ഡാൻസ് സ്കൂളിൻ്റെ മറവിൽ പീഡനം; പോക്സോ കേസിൽ നൃത്താധ്യാപകൻ അറസ്റ്റിൽ
അറവുകാടിൽ ചിദംബരം ഡാൻസ് സ്‌കൂൾ നടത്തിവരികയായിരുന്നു പ്രതിയായ അനന്തൻ
Update: 2026-09-07 16:49 GMT
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ നൃത്താധ്യാപകൻ അറസ്റ്റിലായി. ആലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അനന്തൻ എസ്.എമ്മാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
അറവുകാടിൽ ചിദംബരം ഡാൻസ് സ്‌കൂൾ നടത്തിവരികയായിരുന്നു പ്രതിയായ അനന്തൻ. ഇവിടെ പഠിച്ചിരുന്ന ചില വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ പ്രതിയായതിന് പിന്നാലെ അനന്തൻ ഒളിവിൽ പോയി.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമീപ ജില്ലകളിലും അനന്തനെതിരെ സമാന പരാതികൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.