ നമ്മൾ കൃത്യമായി പറഞ്ഞു, ലോകത്ത് ഒരുപാട് യുക്തിവാദികളും അല്ലെങ്കിൽ മതവിരുദ്ധരായ ആളുകളും അടക്കമുണ്ട്. നിങ്ങൾ ആരെ വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ തീർത്തും സഭ്യമല്ലാത്ത രൂപത്തിൽ സംസാരിക്കുന്ന ഇത്തരം ഒരാളെ, അതേപോലെതന്നെ എന്റെ ഉമ്മയെ പേഴ്സണലി തന്നെ ലൈംഗികമായി അധിക്ഷേപിച്ചിട്ടുള്ള ഇത്തരം ഒരു വ്യക്തിയുടെ കൂടെ ചർച്ച ചെയ്യാൻ എനിക്ക് താല്പര്യമില്ല, ഞാൻ ബാക്ക് ഓഫ് ചെയ്യുകയാണ് എന്നാണ് പറഞ്ഞത്.
അവർ ഒരുപാട് ശ്രമിച്ചു ഈ സാമൂഹ്യദ്രോഹിയെ ചർച്ചയിൽ ഉൾപ്പെടുത്താൻ വേണ്ടി. ഞാൻ തീർത്തു പറഞ്ഞു, അത്തരം ഒരു ചർച്ചയ്ക്ക് ഞാൻ ഇല്ല എന്ന്. അവസാനം അവർക്ക് അത് ഒഴിവാക്കേണ്ടി വരുന്ന ഒരു സാഹചര്യമാണ് ഉണ്ടായത്. പക്ഷേ പിന്നീട് നമ്മൾ കാണുന്നത് ചർച്ചയിലുടനീളം ഈ സാമൂഹ്യദ്രോഹി എന്താണോ പറയേണ്ടത് അതേ കാര്യം ഈ അവതാരകയുടെ നാവിൽ നിന്ന് കേൾക്കുന്ന വളരെയധികം വിചിത്രമായ ഒരു അനുഭവമായിരുന്നു.
തുടക്കം മുതൽ, ഇൻട്രോ മുതൽ തന്നെ വംശീയമായ അധിക്ഷേപങ്ങൾ! ഏത് വിവാദത്തെയും നമുക്ക് എതിർത്തും അനുകൂലിച്ചുമൊക്കെ സംസാരിക്കാം. പക്ഷേ വംശീയമായി ഒരു സമുദായത്തെ കടന്നാക്രമിച്ചുകൊണ്ട് വർഗീയമായ പരാമർശങ്ങൾ നിരന്തരം ഉണ്ടാകുന്നതാണ് കണ്ടത്. ആ ചർച്ചയിൽ വെച്ച് തന്നെ എനിക്കുള്ള അവസരത്തിൽ ഞാൻ അത് സൂചിപ്പിക്കുകയും മാപ്പ് പറയണമെന്നടക്കം ചോദിക്കുകയും ചെയ്തു. മുസ്ലിം സ്ത്രീകൾ ബസ് സ്റ്റാൻഡിൽ നിൽക്കുന്നതിനെ "ഹറാം പറപ്പ്" എന്ന പ്രയോഗം പോലും അതിൽ ഉണ്ടായി എന്നുള്ളതാണ് അതിന്റെ ഗൗരവം. അതടക്കം ചൂണ്ടിക്കാണിച്ചിട്ട് പോലും അവർ മാപ്പ് പറയുകയോ തിരുത്തുകയോ ഒന്നും ചെയ്തില്ല.
മാത്രമല്ല, വീണ്ടും വീണ്ടും അത് ആവർത്തിക്കുന്നതാണ് നമ്മൾ കാണുന്നത്. അപ്പോൾ സമയം കിട്ടുന്നില്ല, ചർച്ച അവസാനിപ്പിക്കുന്നു. അവിടെ ഈ ഒരു വംശീയത ഏതെങ്കിലും വ്യക്തിയെ ചൂണ്ടിക്കാണിക്കുക എന്നുള്ളതിനപ്പുറത്ത്, ന്യൂസ് റൂമുകൾ എങ്ങനെയാണ് വംശീയതയ്ക്കുള്ള കളമാകുന്നത് എന്നുള്ളത് പൊതുജനത്തോട് പറയണം എന്നുള്ളത് ഒരു ബാധ്യതയായി ഞാൻ ഏറ്റെടുത്തു. അന്ന് രാത്രി തന്നെ ഈ ചർച്ചയിൽ സംഭവിച്ച കാര്യങ്ങൾ, അതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് തന്നെ എന്റെ ഫേസ്ബുക്കിൽ ഒരു വീഡിയോ ആയി പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
പിന്നീട് ഒരുപാട് ആളുകൾ അത് ഏറ്റെടുക്കുന്നു. ജാതിമത ഭേദമന്യേ ആളുകൾ അതിനെതിരെ പ്രതികരിക്കുന്നതാണ് നമ്മൾ കാണുന്നത്. അതിൽ ആ ഒരു വീഡിയോയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇപ്പോൾ കലാപ ആഹ്വാനത്തിനടക്കം കേസ് വന്നിട്ടുള്ളത്. എനിക്ക് വളരെ ധൈര്യത്തോടുകൂടി പറയാൻ സാധിക്കും, ആ 12 മിനിറ്റ് വീഡിയോ ഇപ്പോഴും എന്റെ പ്രൊഫൈലിൽ ലഭ്യമാണ്. ആർക്ക് വേണമെങ്കിലും അത് പരിശോധിച്ചു നോക്കാം. കലാപ ആഹ്വാനമല്ല, ഒരു വ്യക്തി അധിക്ഷേപമെങ്കിലും അതിൽ കാണാൻ സാധ്യമല്ല. അത്ര കൃത്യമായി വിഷയം മാത്രം പറഞ്ഞുകൊണ്ട്, വംശീയതയ്ക്കെതിരെ മാത്രമായി സംസാരിച്ച ഒരു വീഡിയോയുടെ പേരിലാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.